കരിന്തളം ഗവ. കോളജ് കെട്ടിടം നിർമാണം സാങ്കേതിക കുരുക്കിൽ
text_fieldsകോളജിന്റെ പുതിയ കെട്ടിടനിർമാണം നിലച്ച നിലയിൽ
നീലേശ്വരം: മലയോരത്തിന് ഒരു സർക്കാർ കോളജ് എന്ന ആവശ്യം പരിഗണിച്ച് ആരംഭിച്ച കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് പ്രവർത്തനം ഇപ്പോഴും വാടക കെട്ടിടത്തിൽ തന്നെ. 2018ലാണ് കരിന്തളത്ത് കോളജ് അനുവദിച്ചത്.
എന്നാൽ സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ കഴിഞ്ഞ എട്ടു വർഷമായി കോളജ് പഠനം നടക്കുന്നത് വാടക കെട്ടിടത്തിലാണ്. കരിന്തളം പാലിയേറ്റിവ് കെയറിന്റെ ഇരുനില കെട്ടിടമാണ് ക്ലാസ് മുറികളായി പ്രവർത്തിക്കുന്നത്. കരിന്തളം ഗവ. കോളജിന് പുതിയ കെട്ടിടം നിർമിക്കാൻ കൊല്ലംപാറ മഞ്ഞളടുക്കത്ത് അഞ്ച് ഏക്കർ റവന്യൂ ഭൂമി അനുവദിച്ചിരുന്നു. ഒടുവിൽ ഇവിടെ കെട്ടിടം നിർമാണം ആരംഭിച്ചു. തൂണുകൾ നിർമിച്ച് ഗ്രൗണ്ട് ഫ്ലോറിന്റെ നിർമാണമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിനിടയിൽ മാസങ്ങളായി പുതിയ കെട്ടിടം നിർമാണം സാങ്കേതിക കുരുക്കിൽപെട്ട് നിലച്ചനിലയിലാണ്.
സാങ്കേതിക കുരുക്ക് അഴിയാതെ കിടക്കുകയാണ്. ഇത് വിദ്യാർഥികളെയും അധ്യാപകരെയും ഏറെ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ബി.എ. ഇംഗ്ലീഷ്, ബി.കോം, ബി.എ. എക്കണോമിക്സ്, ബി.എസ്.സി ബോട്ടണി എന്നീ വിഷയങ്ങളിൽ 375 ഓളം കുട്ടികൾ ഈ കോളജിൽ പഠിക്കുന്നുണ്ട്. പ്രിൻസിപ്പൽ അടക്കം അഞ്ച് സ്ഥിര അധ്യാപകർ ജോലി ചെയ്യുന്നു. 13 പേർ ഗെസ്റ്റ് അധ്യാപകരാണ്. താൽകാലിക അധ്യാപകർക്ക് ചുമതലകൾ നൽകാനാവാത്തതിനാൽ സ്ഥിര നിയമന അധ്യാപകർക്ക് ജോലി ഭാരം കൂടുതലാണ്. ഇത് കുട്ടികളുടെ പഠനത്തെയും കോളജിന്റെ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്.
കെട്ടിട സൗകര്യങ്ങൾ ഉണ്ടായാൽ മാത്രമേ കൂടുതൽ കോഴ്സുകൾ വരികയുള്ളൂ. ചെറിയ ക്ലാസ് മുറിയിലാണ് ലാബ് പ്രവർത്തനം നടക്കുന്നത്. കോളജ് ഗവേണിങ് കമ്മിറ്റിയുടെ പ്രവർത്തനം വേണ്ടത്ര തൃപ്തികരമല്ല എന്ന ആക്ഷേപവുമുണ്ട്. പുതിയ കെട്ടിട നിർമാണത്തിന്റെ സാങ്കേതിക കുരുക്കഴിച്ച് നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.


