കാസർകോടുള്ളത് 50 ലക്ഷം ടണ്ണിന്റെ വമ്പൻ ബോക്സൈറ്റ് ശേഖരം; ഖനനം നടന്നാൽ കാറടുക്കയ്ക്ക് ലഭിക്കാൻ പോകുന്നത് കോടികൾ
text_fieldsകാസർകോട്: കാസർകോട്ടെ നിർദിഷ്ട ബോക്സൈറ്റ് ഖനന മേഖലയിൽനിന്ന് 50 ലക്ഷം ടൺ ബോക്സൈറ്റ് ഖനനം ചെയ്യാനാകുമെന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് സർവേ വഴി കണ്ടെത്തി. കാറടുക്ക പഞ്ചായത്തിലെ ബോക്സൈറ്റ് മേഖലയിൽ സർവേ പൂർത്തിയായപ്പോൾ 50 ഹെക്ടറിൽ ഖനനം നടത്താനാവുമെന്ന റിപ്പോർട്ട് സർക്കാറിന്റെ അംഗീകാരത്തിനായി നൽകും. സർവേ പൂർത്തിയായി. സർക്കാർ അനുമതി നൽകുന്ന മുറക്ക് ലേലനടപടിയിലേക്ക് കടക്കും. ഇതിനുശേഷം എല്ലാ അനുമതികളും ക്ലിയറൻസും വാങ്ങി ലേലം കിട്ടിയവർക്ക് ഖനനത്തിലേക്ക് കടക്കാം. ഒരു ഹെക്ടറിൽ ഒരുലക്ഷം ടൺ ബോക്സൈറ്റ് ലഭിക്കുമെന്നാണ് ഇപ്പോഴത്തെ ഏകദേശ കണക്ക്. ഇത് കൂടാനും കുറയാനും സാധ്യതയുണ്ട്. മൂന്നു മീറ്റർവരെ 60,000 ടൺ ലഭിക്കുമെന്നാണ് കരുതുന്നത്. ഇവിടെ 150 ഹെക്ടറിലാണ് നിക്ഷേപമുള്ളതായി വ്യക്തമായത്.
ഇതിൽ 100 ഹെക്ടർ സ്ഥലം ജനവാസ, വനം പരിസ്ഥിതി മേഖലയാണ്. ഇവയെ ഖനന പരിധിയിൽ കൊണ്ടുവരില്ല. ഒരു ടണ്ണിന് 800 ലക്ഷം രൂപയാണ് വില. ഇതിന്റെ 10 ശതമാനം റോയൽറ്റിയായി സംസ്ഥാന സർക്കാറിന് ലഭിക്കും. ഈ റോയൽറ്റിയുടെ പത്തു ശതമാനം ഖനനം നടക്കുന്ന കാറടുക്ക പഞ്ചായത്തിനുള്ളതാണ്. കോടികളുടെ പദ്ധതി കാറടുക്ക പഞ്ചായത്തിന് സ്വന്തമാകും. ഇതുപയോഗിച്ച് പഞ്ചായത്തിന് സ്വന്തം ഉത്തരവാദിത്തത്തിൽ വിവിധ പദ്ധതികൾ തയാറാക്കാം. കലക്ടർക്കോ സർക്കാറിനോ ഇടപെടാനാവില്ല എന്നതാണ് പ്രത്യേകത. ഗ്രാമപഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോർഡ്, കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം തുടങ്ങിയവയിൽനിന്ന് അനുമതി തേടാനുള്ള ഉത്തരവാദിത്തം ഖനനം ലേലം വിളിക്കുന്നയാൾക്കാണ്.