പാളയത്തിൽ പടതുടങ്ങി ലീഗ്; മുതലെടുക്കാൻ ബി.ജെ.പി
text_fieldsകാസര്‍കോട്: നഗരസഭയിലെ പോരാട്ടം ഇക്കുറി കടുക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. മുസ്‍ലിം ലീഗിന്റെ പാളയത്തിൽ തന്നെയുള്ള പട തെരഞ്ഞെടുപ്പിലെ ഈസി വാക്കോവറിനെ വല്ലാതെ ബാധിക്കും. ഓരോ തദ്ദേശ തെരഞ്ഞെടുപ്പിലും വിമതരുടെ എണ്ണം കൂടുന്നത് ലീഗിന് തലവേദനയാക്കുന്നു .വിമതശബ്ദം ബി.ജെ.പിക്ക് ചെറുതായെങ്കിലും ആശ്വാസമാകുമെന്നത് ലീഗിനെ സ്നേഹിക്കുന്ന അണികളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
38 വാർഡുകളുള്ള കാസർകോട് നഗരസഭയിൽ നിലവിൽ 21 വാർഡിൽ മുസ്‍ലിം ലീഗ് ഭരണം കൈയിലുണ്ട്. ബാക്കിയുള്ള 14 സീറ്റ് ബി.ജെ.പിക്കാണ്. സി.പി.എമ്മിന് ഒന്നും 20ാം വാർഡ് ഫിഷ് മാർക്കറ്റും 21ാം വാർഡ് ഹൊന്നമൂല സ്വതന്ത്രരുമാണുള്ളത്. കോണ്‍ഗ്രസിന് സീറ്റില്ല എന്നതും ശ്രദ്ദേയമാണ്. തളങ്കര, ഹൊന്നമൂല, ഫോർട്ട് റോഡ് വാർഡുകളിൽ ലീഗിന്റെ കണക്കുകൂട്ടലുകൾ പിഴക്കാൻ സാധ്യതയേറെയാണ്. ഇടതുപക്ഷത്തിന് വലിയ മുൻതൂക്കമുണ്ടാക്കുമെന്നാണ് നേതാക്കൾ പറയുന്നത്. ബി.ജെ.പി വിദ്യാനഗറിൽ രണ്ടു വാർഡുകൾ പിടിച്ചെടുക്കുമെന്ന അവകാശവാദം ഉന്നയിക്കുന്നുണ്ട്.
വാര്‍ഡ് വിഭജനത്തില്‍ ഒരു വാർഡ് കൂടി ആകെ വാര്‍ഡുകളുടെ എണ്ണം ഇക്കുറി 39 ആണ്. മുസ് ലിം ലീഗിന്റെ ഉരുക്കുകോട്ടകളിലൊന്നായി വിശേഷിപ്പിക്കാവുന്ന തളങ്കര ജദീദ് റോഡ് വാര്‍ഡ് ഇപ്രാവശ്യമില്ല. വിദ്യാനഗര്‍, നുള്ളിപ്പാടി ഭാഗങ്ങളില്‍ പുതുതായി ഒരു വാര്‍ഡ് വീതം കൂടിയിട്ടുണ്ട്. അതേസമയം, ഈ വാർഡിൽ ഒന്ന് കോണ്‍ഗ്രസും മറ്റൊരെണ്ണം മുസ് ലിം ലീഗും നേടുമെന്ന പ്രതീക്ഷ യു.ഡി.എഫ് വെച്ചുപുലർത്തുന്നുണ്ടെങ്കിലും ബി.ജെ.പി അവകാശപ്പെടുന്നത് തങ്ങൾ വിജയിക്കുമെന്നാണ്.
മുസ് ലിം ലീഗ് ഇത്തവണ മത്സരിക്കുന്നത് 23 സീറ്റുകളിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഗിന് വിമതര്‍ കനത്ത വെല്ലുവിളി സൃഷ്ടിച്ച വാർഡുകളിൽ ഇക്കുറി അട്ടിമറി വിജയം നേടുമെന്നാണ് യു.ഡി.എഫ് ധാരണ. ഹൊന്നമൂല, ഫിഷ് മാര്‍ക്കറ്റ് വാര്‍ഡുകളിലാണ് കനത്ത പോരാട്ടം കാണേണ്ടിവരുക. തളങ്കര ബാങ്കോട് വാര്‍ഡിലും ലീഗ് വിമതരുണ്ട്.
ഇവിടെ ലീഗിന് വിയർക്കേണ്ടിവരുമെന്നതും തീർച്ചയാണ്. തളങ്കരയിലെ മറ്റു വാര്‍ഡുകളില്‍ അത്തരത്തിലുള്ള പോരാട്ടമില്ല. ബി.ജെ.പി 21 സീറ്റുകളിലാണ് മത്സരിക്കുന്നത്. മുസ് ലിം ലീഗും വിമതരും മത്സരിക്കുന്ന ചില വാര്‍ഡുകളില്‍ ബി.ജെ.പി പത്രിക നല്‍കിയില്ല എന്നതും എടുത്തുപറയേണ്ടതാണ്. എന്തായാലും കാസർകോട് നഗരസഭയിലെ മത്സരം ഇക്കുറി കടുക്കുമെന്നും അവസാന നിമിഷ അങ്കത്തിൽ ആര് കൂടുതൽ നേടുമെന്നും കണ്ടുതന്നെ അറിയണം.


