വിദ്യാർഥികൾക്ക് പഴവർഗ പോഷകത്തോട്ടം; കാമ്പയിനുമായി ഹോര്‍ട്ടികള്‍ചര്‍ മിഷന്‍
text_fieldsപ്രതീകാത്മക ചിത്രം
കാസർകോട്: വിദ്യാർഥികൾക്ക് പഴവർഗ പോഷക തോട്ടവുമായി ഹോർട്ടികോർപ് മിഷൻ. 14 ജില്ലകളിലുമായി 4500 പഴവര്‍ഗ പോഷകത്തോട്ട യൂനിറ്റുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു കാര്‍ഷിക പദ്ധതി എന്നതിലുപരി, കാമ്പസുകളില്‍ വ്യാപകമാകുന്ന ലഹരി ഉപയോഗം പോലെയുള്ള അനാരോഗ്യ ശീലങ്ങളില്‍നിന്ന് വിദ്യാർഥികളെ മുക്തരാക്കി, പ്രകൃതിയോടും കൃഷിയോടും സംസ്‌കാരത്തോടും അവരെ ചേര്‍ത്തുനിര്‍ത്തുന്നതിനുള്ള പദ്ധതിയായാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. ഓരോ ജില്ലയിലും ശരാശരി 300 പോഷകത്തോട്ട യൂനിറ്റുകള്‍ വീതം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഹയര്‍ സെക്കൻഡറി-സെക്കൻഡറി വിഭാഗങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.
സംസ്ഥാന കൃഷിവകുപ്പിന്റെ പോഷക സമൃദ്ധി മിഷന്റെ ഭാഗമായി, ഹോര്‍ട്ടികള്‍ചര്‍ മിഷന്‍ നടപ്പാക്കി വരുന്ന ‘രാഷ്ട്രീയ കൃഷിവികാസ് യോജന-പഴവര്‍ഗ പോഷകതോട്ട പദ്ധതി’യില്‍ ഉള്‍പ്പെടുത്തിയാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഗ്രീന്‍ കാഡറ്റ് കോര്‍പ് തുടങ്ങിയ വിദ്യാർഥി കൂട്ടായ്മകളുടെ നേതൃത്വത്തിലും സമ്പൂര്‍ണ വിദ്യാർഥി പങ്കാളിത്തത്തിലുമായിരിക്കും പദ്ധതി നടപ്പാക്കുക. കുറഞ്ഞത് 10 സെന്റ് കൃഷിഭൂമിയെങ്കിലും ലഭ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കും.
ഒരു സ്ഥാപനത്തിനു പരമാവധി അഞ്ച് യൂനിറ്റുകള്‍ വരെ (50 സെന്റ്) അനുവദിക്കും. മാവ്, പ്ലാവ്, പപ്പായ, പേര, നെല്ലി, സപ്പോട്ട, റംബുട്ടാന്‍, പാഷന്‍ ഫ്രൂട്ട്, നാരകം, വെസ്റ്റ് ഇന്ത്യന്‍ ചെറി, തുടങ്ങി ഓരോ പ്രദേശത്തിനും അനുയോജ്യമായ പഴവര്‍ഗ ഇനങ്ങള്‍ പോഷകത്തോട്ടങ്ങളില്‍ ഉള്‍പ്പെടുത്തും. ഇതിനാവശ്യമായി വരുന്ന പഴവര്‍ഗ തൈകള്‍ സൗജന്യമായി വിതരണം ചെയ്യും.
സംസ്ഥാന ഹോര്‍ട്ടികള്‍ചര്‍ മിഷന്റെയും കൃഷിവകുപ്പിന്റെയും അനുയോജ്യമായ മറ്റു പദ്ധതികളെക്കൂടി സംയോജിപ്പിച്ചായിരിക്കും ഇത് നടപ്പിലാക്കുന്നത്. വിദ്യാർഥികള്‍ക്കൊപ്പം പദ്ധതിക്ക് നേതൃത്വം നല്‍കാന്‍ അധ്യാപകരുടെയോ മോനേജ്മെന്റ് പ്രതിനിധികളുടെയോ സേവനവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ഫോണ്‍ -0471 2330856.


