തദ്ദേശസ്ഥാപന വാര്‍ഡ് സംവരണം; നറുക്കെടുപ്പ് തീയതി വിജ്ഞാപനമായി
text_fieldsപ്രതീകാത്മക ചിത്രം
കാസർകോട്: കൗണ്‍സിലുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിയോജക മണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും സംവരണക്രമം നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതിന് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തിയും തീയതി, സമയം, സ്ഥലം എന്നിവ നിശ്ചയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് വിജ്ഞാപനം പുറപ്പെടുവിച്ചു.
സ്ത്രീ, പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകളുടെ എണ്ണം, സ്ഥാനങ്ങള്‍ ആവര്‍ത്തനക്രമമനുസരിച്ച് ഏത് നിയോജക മണ്ഡലത്തിൽ വാര്‍ഡുകള്‍ക്കാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കുന്നതിനാണ് നറുക്കെടുപ്പ് നടത്തുക. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുടെ സംവരണം നിശ്ചയിക്കുന്നതിന് അതത് ജില്ലകളിലെ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടറെയും മുനിസിപ്പല്‍ കൗണ്‍സിലുകളിൽ തദ്ദേശ സ്വയംഭരണവകുപ്പ് ജില്ല ജോ. ഡയറക്ടര്‍മാരെയും മുനിസിപ്പല്‍ കോര്‍പറേഷനുകളിൽ തദ്ദേശ സ്വയം ഭരണവകുപ്പ് അര്‍ബന്‍ ഡയറക്ടറെയുമാണ് അധികാരപ്പെടുത്തിയത്. വിജ്ഞാപനം തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റില്‍ (www.sec.kerala.gov.in) ലഭിക്കും.
941 ഗ്രാമപഞ്ചായത്തുകളിലേക്ക് ഒക്ടോബര്‍ 13 മുതല്‍ 16വരെയാണ് നറുക്കെടുപ്പ്. അതത് ജില്ലകളില്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിക്കുള്ളിൽ ഗ്രാമപഞ്ചായത്ത് നിയോജക മണ്ഡലങ്ങളുടെ സംവരണത്തിനുള്ള നറുക്കെടുപ്പിനാണ് തീയതിയും സമയവും നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. 152 ബ്ലോക്ക് പഞ്ചായത്തുകളിലെ നിയോജക മണ്ഡലങ്ങളുടെ സംവരണം നിശ്ചിയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 18ന് രാവിലെ 10നാണ്. ജില്ല പഞ്ചായത്തിലേക്ക് ഒക്ടോബര്‍ 21ന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നടക്കും.
മുനിസിപ്പല്‍ കൗണ്‍സിൽ, ഗ്രാമപഞ്ചായത്ത് നറുക്കെടുപ്പിനുള്ള സ്ഥലവും സമയക്രമവും
- ഒക്ടോബര്‍ 16ന് രാവിലെ 10ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല ജോ. ഡയറക്ടറുടെ കാര്യാലയത്തില്‍ കാഞ്ഞങ്ങാട് നഗരസഭ, കാസര്‍കോട് നഗരസഭ, നീലേശ്വരം നഗരസഭ.
- ഒക്ടോബര്‍ 13ന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഗ്രാമപഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകള്‍ കാഞ്ഞങ്ങാട്, മഞ്ചേശ്വരം, കാറഡുക്ക.
- ഒക്ടോബര്‍ 14ന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നീലേശ്വരം, പരപ്പ, കാസര്‍കോട്.