ഭാര്യക്ക് വിഡിയോ കാൾ ചെയ്ത് ആത്മഹത്യശ്രമം; രക്ഷപ്പെടുത്തി പൊലീസ്
text_fieldsകാഞ്ഞങ്ങാട്: ഇസ്രായേലിലുള്ള ഭാര്യക്ക് വിഡിയോ കാൾ ചെയ്ത് ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചശേഷം മൂന്നു മക്കൾക്കൊപ്പം ബേക്കൽ കോട്ടയിലെത്തി കടലിൽ ചാടി ആത്മഹത്യ ചെയ്യാനെത്തിയ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനെയും കുട്ടികളെയും ജീവിതത്തിലേക്ക് കൈപിടിച്ച് ബേക്കൽ ടൂറിസം പൊലീസ്.
ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. തളിപ്പറമ്പ് കുടിയാൻമല സ്വദേശിയായ ആരോഗ്യ വിഭാഗം ജീവനക്കാരനാണ് 11, ഒമ്പത് വയസ്സുള്ള ആൺകുട്ടികളെയും ആറു വയസ്സുള്ള പെൺകുട്ടിയെയും കൂട്ടി ബേക്കൽ കോട്ടയിലെത്തിയത്. ആത്മഹത്യഭീഷണി ലഭിച്ച ഉടൻതന്നെ ഇസ്രായേലിൽനിന്ന് ഭാര്യ കുടിയാൻമല പൊലീസിനെ വിളിച്ചറിയിച്ചു.
മൊബൈൽ ലൊക്കേഷൻ എടുത്ത കുടിയാൻമല പൊലീസ് ഇവർ ബേക്കൽ കോട്ട ഭാഗത്തുള്ളതായി കണ്ടെത്തി. ഉടൻ ബേക്കൽ പൊലീസിൽ അറിയിച്ചു. ഇൻസ്പെക്ടർ എം.വി. ശ്രീദാസിന്റെ നിർദേശപ്രകാരം ടൂറിസം പൊലീസ് എ.എസ്.ഐ എം.എം. സുനിൽകുമാർ ബേക്കൽ കോട്ടയിലെത്തി വ്യാപക തിരച്ചിൽ നടത്തി.
ബേക്കൽ സ്റ്റേഷനിലെ പൊലീസുകാരായ വിജേഷ്, റജിൻ എന്നിവരും തിരച്ചിലിനുണ്ടായിരുന്നു. പൊലീസ് തിരച്ചിലിനൊടുവിൽ ഇവർ സഞ്ചരിച്ച കാർ ബേക്കൽ കോട്ട പരിസരത്ത് കണ്ടെത്തി. കൂടുതൽ പരിശോധിച്ചപ്പോൾ യുവ ഉദ്യോഗസ്ഥനെയും മൂന്ന് മക്കളെയും റെഡ് മൂൺ ബീച്ചിൽ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തെ അനുനയിപ്പിച്ചശേഷം ബേക്കൽ സ്റ്റേഷനിലെത്തിച്ചു. കുടിയാൻമല പൊലീസെത്തി ബേക്കലിൽനിന്ന് ഇവരെ കൂട്ടിക്കൊണ്ടുപോയി.