എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ
text_fieldsഅബ്ദുൽ ഖാദർ, അൻഷീദ്, ഉണ്ണികൃഷ്ണൻ
കാസർകോട്: വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ. ഓപറേഷൻ 'തൂഫാന്റെ' ഭാഗമായി രണ്ടിടത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
മുട്ടത്തൊടി ഹിദായത്ത് നഗർ ഭാഗത്തുനിന്ന് കാർ യാത്രക്കാരായ എ.സി. മുഹമ്മദ് അൻഷീദ് (26), സി. അബ്ദുൽ ഖാദർ (27) എന്നിവരെയാണ് ഡാൻസാഫ് ടീമിന്റെയും വിദ്യാനഗർ പൊലീസിന്റെയും സംയുക്ത പരിശോധനയിൽ മയക്കുമരുന്നുമായി പിടികൂടിയത്. പ്രതികളിൽനിന്ന് 18 ഗ്രാം എം.ഡി.എം.എയും മൊബൈൽ ഫോണുകളും കണ്ടെടുത്തു.ഇവർക്കെതിരെ കേസെടുത്തു.
ഇൻസ്പെക്ടർ ഓഫ് പൊലീസ് നളിനാക്ഷൻ, വിദ്യാനഗർ പൊലീസ് സ്റ്റേഷൻ എസ്.ഐ എസ്. അനൂപ്, എസ്.ഐ ഉമേശൻ, എ.എസ്.ഐ പ്രദീപ് കുമാർ, സി.പി.ഒമാരായ ശ്രീജിത്ത്, പ്രജിത്ത് എന്നിവരും ഡാൻസാഫ് ടീം അംഗങ്ങളായ എസ്.സി.പി.ഒ ഷൈജു, സി.പി.ഒമാരായ മുഹമ്മദ് ആരിഫ്, ഉണ്ണികൃഷ്ണൻ, സനൂപ്, വിജേഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കാറിൽ കടത്താൻ ശ്രമിച്ച 2.730 ഗ്രാം എം.ഡി.എം.എയുമായി ചെങ്കള ചെർക്കള കുഞ്ഞിക്കര ഭാഗത്തുനിന്ന് മറ്റൊരു യുവാവിനെയും പിടികൂടി. പി. ഉണ്ണികൃഷ്ണനാണ് (26) പിടിയിലായത്.
പൊലീസിനെ കണ്ട് വാഹനം നിർത്തി ഓടാൻ ശ്രമിച്ച പ്രതിയെ പിടികൂടി നടത്തിയ പരിശോധനയിൽ 2.730 ഗ്രാം എം.ഡി.എം.എയും ഡിജിറ്റൽ ത്രാസും ഗ്ലാസ് ഹുക്കുകളും കണ്ടെടുത്തു. പ്രതിക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ എസ്.ഐ വിജയൻ മേലത്ത്, എ.എസ്.ഐ പ്രദീപ് കുമാർ, സി.പി.ഒമാരായ രേഷ്മ, ബിനു എം.പി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.


