പതിനൊന്നുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 30 വർഷം കഠിനതടവ്
text_fieldsകാഞ്ഞങ്ങാട്: വീട്ടിൽ ഉറങ്ങിക്കിടന്ന 11 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 30 വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കാഞ്ഞങ്ങാട് പോക്സോ കോടതി. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവിനും ശിക്ഷ വിധിച്ചു. ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ.
പനയാൽ മയിലാട്ടി കുറുക്കൻകുന്ന് കോളനിയിലെ മധുസൂദനൻ നായരെ(63)യാണ് ശിക്ഷിച്ചത്. 2023 മേയ് 25ന് രാത്രിയാണ് സംഭവം. കുട്ടിയുടെ അമ്മ ക്ഷേത്രദർശനത്തിന് പോയ സമയം കുട്ടിയും അനുജനും വീട്ടിൽ കിടന്നുറങ്ങുന്ന സമയത്ത് പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിലാണ് ജഡ്ജ് പി.എം. സുരേഷ് ശിക്ഷ വിധിച്ചത്.
ചീമേനി പൊലീസ് രജിസ്റ്റർചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ് ഇൻസ്പെക്ടർ കെ. അജിതയാണ്. പ്രോസിക്യൂഷനുവേണ്ടി ഹോസ്ദുർഗ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.


