ടൗണിൽ സർക്കിളില്ല; പതിവായി അപകടങ്ങൾ
text_fieldsസർക്കിൾ നിയന്ത്രണമില്ലാതെ അപകടം പതിവുകാഴ്ചയായ പള്ളം ടൗൺ ജങ്ഷൻ
മുണ്ട്യത്തടുക്ക: നാല് റോഡുകൾ സംഗമിക്കുന്ന മുണ്ട്യത്തടുക്ക പള്ളം ടൗണിൽ സർക്കിൾ ഇല്ലാത്തതുമൂലം അപകടങ്ങൾ പതിവായിരിക്കുകയാണ്.
ഈ അവസ്ഥ കാണാൻ ആരുമില്ലേ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. വ്യാപാരകേന്ദ്രമായതുകൊണ്ടും പള്ളം ടൗൺ വളരെ വേഗത്തിലാണ് വികസിച്ചത്. എന്നാൽ, റോഡിൽ അതിവേഗത്തിൽ എത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ സർക്കിളില്ലാത്തത് മനുഷ്യജീവനെ അപായപ്പെടുത്തുന്നു.
ഉക്കിനടുക്ക കാസർകോട് ഗവ. മെഡിക്കൽ കോളജിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാവുന്ന ചെർക്കള-കല്ലടുക്ക റോഡിനെ ബന്ധിപ്പിക്കുന്ന പൊതുമരാമത്ത് റോഡായ പുത്തിഗെ-പള്ളം-ഏൾക്കാനറോഡ്, ജില്ല പഞ്ചായത്ത് റോഡായ കന്യപ്പാടി പള്ളം മുണ്ട്യത്തടുക്ക റോഡ്, ഗ്രാമപഞ്ചായത്ത് റോഡായ പജ്യോട്ട ഒളമുഖർ റോഡ് എന്നീ നാല് റോഡുകൾ ഒത്തുചേരുന്ന ഇടമാണ് പള്ളം ടൗൺ.
ഇവിടെ സർക്കിൾ ഇല്ലാത്തതിനാൽ വരുന്ന വാഹനവും റോഡിൽ നിയമം തെറ്റിയ ട്രാക്കിലൂടെയാണ് കടന്നുപോകുന്നത്. പെരുന്നാൾ ദിവസം ഇവിടെ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് സാരമായ പരിക്കേറ്റിരുന്നു. നേരത്തെയും സമാന അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. സ്കൂൾ, മദ്റസ, അംഗൻവാടി എന്നിവിടങ്ങളിലേക്കുള്ള കുട്ടികളും കടന്നുപോകുന്ന റോഡാണിത്.
തിരക്കേറിയ ടൗണിന്റെ ഹൃദയഭാഗം അപകടക്കെണിയായത് നിയന്ത്രിക്കാൻ സർക്കിൾ സംവിധാനം ആവശ്യമാണെന്നും അധികാരികൾ കണ്ണുതുറന്നാൽ അപകടങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നും വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.