നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ കാസർകോട് ലീഗിൽ തർക്കം രൂക്ഷം
text_fieldsകാസർകോട്: മുസ്‍ലിംലീഗ് മത്സരിക്കുന്ന കാസർകോട് നിയോജക മണ്ഡലത്തിൽ സ്ഥാനാർഥി സംബന്ധിച്ച് തർക്കം രൂക്ഷം. ആദ്യമായാണ് ജില്ല ലീഗിൽ സ്ഥാനാർഥി സംബന്ധിച്ച് ഇത്ര രൂക്ഷമായ ചേരിതിരിവ് ഉണ്ടാകുന്നത്. കെ.എം. ഷാജിയെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ നഗരപരിധികളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതും ലീഗ് കേന്ദ്രങ്ങളെ ഞെട്ടിപ്പിച്ചു.
അതിനുപുറമെ പാണക്കാട്ടേക്ക് ചേരിതിരിഞ്ഞുള്ള കൂട്ടയാത്ര വിഭാഗീയതയുടെ ഗൗരവം വർധിപ്പിക്കുന്നു. 40 അംഗ സംഘമാണ് തിങ്കളാഴ്ച സ്ഥാനാർഥിയായി പരിഗണിക്കപ്പെടുന്നവരിൽ ഒരാൾക്കുവേണ്ടി പാണക്കാട് എത്തിയത്. ജില്ല പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിയാണ് മത്സരിക്കാൻ സന്നദ്ധരായവരിൽ ഒന്നാമൻ. ഷാജിയുടെ പേര് സംസ്ഥാന നേതൃത്വം ഉയർത്തിക്കൊണ്ടുവരികയും എൻ.എ. നെല്ലിക്കുന്നിന് ഒരവസരംകൂടി നൽകണമെന്ന വാദം ശക്തമാകുകയും ചെയ്തതോടെ കല്ലട്ര പിൻവാങ്ങി.
എൻ.എ. നെല്ലിക്കുന്നിനെ പിന്തുണക്കാൻ കല്ലട്ര തയാറാകാത്തതാണ് ജില്ലയിലെ നേതാക്കൾക്ക് അവകാശപ്പെട്ട മണ്ഡലം നഷ്ടപ്പെടാൻ കാരണമെന്നത് ലീഗിൽ തർക്കമായി. ഇറക്കുമതി ഒഴിവാക്കാൻ യൂത്ത്‍ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീരിനെ പരിഗണിക്കാമെന്ന വാദവും പൊതുവായി അംഗീകരിക്കാൻ തയാറായില്ല.
കെ.എം. ഷാജിയെ സ്ഥാനാർഥിയാക്കിയാൽ ലീഗിന്റെ ഉറച്ച മണ്ഡലം നീണ്ടകാലത്തേക്ക് ജില്ലക്കാർക്ക് ലഭിക്കില്ല എന്നതും എതിർക്കുന്നവർ പറയുന്നു. ഏറ്റവും ഒടുവിൽ മുനീർ ഹാജി വിഭാഗമാണ് കെ.എം. ഷാജിയുടെ വരവിനെ എതിർക്കുന്നത്. ഷാജിയുടെ പേര് ഇടക്ക് വേങ്ങരയിൽ പറഞ്ഞു കേൾക്കുന്നുവെങ്കിലും ജില്ല ലീഗിൽ തർക്കം തുടരും. മുസ്‍ലിംലീഗിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ലീഗുമായി ബന്ധമുള്ളയാളെ സ്ഥാനാർഥിയാക്കാനാണ് എൽ.ഡി.എഫ് നീക്കം എന്നത് യു.ഡി.എഫ് കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്നുണ്ട്. ലീഗ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകും. പിന്നാലെ കാസർകോട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പേരും ഉയരും.
പോസ്റ്റർ പതിച്ചു
കാസർകോട് മണ്ഡലത്തിൽ കെ.എം. ഷാജിക്കെതിരെ മുസ്ലിം ലീഗ് പ്രവർത്തകരുടെ പേരിൽ പോസ്റ്റർ പതിച്ചു. മണ്ഡലത്തിൽ കെ.എം. ഷാജിയെ സ്ഥാനാർഥിയാക്കരുതെന്നാണ് പോസ്റ്ററുകളിലെ ആവശ്യം. ഇറക്കുമതി സ്ഥാനാർഥി വേണ്ടെന്നും നാട്ടുകാരായവർ മത്സരിച്ചാൽ മതിയെന്നും മുസ്‍ലിംലീഗ് പ്രവർത്തകർ എന്ന പേരിൽ നഗരത്തിൽ പതിച്ച പോസ്റ്ററുകളിൽ വ്യക്തമാക്കുന്നു.


