മുണ്ടേമ്മാട് പാലം താഴുന്നു; പുതിയ പാലം വേണം
text_fieldsമുണ്ടേമ്മാടിലേക്കുള്ള നിലവിലുള്ള പാലത്തിന്റെ മധ്യഭാഗം താഴ്ന്നനിലയിൽ
നീലേശ്വരം: മുണ്ടേമ്മാട് പാലം അപകടത്തിലേക്ക് നീങ്ങുന്നു. പുതിയ പാലം നിർമാണത്തിനുള്ള നടപടിവേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. നാലു ഭാഗവും പുഴയാൽ ചുറ്റപ്പെട്ടുകിടക്കുന്ന നീലേശ്വരം നഗരസഭയിലെ മുണ്ടേമ്മാട് ദ്വീപുമായി ബന്ധിപ്പിക്കുന്ന പുതിയ പാലം നിർമാണമാണ് ചില നടപടിക്രമങ്ങൾ കാരണം വൈകുന്നത്. നിലവിലുള്ള പാലത്തിന്റെ മധ്യഭാഗത്തെ തൂണുകൾ പുഴയിലെ ചളി മൂലം താഴ്ന്നുകിടക്കുകയാണ്. അതുകൊണ്ട് പാലത്തിന്റെ മധ്യഭാഗം നടുവൊടിഞ്ഞ നിലയിലാണ്.
1987ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് നിലവിലുള്ള പാലം നിർമിച്ചത്. ശിലാഫലകത്തിൽ പേര് നടപ്പാലമെന്നാണെങ്കിലും ചെറിയ വാഹനങ്ങൾ കടന്നുപോകുന്നതുകൊണ്ട് ജനങ്ങളുടെ യാത്രപ്രശ്നം താൽക്കാലികമായി പരിഹരിക്കപ്പെട്ടിരുന്നു.മുമ്പ് കടത്തുതോണിയെ മാത്രം ആശ്രയിച്ചാണ് മുണ്ടേമ്മാടിലെ കുടുംബങ്ങൾ യാത്ര ചെയ്തിരുന്നത്. നിരവധി തോണിയപകടങ്ങൾ നടന്നപ്പോഴാണ് പാലമെന്ന ആശയത്തിലേക്ക് എത്തിയത്.
എന്നാൽ ഈ പാലവും അപകടാവസ്ഥയിലായതോടെ പാലത്തിലൂടെ സഞ്ചരിക്കുന്നത് ഭീതിയോടെയാണ് കാണുന്നത്. എം. രാജഗോപാലൻ എം.എൽ.എയുടെ ഇടപെടൽ മൂലം സംസ്ഥാന സർക്കാർ പുതിയ പാലം നിർമിക്കാനായി 10 കോടി അനുവദിച്ചു. എട്ടു മീറ്റർ വീതിയുള്ള റോഡ് പാലമാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഉപ്പുവെളളം കരയിലേക്ക് കയറുന്നത് മറ്റൊരു ദുരിതമാണ്.
ടൂറിസത്തിന്റെ സാധ്യതകളിലേക്ക് മുണ്ടേമ്മാട് നാട് വിപുലപ്പെടുത്താനായി രണ്ടര കിലോമീറ്റർ ദൂരത്തിൽ റിങ് റോഡ് നിർമിക്കാൻ 7.50 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടും എങ്ങുമെത്തിയില്ല.ചെത്തുതൊഴിലാളികളും പൂഴിത്തൊഴിലാളികളും ഏറെയുള്ള മുണ്ടേമ്മാട് നിവാസികളുടെ പുതിയ പാലമെന്ന മോഹം സഫലമാക്കണമെന്നാണ് ആവശ്യം. ടെൻഡർ നടപടികളായെങ്കിലും കരാറുകാരൻ ഏറ്റെടുക്കാൻ തയാറായിട്ടില്ല.