തദ്ദേശഫലം: നിയമസഭ മണ്ഡലത്തിൽ യു.ഡി.എഫ് മേൽക്കൈ
text_fieldsപ്രതീകാത്മക ചിത്രം
കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിൽ യു.ഡി.എഫ് മേൽക്കൈ. യു.ഡി.എഫ് മണ്ഡലങ്ങൾ കൂടുതൽ കരുത്താർജിക്കുകയും എൽ.ഡി.എഫ് മണ്ഡലമായ ഉദുമയിൽ യു.ഡി.എഫ് മേൽക്കൈ പ്രകടമാകുകയും ചെയ്തു. ബി.ജെ.പിയുടെ സാധ്യത വിളിച്ചുപറയുന്ന മഞ്ചേശ്വരത്തുനിന്ന് അവർ കൂടുതൽ അകന്നു. മഞ്ചേശ്വരത്ത് എൽ.ഡി.എഫ് സ്വാധീന മേഖലകൾകൂടി യു.ഡി.എഫ് പക്ഷത്തേക്ക് മാറുകയാണുണ്ടായത്. മഞ്ചേശ്വരം മണ്ഡലത്തിലെ ബി.ജെ.പിയുടെ ജില്ല ഡിവിഷൻ പുത്തിഗെ യു.ഡി.എഫിലേക്ക് വന്നു. മഞ്ചേശ്വരം, കുമ്പള, മംഗൽപാടി, പുത്തിഗെ, വോർക്കാടി, മീഞ്ച, എൻമജെ എന്നിങ്ങനെ എല്ലാ പഞ്ചായത്തുകളും യു.ഡി.എഫിന് ലഭിച്ചു. പുത്തിഗെ, മീഞ്ച, വോർക്കാടി എന്നിവ എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫിലേക്ക് മാറിയുകയായിരുന്നു.
കാസർകോട് മണ്ഡലത്തിൽ കാസർകോട് നഗരസഭ, ചെങ്കള, ബദിയടുക്ക എന്നീ തദ്ദേശസ്ഥാപനങ്ങൾ യു.ഡി.എഫ് കരുത്തോടെ നിലനിർത്തി. ദേലംപാടിയിലും കുമ്പഡാജെയിലും നില മെച്ചപ്പെടുത്തി. ബെള്ളൂരിൽ ബി.ജെ.പിക്ക് ഒപ്പത്തിനൊപ്പം എത്തി. കാറഡുക്കയിൽ ബി.ജെ.പിക്ക് പതിവ് മേൽക്കൈയുണ്ട്. ഉദുമയിൽ രണ്ട് പഞ്ചായത്തുകൾ യു.ഡി.എഫിലേക്ക് മറിഞ്ഞത് എൽ.ഡി.എഫിന് രാഷ്ട്രീയമായ നഷ്ടമായി. ഉദുമ, മുളിയാർ പഞ്ചായത്തുകൾ എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫിലേക്ക് മറിഞ്ഞു. പള്ളിക്കരയിൽ ഒരു സീറ്റിന്റെ വ്യത്യാസത്തിലാണ് എൽ.ഡി.എഫ് ഭരണം നിലനിർത്തിയത്. ചെമ്മനാട് വൻ മുന്നേറ്റം നടത്തി. ബേഡഡുക്കയും കുറ്റിക്കോലും എൽ.ഡി.എഫ് നിലനിർത്തുകയും ചെയ്തു. പുല്ലൂർ പെരിയയിൽ യു.ഡി.എഫിന്റെ മേധാവിത്തം അവസാനിച്ചത് യു.ഡി.എഫിനുണ്ടായ തിരിച്ചടിയായി. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ തദ്ദേശ സ്ഥാപനങ്ങൾ മുന്നണികൾ നിലനിർത്തി. തൃക്കരിപ്പൂരിൽ നിയോജ മണ്ഡലത്തിൽ പടന്ന എൽ.ഡി.എഫ് തിരിച്ചുപിടിച്ചു. പകരം വലിയപറമ്പ യു.ഡി.എഫ് പിടിച്ചു. അത്രമാത്രം.
കാസർകോട്
ആകെ നിയമസഭ മണ്ഡലം 5
നിലവിൽ
എൽ.ഡി.എഫ് 3
യു.ഡി.എഫ് 2
തദ്ദേശ ശേഷം
എൽ.ഡി.എഫ് 2
യു.ഡി.എഫ് 3


