കച്ചേരിക്കടവ് പാലത്തിന് ഇനിയും കാത്തിരിക്കണം; ജില്ലയിലെ ആദ്യത്തെ ബോസ്ട്രിങ് മോഡൽ ബ്രിഡ്ജ്
text_fieldsനീലേശ്വരം കച്ചേരിക്കടവ് പാലം
നീലേശ്വരം : 18 മാസംകൊണ്ട് പൂർത്തിയാക്കേണ്ട നീലേശ്വരം കച്ചേരിക്കടവ് പാലം നിർമാണം ഒച്ചിന്റെ വേഗത്തിൽ. 2024ൽ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് നിർമാണം ആരംഭിച്ച കച്ചേരിക്കടവ് പാലം രണ്ടുവർഷം കഴിഞ്ഞിട്ടും പൂർത്തിയായില്ല. 2027ൽ അവസാന മാസം ആകുമ്പോഴേക്കും നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കും.
കിഫ്ബിയിൽനിന്ന് അനുവദിച്ച 22 കോടിയിൽ പൂർത്തിയാക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ വീണ്ടും ഫണ്ട് അനുവദിക്കാൻ പൊതുമരാമത്ത് വകുപ്പിന് മുന്നിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, പുതിയ യു.ഡി.എഫ് സർക്കാറിന് കിഫ്ബി പദ്ധതിയിൽ വേണ്ടത്ര വിശ്വാസമില്ലാത്തതിനാൽ അധികതുക ഇരുവരെയും അനുവദിച്ചില്ല. നീലേശ്വരം ദേശീയപാതയും നീലേശ്വരം രാജാ റോഡും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് കച്ചേരിക്കടവ് പാലം. പാലത്തിന്റെ ഇരുകരകളിൽനിന്ന് വ്യത്യസ്തമായി മധ്യഭാഗം 55.5 മീറ്റർ ബോസ്ട്രിങ് സ്പാൻ മോഡലിലാണ് പാലം നിർമാണം നടക്കുക. അതായത് മധ്യഭാഗം കപ്പൽപോലും കടന്നുപോകാൻ പറ്റുന്ന വിധത്തിൽ ഉയരത്തിൽ ആർച്ച് മാതൃകയിലുള്ള ജില്ലയിലെ ആദ്യത്തെ പാലമാണിത്. 180 മീറ്റർ നീളമാണ് പാലത്തിനുള്ളത്.
ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പടിഞ്ഞാറ് ഭാഗത്ത് 180 മീറ്ററിലും പാലത്തിന്റെ കിഴക്കുഭാഗത്തേക്ക് 180 മീറ്റർ നീളത്തിലുള്ള അപ്രോച്ച് റോഡിന്റെ നിർമാണവും പൂർത്തിയാകാനുണ്ട്. പാലം നിർമാണം പൂർത്തിയായാൽ മാർക്കറ്റ് ഹൈവേ ചുറ്റാതെ വാഹനങ്ങൾക്ക് കച്ചേരിക്കടവ് പാലം വഴി എളുപ്പത്തിൽ നീലേശ്വരം നഗരത്തിൽ എത്താൻ പറ്റും. നീലേശ്വരം നഗരസഭ ഓഫിസിന് മുന്നിലാണ് പാലം സ്ഥിതി ചെയ്യുന്നത്. എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന പാലം യു.ഡി.എഫ് സർക്കാർ പൂർത്തിയാക്കണമെങ്കിൽ റീഫണ്ട് അനുവദിച്ചാൽ മാത്രമേ നടക്കൂ.
എന്നാൽ, കിഫ്ബി പദ്ധതി വഴി നടപ്പാക്കുന്ന പദ്ധതികളോട് പൂർണ വിശ്വാസമില്ലാത്ത പുതിയ യു.ഡി.എഫ് സർക്കാർ അപേക്ഷിച്ച റീ ഫണ്ട് അനുവദിച്ചാൽ മാത്രമേ പാലത്തിന്റെ നിർമാണം പൂർത്തിയാകൂ. മുൻ എം.എൽ.എ എം. രാജഗോപാലന്റെ ശ്രമഫലമായി അനുവദിച്ച കച്ചേരിക്കടവ് പാലം നിർമാണം പൂർത്തിയാകണമെങ്കിൽ പുതിയ എം.എൽ.എ സന്ദീപ് വാര്യർ സർക്കാറിൽ കടുത്ത സമ്മർദം ചെലുത്തണം. പ്രത്യേകിച്ച് പൊതുമരാമത്ത് വകുപ്പാണ് നീലേശ്വരത്തിന്റെ സ്വപ്നപദ്ധതി പൂർത്തീകരിക്കാൻ ശ്രമിക്കേണ്ടത്.


