ഓർമയായത് വിഷ ചികിത്സയുടെ അവസാന വാക്ക്
text_fieldsനീലേശ്വരം: ഡോ. ഹരിദാസ് വെർക്കോട്ടിന്റെ നിര്യാണത്തിലൂടെ അസ്തമിച്ചത് വിഷ ചികിത്സയുടെ അവസാന വാക്ക്. 30,000 ത്തിലധികം ആളുകളെ ചികിത്സിച്ച വിഷചികിത്സ വിദഗ്ധനായിരുന്നു ഡോ. ഹരിദാസ് വെർക്കോട്ട്. ദീർഘകാലം നീലേശ്വരത്ത് ക്ലിനിക് നടത്തിയിരുന്ന ഡോ. ഹരിദാസ് കോഴിക്കോട് മകളുടെ വീട്ടിൽ വെച്ചാണ് മരിച്ചത്.
പാലക്കാട് ജില്ലയിലെ കോങ്ങോട് സ്വദേശിയായ ഡോക്ടർ കഴിഞ്ഞ 50 വർഷത്തിലധികമായി നീലേശ്വരം ചിറപ്പുറത്തായിരുന്നു താമസം. ചിറപ്പുറത്തെ വീടിനോട് ചേർന്നുള്ള ക്ലിനിക്കിൽ പാമ്പ് കടിയേറ്റ് പുതുജീവിതത്തിലേക്കെത്തിയവർ പതിനായിരങ്ങളാണ്. ഇദ്ദേഹത്തിന്റെ രോഗികളിൽ ഭൂരിഭാഗവും പാമ്പു കടിയേറ്റവരായതുകൊണ്ടാണ് ഡോ. ഹരിദാസ് വെർക്കോട്ട് മറ്റ് അലോപ്പതി ഡോക്ടർമാരിൽനിന്ന് വ്യത്യസ്തനാകുന്നത്.
1968 ൽ എം.ബി.ബി.എസ് പഠനശേഷം വയനാട്ടിലെ ഫാത്തിമ മിഷൻ ആശുപത്രിയിലായിരുന്നു തുടക്കം. 1971 നവംബറിൽ പി.എസ്.സി വഴി മടിക്കൈ സർക്കാർ ഗ്രാമീണ ഡിസ്പൻസറിയിൽ ആദ്യ നിയമനം. പിന്നീട് കരിന്തളം സർക്കാർ ആശുപത്രിയിൽ സേവനം ചെയ്തു. തുടർന്ന് 11 വർഷത്തെ സർക്കാർ സർവിസിനോട് വിട ചൊല്ലി നീലേശ്വരം ചിറപ്പുറത്ത് വീടിനോട് ചേർന്ന് സ്വന്തമായി ക്ലിനിക്ക് തുടങ്ങി.
ആദ്യ ദിനം തന്നെ പാമ്പു കടിയേറ്റ് മടിക്കൈ സ്വദേശി എത്തി. പിന്നാലെയും വന്നു വിഷദംശനമേറ്റവർ. അതോടെ പാവപ്പെട്ടവരുടെ ഇടയിൽ വിഷചികിത്സാ വിദഗ്ധനാണെന്ന ഖ്യാതിവന്നു. മടിക്കൈ കരിന്തളം മേഖലയിൽ ഇത്തരം അപകടവുമായി വരുന്നവർ ഏറെയാണെന്ന് മനസ്സിലാക്കിയതോടെ ഡോക്ടർ ഈ മേഖലയിൽ കൂടുതൽ ശ്രദ്ധാലുവായി അത് പാവപ്പെട്ടവർക്ക് ആശ്രയവുമായി. ഒരു എം.ബി.ബി.എസ് ഡോക്ടറെ സംബന്ധിച്ചിടത്തോളം വിഷചികിത്സ ശരിക്കും അത്ഭുതമാണ്.
പാമ്പുകടി ചികിത്സയിൽ കൂടുതൽ പഠനം നടത്തി. വില കൂടിയ പ്രതി വിഷമായ ആന്റി സ്റ്റേക്ക് വെനമാണ് (പോളി വെലന്റ്) പാമ്പ് കടിയേറ്റവരുടെ ചികിത്സക്കായി ഉപയോഗിച്ചത്. മംഗളൂരു ഒമേഗ മെഡിക്കൽ കോളജ് ഡോ. ഹരിദാസ് വെർക്കോട്ടിനന്റെ ചികിത്സ വൈദഗ്ധ്യത്തെ അനുമോദിച്ചിരുന്നു. ഗോവ, കർണാടക, മുംബൈ, അമേരിക്ക, ഗൾഫ് രാജ്യങ്ങളിൽനിന്നു വരെ രോഗികൾ ഹരിദാസിനെ തേടിയെത്തി. ബി.ബി.സി സംഘം അദ്ദേഹത്തെക്കുറിച്ച് ഡോക്യുമെന്ററിയും തയാറാക്കിയിരുന്നു.


