മച്ചമ്പാടി മാലിന്യ പ്ലാന്റിനെതിരെ നാട്ടുകാർ
text_fieldsമച്ചമ്പാടി മാലിന്യ പ്ലാന്റ്
കാസർകോട്: മഞ്ചേശ്വരം പഞ്ചായത്തിലെ ഏഴാം വാർഡ് മച്ചമ്പാടിയിലെ കിട്ടൻഗുണ്ടി മാലിന്യ സംസ്കരണ യൂനിറ്റിനെതിരെ നാട്ടുകാർ. ആശങ്കകളും സംശയങ്ങളും നിവാരണം ചെയ്യാതെ പ്ലാന്റ് സ്ഥാപിക്കാൻ ശ്രമിച്ചാൽ തടയുമെന്ന് പരിസരവാസികൾ അറിയിച്ചു.2005ൽ ക്ലീൻ കേരള മിഷൻ മുഖേന ഖരമാലിന്യ സംസ്കരണം ആരംഭിച്ചശേഷം പ്രക്ഷോഭത്തെ തുടർന്ന് നിർത്തിയ പ്രദേശത്താണ് ശുചിമുറി മാലിന്യസംസ്കരണ യൂനിറ്റ് തുടങ്ങുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലെ ജനപ്രതിനിധികളുമായോ നാട്ടുകാരുമായോ അംഗീകൃത രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായോ ബന്ധപ്പെട്ട അധികാരികൾ കൂടിയാലോചന നടത്തിയിട്ടില്ല. വിദ്യാഭ്യാസസ്ഥാപനങ്ങളും ആരാധനാലയങ്ങളും സ്ഥിതിചെയ്യുന്ന പ്രദേശത്തുകൂടിയാണ് നിയുക്ത പദ്ധതി പ്രദേശത്ത് എത്തേണ്ടത്. നാലു വാർഡുകളിലായി 300ലധികം വീടുകളുള്ള ജനവാസ മേഖലയാണിത്. കിട്ടൻഗുണ്ടി കുടിവെള്ളത്തിനുവേണ്ടി ആശ്രയിക്കുന്ന തോടിനോടു ചേർന്ന സ്ഥലമാണ്. കാട്ടുപന്നി, മുള്ളൻപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രം കൂടിയാണ് പ്രദേശം.
പദ്ധതിക്കെതിരെ പൊതുജന പങ്കാളിത്തം ഉറപ്പാക്കാൻ സർവകക്ഷിയോഗം ചേർന്ന് ജനകീയ സമിതി രൂപവത്കരിച്ചിട്ടുണ്ട്. പൊതുജനാരോഗ്യത്തെ സാരമായി ബാധിക്കുന്ന പദ്ധതി ഒരു കാരണവശാലും അനുവദിക്കില്ല എന്നാണ് തീരുമാനം. പദ്ധതിയിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറി പ്രദേശത്തുകാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് കർമസമിതി ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ പി.എച്ച്. അബ്ദുൽ ഹമീദ്, അബ്ദുൽ ഹമീദ് ബഡാജെ, ആരിഫ് മച്ചമ്പാടി, ഖലീൽ ബജൽ, അബ്ദുൽ റസാഖ് കിട്ടൻഗുണ്ടി, പി. അബൂബക്കർ സിദ്ദീഖ്, പി. മുഹമ്മദ്, അബ്ദുൽ റഹിമാൻ പുച്ചത്ത് ബയൽ എന്നിവർ സംബന്ധിച്ചു.
എന്താണ് എഫ്.എസ്.ടി.പി പദ്ധതി?
ജില്ലയിലെ കിണര്‍ വെള്ളത്തിലും മറ്റു ജലസ്രോതസ്സുകളിലും അമിതമായ രീതിയില്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തിയതിനെ തുടര്‍ന്ന് കക്കൂസ് മാലിന്യമുള്‍പ്പെടെയുള്ള ദ്രവമാലി സംസ്കരണത്തിന് ശാസ്ത്രീയ വഴി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഫിക്കല്‍ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ് അഥവാ എഫ്.എസ്.ടി.പി (ശുചിമുറി മാലിന്യ
സംസ്കരണ പ്ലാന്റ്) സ്ഥാപിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കാന്‍ സംസ്ഥാനത്ത് അനുമതി ലഭിക്കുന്ന ആദ്യ രണ്ട് പഞ്ചായത്തുകള്‍ ജില്ലയിലാണ്. കര്‍ണാടകയിലെ ദേവനഹള്ളി നഗരസഭയില്‍ സ്ഥാപിച്ച എഫ്.എസ്.ടി.പി പ്ലാന്റ് ജില്ലയില്‍ നിന്ന് ഉദ്യോഗസ്ഥ, ജനപ്രതിനിധി സംഘം സന്ദര്‍ശിച്ചിരുന്നു. ദേവനഹള്ളി നഗരത്തില്‍തന്നെ സ്ഥാപിച്ച പ്ലാന്റ് വിജയകരമായി പ്രവര്‍ത്തിക്കുന്നതിനൊപ്പം സംസ്കരണത്തിനൊടുവില് അന്തിമമായി ലഭിക്കുന്ന വളത്തിനും ആവശ്യക്കാരുണ്ട്. പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച സംഘം ജില്ലയില്‍ നടപ്പാക്കാമെന്ന് റിപ്പോർട്ട് നൽകി.
ബേഡഡുക്ക, ചെറുവത്തൂര്‍ പഞ്ചായത്തുകൾ പദ്ധതി ഏറ്റെടുത്തിട്ടുണ്ട്. കണ്‍സോർട്ട്യം ഫോര്‍ ഡിവാട്ട്സ് ഡിസിമിനേഷന്‍ (സി.ഡി.ഡി) എന്ന ഏജന്‍സിയാണ് പ്ലാന്റ് സ്ഥാപിക്കുക. പ്ലാന്റിന്റെ പ്രവര്‍ത്തനം പരിസരവാസികൾക്ക് ബുദ്ധിമുട്ടാകില്ല എന്ന് ശുചിത്വമിഷൻ പറയുന്നു. ദേവനഹള്ളിയിൽ നഗരത്തിന് നടുവില്‍ 30 സെന്റ് സ്ഥലത്താണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നതെന്നും സംഘം പറയുന്നു.