കോടതിയിൽ ആൾമാറാട്ടം; പ്രതി പിടിയിൽ
text_fieldsപ്രഭാകരൻ
കാഞ്ഞങ്ങാട്: കോടതിയിൽ ആൾമാറാട്ടം നടത്തിയ പ്രതി പിടിയിൽ. ചൊവ്വാഴ്ച ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതിയിലാണ് സംഭവം. മദ്യപിച്ച് വാഹനം ഓടിച്ച കേസിൽ കോടതിയിൽ യഥാർഥ പ്രതിക്ക് പകരം കോടതിയുടെ കൂട്ടിൽ കയറിയ മടിക്കൈ അമ്പലത്തുകര പൂത്തക്കാലിലെ പ്രഭാകരനാണ് പിടിയിലായത്.
കേസ് വേഗത്തിൽ തീർപ്പുകൽപ്പിക്കുന്നതിനായുള്ള അദാലത്ത് നടപടിയുടെ ഭാഗമായാണ് മദ്യപിച്ച് വാഹനം ഓടിച്ച ചീമേനി സ്വദേശിയുടെ കേസ് അഭിഭാഷകയുടെ അപേക്ഷ പ്രകാരം കോടതി പരിഗണനക്കെടുത്തത്. സാധാരണഗതിയിൽ മദ്യപിച്ച് വാഹനം ഓടിച്ച കേസിലെ പ്രതികൾക്ക് കോടതി പതിനായിരം രൂപവരെ പിഴ ശിക്ഷ വിധിക്കാറുണ്ട്. അദാലത്ത് പ്രകാരം ഹാജരാകുന്നവർക്ക് ആയിരം രൂപ പിഴയും കോടതി പിരിയുംവരെ തടവുമാണ് ശിക്ഷ വിധിക്കുന്നത്. ചീമേനി സ്വദേശിക്ക് പകരമായാണ് പ്രഭാകരൻ ഹാജരായത്. കൂട്ടിൽ കയറിയ പ്രഭാകരൻ കുറ്റം ഏൽക്കുകയായിരുന്നു. ആയിരം രൂപ പിഴയടക്കാനും കോടതി പിരിയും വരെ തടവിനും കോടതി ശിക്ഷ വിധിക്കുകയും ചെയ്തു.
വിധിക്കുശേഷം കോടതി ഓഫിസിൽ പിഴയടക്കാനെത്തിയ പ്രഭാകരനിൽ സംശയം തോന്നിയ ജൂനിയർ സൂപ്രണ്ട് ആധാർ പരിശോധിച്ചപ്പോഴാണ് ആൾമാറാട്ടം പിടിച്ചത്.
തുടർന്ന് പ്രഭാകരനെ ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിൽ കൈമാറി. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും മറ്റും പ്രതിക്കെതിരെ കേസെടുത്തു. ജൂനിയർ സൂപ്രണ്ട് കെ.വി. അനീഷിന്റെ പരാതി പ്രകാരമാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്.


