മുസ്തഫയുടെ തോൽവി: മുന്നാക്ക വോട്ടും ഏകീകരിച്ചു
text_fieldsതൃക്കരിപ്പൂർ: മണ്ഡലത്തിന്റെ ചരിത്രം തിരുത്തിയ തെരഞ്ഞെടുപ്പിന് പിന്നിൽ മുന്നാക്ക വോട്ടുകളുടെ ഏകീകരണംകൂടി സ്വാധീനം ചെലുത്തിയതായി വിശകലനം. തൃക്കരിപ്പൂർ മണ്ഡലത്തിലെ ഇടനാട്, മലയോരം കേന്ദ്രീകരിച്ച് മുന്നാക്ക വോട്ടുകൾ ഇടതുപക്ഷത്തിന് ലഭിക്കാതിരിക്കാൻ സംസ്ഥാനതലത്തിൽതന്നെ ഇടപെടൽ നടന്നതായാണ് സൂചന. 2021ലെ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി കാൽലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.
എം. രാജഗോപാലൻ തെരഞ്ഞെടുക്കപ്പെട്ട 2016, 2021 തെരഞ്ഞെടുപ്പുകളിൽ നീലേശ്വരം നഗരസഭയിൽ അദ്ദേഹത്തിന് യഥാക്രമം 4200, 5500 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചപ്പോൾ ഇക്കുറി 12 വോട്ടിന് യു.ഡി.എഫ് മുന്നിലെത്തി. മുന്നാക്ക സമുദായത്തിന് കാര്യമായ സ്വാധീനമുള്ള പ്രദേശമാണിത്. ഇതിനായി പ്രത്യേകമായി സമൂഹമാധ്യമ കൂട്ടായ്മകൾവരെ ഒരുക്കിയാണ് പ്രചാരണം നടന്നത്.
പ്രസ്തുത സമുദായത്തിലെ നേതാക്കളുടെ സന്ദേശങ്ങൾ ഇതിനായി കൈമാറ്റംചെയ്യപ്പെട്ടുവെന്നാണ് ഇപ്പോൾ വെളിപ്പെടുന്നത്. പാർട്ടി ഗ്രാമങ്ങളുൾപ്പെടുന്ന കയ്യൂർ ചീമേനിയിലാവട്ടെ 2016ൽ 8100, 2021ൽ 9800 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നത് ഇക്കുറി 6291 ആയി ഇടിഞ്ഞു. നീലേശ്വരത്തെയും കയ്യൂരിലെയും ബൂത്തുകൾ ഉൾപ്പെടുന്ന റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾതന്നെ വ്യക്തമായ സൂചന ലഭിച്ചതായി ഇടതു കേന്ദ്രങ്ങൾ പറയുന്നു. എസ്.ഐ.ആറിന് ശേഷമുള്ള സവിശേഷതയായി ഇക്കാര്യം പറയുമ്പോൾ തന്നെ കണക്കുകൾ വോട്ടുചോർച്ചയിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. നീലേശ്വരം നഗരസഭയിൽ എസ്.ഐ.ആർ വഴി 226 വോട്ടുകൾ വെട്ടിയപ്പോൾ 2206 വോട്ടുകളാണ് കൂട്ടിച്ചേർക്കപ്പെട്ടത്.
കയ്യൂർ -ചീമേനിയിൽ 223 വോട്ടുകൾ ഒഴിവാക്കിയപ്പോൾ പുതുതായി ചേർത്തത് 1935 വോട്ടാണ്. പുതിയ വോട്ടുകൾ ഭൂരിഭാഗവും തങ്ങൾക്ക് അനുകൂലമായി ലഭിച്ചുവെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ വിലയിരുത്തൽ. സമൂഹമാധ്യമങ്ങളിൽ അവരുടെ സ്ഥാനാർഥിയുടെ വർധിച്ച പിന്തുണയും ചൂണ്ടിക്കാട്ടുന്നു. സന്ദീപ് വാര്യരുടെ വെരിഫൈഡ് ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ രണ്ടുലക്ഷത്തിലേറെ ഫോളോവർമാരുണ്ട്. പിലിക്കോട് മാത്രമാണ് കൊടുങ്കാറ്റിലും പിടിച്ചുനിന്നത്. ഇവിടെ കൂട്ടിച്ചേർത്ത വോട്ടുകൾ ഉൾെപ്പടെ മുസ്തഫക്ക് ഭൂരിപക്ഷം വർധിച്ചു. നേരത്തേ നടന്ന തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം 4400, 5200 എന്നിങ്ങനെയായിരുന്നെങ്കിൽ ഇത്തവണ 7656 ആയാണ് ഉയർന്നത്.
3000 - 4000 വോട്ടുകളുടെ ഭൂരിപക്ഷം നൽകാറുള്ള പഞ്ചായത്തിൽനിന്ന് ഇടതു മുന്നണിക്ക് ലഭിച്ച ഭൂരിപക്ഷം 926 ആയി ഇടിഞ്ഞു. തിരിച്ചടിയുടെ ആഘാതമേറ്റിയത് ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകളിൽനിന്നുള്ള തിരിച്ചടിയാണ്. ഇടതു മുന്നണിക്ക് ശരാശരി മൂവായിരം വോട്ടിന്റെ മേൽക്കൈ ലഭിക്കാറുള്ള ഈസ്റ്റിൽ 5545 വോട്ടിന്റെ ഭൂരിപക്ഷമാണ് സന്ദീപ് വാര്യർക്ക് ലഭിച്ചത്. വെസ്റ്റ് എളേരിയിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് 3984 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ഇടതു മുന്നണിക്ക് 3500 വോട്ടിന്റെ ഭൂരിപക്ഷം നൽകിയിരുന്ന പ്രദേശമാണിത്.
തീരദേശത്ത് പോൾ ചെയ്യപ്പെട്ടത് കൃത്യമായ രാഷ്ട്രീയ വോട്ടുകളാണ്. തൃക്കരിപ്പൂർ, പടന്ന, വലിയപറമ്പ പഞ്ചായത്തുകളിൽ യു.ഡി.എഫിന് സ്വാഭാവികമായ മേൽക്കൈ ലഭിച്ചപ്പോൾതന്നെ ഇടതു മുന്നണിയുടെ വോട്ടോഹരിയിലും കാര്യമായ ഇടിവുണ്ടായില്ല.
പുതുതായി ചേർക്കപ്പെട്ട വോട്ടുകൾ ഉൾെപ്പടെ യു.ഡി.എഫ് പെട്ടിയിൽ വീഴ്ത്തിയതിൽ മുസ്ലിം ലീഗിന്റെ അധ്വാനമുണ്ട്. തൃക്കരിപ്പൂർ -6940, പടന്ന- 2509, വലിയപറമ്പ - 886 എന്നിങ്ങനെയാണ് യു.ഡി.എഫിന് ലഭിച്ച ഭൂരിപക്ഷം. പോസ്റ്റൽ വോട്ടിൽ ഇടതു മുന്നണിക്ക് 572 വോട്ടിന്റെ ഭൂരിപക്ഷമാണ്.


