തിരക്കേറുന്ന സ്കൂളുകളുമായി പൊലീസും
text_fieldsകാസർകോട്: കുറ്റകൃത്യം തടഞ്ഞ് ക്രമസമാധാനം പുലർത്തുക മാത്രമല്ല, ക്രമംതെറ്റിയ കുട്ടികളെ ക്രമപ്പെടുത്തുകകൂടി ചെയ്യുന്നുണ്ട് കേരള പൊലീസ്.
സ്കൂളുകളിൽനിന്ന് പിഴുതെറിയപ്പെടുന്ന വിദ്യാർഥികളുടെ ലക്കുകെട്ട യാത്രകളെ തടഞ്ഞ് അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന പ്രത്യേകതരം സ്കൂളുകൾ. ക്രമസമാധാന പരിപാലനത്തിനും അന്വേഷണത്തിനുമപ്പുറത്ത് പൊലീസ് ഏറ്റെടുത്തിരിക്കുന്ന സാമൂഹിക സേവന, ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായ ഹോപ് പദ്ധതിയിലാണ് പൊലീസിന്റെ സ്കൂൾ കുതിക്കുന്നത്.
2019ൽ സംസ്ഥാനത്തെ 721 കുട്ടികളുമായി തുടങ്ങിയ ഹോപിന്റെ പുതിയ ക്ലാസിലേക്ക് 1866 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽപേർ തിരുവനന്തപുരം ജില്ലയിൽനിന്നാണ്. കുറവ് മലപ്പുറത്തും.
ആറു വർഷമായുള്ള ഈ പദ്ധതി ഓരോ വർഷവും പടികയറി യൂനിസെഫിന്റെ സഹായം ലഭിക്കുന്നിടം വരെയെത്തിയിരിക്കുന്നു. കുറ്റവാസനകൾക്ക് അടിപ്പെട്ട് എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിൽനിന്ന് പഠനം പൂർത്തിയാകുംമുമ്പ് പുറത്താക്കപ്പെടുകയോ പുറത്തുപോകുകയോ ചെയ്യുന്ന കുട്ടികൾക്ക് പൊലീസ് സ്റ്റേഷനുകളുടെ സമീപത്തോ ഒന്നിലധികം സ്റ്റേഷനുകളുടെ പരിധിയിലോ പ്രത്യേക ട്യൂഷൻ ക്ലാസുകൾ ഒരുക്കി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ എഴുതി പാസാകാൻ അവസരം ഒരുക്കുകയാണ് ഹോപ് ചെയ്യുന്നത്.
അധ്യാപകരായി പൊലീസുകാരും വിരമിച്ച അധ്യാപകരും ഉണ്ടാകും. എല്ലാ ജില്ലയിലും കേന്ദ്രങ്ങളുണ്ട്. ഇന്ദിര ഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റി (ഇഗ്നോ) വഴിയാണ് പരീക്ഷയെഴുതുന്നത്. ഇതുവഴി പ്ലസ് ടു പാസായ ഒരാൾക്ക് ഇന്ത്യയിൽ ഏത് സർവകലാശാലയിൽനിന്നും ബിരുദം കരസ്ഥമാക്കാം.
നിരവധി വിദ്യാർഥികൾ പി.എസ്.സി, യു.പി.എസ്.സി പരീക്ഷകളെഴുതിയും വിവിധ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയും വിദേശരാജ്യങ്ങളിൽവരെ ജോലിചെയ്യുന്നുണ്ടെന്ന് ഹോപ് സ്പെഷൽ ഡ്യൂട്ടി ഓഫിസർ മാധ്യമത്തോട് പറഞ്ഞു.
കേരള പൊലീസ്, വിവിധ സർക്കാർ-സർക്കാറേതര സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ, ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ നടത്തി.
പരീക്ഷാധിഷ്ഠിത വിഡിയോ ട്യൂട്ടോറിയലുകളും തയാറാക്കി. പരീക്ഷകളിൽ വിജയിക്കുംവരെയും പൊലീസ് അവരോടൊപ്പമുണ്ട്. ജോലിസാധ്യതക്കും കാക്കി കാവലായുണ്ട്.


