മണ്ണുമാഫിയ തഴച്ചുവളരുന്നു; പൊലീസിനെതിരെയും പരാതി
text_fieldsബദിയടുക്ക: ബദിയടുക്കയിൽ മണൽ, ചെമ്മണ്ണ് മാഫിയകൾ തഴച്ചുവളരുന്നു. മഴശക്തമായതോടെ ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്ന കടൽമണലും നാട്ടിലെ പുഴയിൽനിന്നുള്ള മണലെടുപ്പും കുറവാണ്, ഇതോടെ കുന്നിടിച്ചുള്ള ചെമ്മണ്ണെടുക്കൽ കൂടുതൽ സജീവമായി.
കുന്നിടിക്കുന്നത് തടയാൻ റവന്യൂ അധികൃതർക്ക് ഇടപെടുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പൊലീസും കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും ആരോപണമുണ്ട്. ജൂൺ നാലിന് പുലർച്ചെ മണ്ണ് മാഫിയ സംഘത്തിന്റെ ഏറ്റുമുട്ടലിൽ സാരമായ പരിക്കേറ്റ വ്യക്തി ആശുപത്രിൽ ചികിത്സയിലാണ്.
കാസർകോട് ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ പ്രതികളെ വലയിലാക്കാനുള്ള അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ, പ്രതികൾ നാട്ടിൽതന്നെ ചുറ്റിക്കറങ്ങുന്നുവെന്ന് പരിക്കേറ്റവരുടെ ഭാഗത്തുനിന്ന് പരാതികൾ ഉയരുന്നുണ്ട്. പൊലീസിന്റെ സമ്മതം വാങ്ങി രാത്രിയിൽ ചെമ്മണ്ണ് ആവശ്യക്കാർക്ക് ഇറക്കുന്നതിനിടയിലാണ് മാഫിയ സംഘത്തിന്റെ ആക്രമണമുണ്ടായത്.
സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് ടിപ്പർ ലോറിയും ഒരു മണ്ണുമാന്തി യന്ത്രവും പൊലീസിന് പിടികൂടാനായില്ലെന്നത് മാഫിയ-പൊലീസ് ബന്ധത്തിന് തെളിവാണെന്നാണ് ആക്ഷേപം. മാഫിയ സംഘത്തിന്റെ പരസ്പര വൈരാഗ്യവും ഏറ്റുമുട്ടലും ഭീഷണിയും മൂലം നാട്ടിൽ സമാധാനമില്ലാത്ത സ്ഥിതിയാണ്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാവുന്നതിന് കർശന നടപടികളാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.


