മുക്കുപണ്ടം പണയപ്പെടുത്തിയ കേസ്: വ്യാജ മുദ്ര ഉപകരണം പിടിച്ചെടുത്തു
text_fieldsനീലേശ്വരം: കരിന്തളം സർവിസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ വ്യാജ 916 സീൽ ഉപകരണം അന്വേഷണ സംഘം പിടിച്ചെടുത്തു. നീലേശ്വരം രാജാ റോഡിലെ ദേവനന്ദ ഗോൾഡ് കടയിൽനിന്നാണ് അന്വേഷണം നടത്തുന്ന എസ്.ഐ കെ.വി. രതീശനും സംഘവുമാണ് മുക്കുപണ്ടത്തിന്റെ പുറത്ത് വ്യാജ സ്വർണം പൂശിയശേഷം 916 മുദ്ര പതിക്കുന്ന ഉപകരണം പിടിച്ചെടുത്തത്.
കൊല്ലമ്പാറ വാളൂരിലെ പ്രസാദിന്റെ ഭാര്യ എ.വി. രമ്യ, കണ്ണൂർ ഇരിട്ടി പടിയൂർ സ്വദേശി ചെറുവത്തൂർ പുതിയ കണ്ടത്ത് താമസിക്കുന്ന ഷിജിത്ത്, നീലേശ്വരം ദേവനന്ദ ഗോൾഡ് ഉടമയും കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശിയുമായ ബിജു എന്നീ പ്രതികൾ റിമാൻഡിലാണ്.
സംഘത്തിന്റെ നേതൃത്വത്തിൽ മറ്റ് ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏപ്രിൽ 17ന് ഉച്ചക്ക് 26.400 ഗ്രാം മുക്കുപണ്ടം ബാങ്കിൽ പണയപ്പെടുത്താൻ ശ്രമിച്ചപ്പോൾ ബാങ്ക് ജീവനക്കാരന് തോന്നിയ സംശയമാണ് പ്രതികളെ കൈയോടെ പിടികൂടാൻ സഹായിച്ചത്.