വിദ്യാർഥിനിയുടെ പരാതി പരിഹരിക്കണമെന്ന് കോടതി; സമിതിയിൽ നിന്ന് ഡീനിനെ പുറത്താക്കി വാഴ്സിറ്റി
text_fieldsകാസർകോട്: കേന്ദ്ര വാഴ്സിറ്റിയിൽ വിദ്യാർഥിനിയുടെ റാങ്ക് തടയാൻ മാർക്കു കുറച്ച് പക തീർത്തുവെന്ന പരാതിയിൽ ആഭ്യന്തര പരാതിപരിഹാര സമിതിയിൽനിന്ന് ഡീനിനെ നീക്കി പുതിയ കമ്മിറ്റിക്ക് രൂപംനൽകി. ഇംഗ്ലീഷും താരതമ്യ പഠനവും വിഭാഗത്തിൽ പഠിച്ചിറങ്ങിയ കോഴിക്കോട് സ്വദേശി നയൻതാര തിലക് എന്ന വിദ്യാർഥിനി ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തന്റെ മാർക്ക് വെട്ടിക്കുറച്ച് റാങ്ക് ലഭിക്കുന്നത് തടഞ്ഞ വകുപ്പ് ഡീൻ ഡോ. ജോസഫ് കോയിപ്പള്ളി, മേധാവി ഡോ. എസ്. ആശ എന്നിവർക്ക് എതിരെയായിരുന്നു ഹരജി. താൻ പരാതിയായി സമർപ്പിച്ച ആഭ്യന്തര പരാതിപരിഹാര സെല്ലിൽ ഡീൻ കോയിപ്പള്ളി അംഗമായിരുന്നുവെന്നും ഇത് നീതി ലഭിക്കുന്നതിന് തടസ്സമായി എന്നുമാണ് നയൻതാര സമർപ്പിച്ച ഹരജിയിലെ പ്രധാന ആരോപണം. തുടർന്ന് ഇയാളെ നീക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ, സർവകലാശാലയുടെ അഭിഭാഷകൻ കോടതിയോട് കൂടുതൽ സമയം ചോദിച്ചു. പിന്നാലെയാണ് രണ്ടാഴ്ചക്കുള്ളിൽ ആഭ്യന്തര കമ്മിറ്റി വിളിച്ചുചേർത്ത് എതിർ കക്ഷിയായ ഡീൻ ജോസഫ് കോയിപ്പള്ളി, മേധാവി എസ്. ആശ, വിദ്യാർഥിനി നയൻതാര എന്നിവരെ വിളിച്ച് പരാതി പരിശോധിക്കണമെന്ന് കോടതി കർശന നിർദേശം നൽകിയത്.
അധ്യാപകർ തമ്മിലുള്ള ചേരിപ്പോരിന് ബലിയാടായി എന്ന് കരുതുന്ന വിദ്യാർഥിനിക്ക് അമേരിക്കയിൽ ലഭിച്ച പ്രോഗ്രാമിൽ പങ്കെടുക്കുന്നത് ഡീനും വകുപ്പു മേധാവിയും തടഞ്ഞു. ഇത് മറികടന്ന് വൈസ് ചാൻസലർ അനുമതി നൽകിയതിലുള്ള വിരോധം തീർക്കാൻ ഇന്റേണൽ മാർക്ക് വെട്ടിക്കുറച്ചു. റാങ്ക് പ്രതീക്ഷിച്ച വിദ്യാർഥിനിയുടെ മാർക്ക് കുത്തനെ കുറക്കുകയും ക്ലാസിൽ വരാത്ത കുട്ടിക്ക് മാർക്ക് ദാനംചെയ്ത് പരാതിക്കാരിയെ പിന്നിലാക്കുകയും ചെയ്തുവെന്നുമാണ് പരാതി.
ഇതിനെതിരെ നയൻതാര നൽകിയ ഹരജിയെ തുടർന്ന് ഇംഗ്ലീഷും താരതമ്യപഠനവും വിഭാഗത്തിലെ റാങ്ക് പ്രഖ്യാപനം കോടതി തടഞ്ഞു. വിദ്യാർഥിനിയുടെ പരാതി രണ്ടാഴ്ചക്കുള്ളിൽ പരിഹരിക്കണമെന്നും കോടതി നിർദേശിച്ചു.