തീരമേഖലയിൽ കടലാക്രമണം രൂക്ഷം; തീരദേശ റോഡ് കടലെടുത്തു
text_fieldsഉപ്പള ബേരിക്ക, പെരിങ്കടി തീരത്തെ കടലാക്രമണത്തിൽ തീരവും റോഡും കടലെടുത്ത നിലയിൽ
കാസർകോട്: മഴക്ക് രണ്ടുദിവസമായി നേരിയ ശമനമുണ്ടെങ്കിലും കടലാക്രമണം ശക്തിപ്രാപിക്കുന്നു. തീരമേഖലയിൽ ദുരിതം വിതക്കുന്നു. ജില്ലയിലെ തീരദേശ മേഖല ഒട്ടാകെ രൂക്ഷമായ കടലാക്രമണ ഭീഷണിയാണ് നേരിടുന്നത്. ഉപ്പള ബേരിക്കയിലും പെരിങ്കടിയിലും കടലാക്രമണത്തിൽ ഒന്നര കിലോമീറ്ററോളം തീരദേശ റോഡും തീരവും നൂറുകണക്കിന് കാറ്റാടിമരങ്ങളും കടലെടുത്തു. ശേഷിക്കുന്ന റോഡും തീരവും കാറ്റാടിമരങ്ങളും ഏതുനിമിഷവും കടലെടുക്കുന്ന അവസ്ഥയിലാണുള്ളത്.
തീരദേശ റോഡിന് സമീപത്തെ നിരവധി വൈദ്യുതിത്തൂണുകളാണ് കാറ്റാടിമരം വീണ് തകർന്നത്. നിരവധി വൈദ്യുതിത്തൂണുകൾ മാറ്റിസ്ഥാപിക്കുന്ന ജോലികളിലാണ് രാത്രി വൈകിയും കെ.എസ്.ഇ.ബി അധികൃതർ. കടലിൽ വീണ കാറ്റാടിമരങ്ങൾ കരയിൽ എത്തിക്കാനും മുറിച്ചുമാറ്റാനുമുള്ള ശ്രമത്തിലാണ് നാട്ടുകാർ. കഴിഞ്ഞദിവസങ്ങളിൽ ചെമ്പിരിക്കയിലും തൃക്കണ്ണാടും ഉദുമയിലും കടൽ വീടുകൾ തൊട്ടതോടെ തീരവാസികൾ ഭയാശങ്കയിലുമായി. കഴിഞ്ഞവർഷത്തെ കടലാക്രമണത്തിൽ തകർന്ന റോഡുകൾ ജിയോബാഗ് ഉപയോഗപ്പെടുത്തി സംരക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഇത്തവണ റോഡ് പൂർണമായും കടലെടുത്തത് തീരമേഖലയിൽ വലിയ തോതിലുള്ള യാത്രാദുരിതത്തിന് കാരണമായിട്ടുണ്ട്.
കുമ്പള, കോയിപ്പാടി, പെറുവാട് തീരങ്ങളിൽ കടലേറ്റം രൂക്ഷമാണ്. ഇവിടെയും തീരദേശ റോഡ് തകർച്ച നേരിടുന്നു. നിരവധി തെങ്ങുകൾ കടപുഴകി. തീരം 100 മീറ്ററോളം കടലെടുക്കുകയും ചെയ്തു. കീഴൂർ കടപ്പുറത്തും, ചെമ്പിരിക്കയിലും കടലാക്രമണത്തിന് ശമനമില്ല. ചെമ്പരിക്കയിൽ ഒരു വീട്ടിലേക്ക് കടൽ ഇരച്ചുകയറി. ഉദുമയിലും, തൃക്കണ്ണാടും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എല്ലാവരോടും മാറിത്താമസിക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. രൂക്ഷമായ കടലാക്രമണം നേരിടുന്ന തൃക്കണ്ണാട് അടിയന്തര നടപടി സ്വീകരിക്കുന്നതിന് കലക്ടർ വകുപ്പുതല യോഗം വിളിച്ചുചേർത്തു. കീഴൂർ കടപ്പുറത്ത് അധികൃതരുടെ ഇടപെടലില്ലാത്തത് തീരദേശവാസികളെ ചൊടിപ്പിച്ചിട്ടുണ്ട്. ഇവിടെ മുസ്ലിം ലീഗ് പ്രാദേശിക കമ്മിറ്റികൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.