കരാർ ലംഘിക്കുന്ന കർണാടക ആർ.ടി.സി; പഴികേൾക്കുന്നത് കേരള ആർ.ടി.സി
text_fieldsകർണാടക ആർ.ടി.സി, കേരള ആർ.ടി.സി
കാസർകോട്: കാസർകോട്-മംഗളൂരു ഭാഗത്തേക്കുള്ള കർണാടക ആർ.ടി.സിയും കേരള ആർ.ടി.സിയും സർവിസ് നടത്തുന്നത് കരാർവെച്ചാണ്. എന്നാൽ, ഈ എഗ്രിമെന്റെക്കെ കാറ്റിൽപറത്തിയാണ് കർണാടക ആർ.ടി.സി സർവിസ് നടത്തുന്നതെന്നാണ് ആരോപണം. കരാർ പ്രകാരം രണ്ടു മണിക്കൂർ ഇടവേളകളിലായാണ് ഇരു ആർ.ടി.സികളും സർവിസ് നടത്തേണ്ടത്.
രാവിലെ 6.00 എ.എം 9.30 പി.എം വരെയാണ് ഇങ്ങനെ ഇരു ബസും സർവിസ് നടത്തുന്നത്. എന്നാൽ, കർണാടക ആർ.ടി.സി ബസുകൾ പലപ്പോഴും കാസർകോട് പുതിയ സ്റ്റാൻഡിൽ വരാതെ കറന്തക്കാടുവഴി ഒളിച്ചുപോവുകയാണ്. അതേസമയം, ഇതിന്റെ പഴി കേൾക്കുന്നത് കേരള ആർ.ടി.സിയുമാണ്. ജനങ്ങൾ വന്ന് പരതി മുഴുവൻ പറയുന്നത് കാസർകോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലാണ്.
കാസർകോട് ഷിപ്പോയിൽനിന്ന് ചുറ്റി വരാനുള്ള മടി കാരണം കറന്തക്കാടുവഴി മംഗളൂരു ഭാഗത്തേക്ക് കർണാടക ആർ.ടി.സി പോകുന്നതായാണ് ആരോപണം. ബസ് വരുമെന്നുകരുതി കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ ഏറെനേരം കാത്തുനിൽക്കുന്ന യാത്രക്കാർ നിരാശപ്പെടേണ്ട അവസ്ഥയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യാത്രക്കാരാണ് ഇങ്ങനെ പറ്റിക്കപ്പെടുന്നത്. മംഗളൂരു ഭാഗത്തുള്ള പല ആശുപത്രികളിലും പോകേണ്ടുന്ന ജില്ലയിലെ യാത്രക്കാരാണ് ഇതുമൂലം ദുരിതമനുഭവിക്കേണ്ടിവരുന്നത്.
മുഴുവൻ ബസുകളും പുതിയ സ്റ്റാൻഡിൽ കയറണമെന്നാവശ്യപ്പെട്ട് യാത്രക്കാർ ഡിപ്പോയിലടക്കം പരാതി പറഞ്ഞിട്ടുണ്ട്. കൂടാതെ, സമയക്രമം പാലിക്കാതെയുള്ള ഓട്ടത്തിലാണ് കഴിഞ്ഞദിവസത്തെ അപകടമടക്കമുണ്ടായതെന്നും ആക്ഷേപമുണ്ട്. കർണാടക ആർ.ടി.സിക്കെതിരെ ജനങ്ങളുടെ വ്യാപക പരാതികളാണ് ഉയരുന്നത്. ഇതിനെതിരെ കർണാടക ആർ.ടി.സി അധികൃതർ നടപടി സ്വീകരിക്കണമെന്നും ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ സർവിസ് നടത്തണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.