ദേശീയപാത നിർമാണം; കോട്ടിക്കുളം മേൽപാലം, പ്രശ്നം ഉടൻ പരിഹരിക്കും -മന്ത്രി
text_fieldsചെങ്കള-തലപ്പാടി ദേശീയപാത വികസനത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് കാസർകോട് മേൽപാലം സന്ദർശിക്കുന്നു
കാസർകോട്: മന്ത്രി പി.എ. മുഹമ്മദ് റിയാസ് കാസർകോട് ടൗൺ മേൽപാലം സന്ദർശിച്ചു. ആദ്യ റീച്ചായ തലപ്പാടി-ചെങ്കള റീച്ച് ഗതാഗതത്തിന് സജ്ജമായതായി മന്ത്രി പറഞ്ഞു. ദേശീയപാത അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും ഓരോ രണ്ടാഴ്ചയും കൂടുമ്പോൾ റീച്ച് അവലോകനവും സ്ഥല സന്ദർശനവും കൃത്യമായി നടത്തി. തടസ്സങ്ങൾ അപ്പപ്പോൾ നീക്കി. രണ്ട് മേൽപാലം, നാല് പ്രധാന പാലം, നാല് ചെറിയ പാലം, 21 അടിപ്പാത, 10 മേൽ നടപ്പാലം രണ്ട് ഓവർ പാസ് എന്നിവയാണ് ഈ റീച്ചിലുള്ളത്.
കാസർകോട് നഗരത്തിലെ 1.12 കിലോമീറ്ററുള്ള ഒറ്റ തൂൺ മേൽപാലം ഇതിൽ പ്രധാനമാണ്. 27 മീറ്റർ വീതിയിൽ ബോക്സ് ഗർഡർ മാതൃകയിൽ നിർമിച്ച ആദ്യ ഒറ്റത്തൂൺ പാലമാണിത്. 10 വർഷം മുമ്പ് യു.ഡി.എഫ് സർക്കാർ ഉപേക്ഷിച്ച പദ്ധതിയാണിത്. അന്ന് ഹൈവേ അതോറിറ്റി ഓഫിസ് പൂട്ടി സ്ഥലം വിട്ടു. അവരെ തിരിച്ചുവിളിച്ച്, ചരിത്രത്തിലാദ്യമായി സംസ്ഥാന സർക്കാർ ഹൈവേ വികസനത്തിന് പണം നൽകി.
5800 കോടി രൂപയാണ് സംസ്ഥാനം നൽകിയത്. ഈ തുക കടമെടുപ്പ് പരിധിയിൽ പെടാത്തതിനാൽ, സംസ്ഥാനത്തിന് ഫലത്തിൽ 12000 കോടിയുടെ ചെലവു വന്നു. ഭൂമി ഏറ്റെടുക്കൽ, മരം മുറിക്കൽ, കെട്ടിടം പൊളിക്കൽ, വൈദ്യുതി ലൈൻ മാറ്റൽ, നിർമാണ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കൽ തുടങ്ങിയ എല്ല സമയത്തും സംസ്ഥാന സർക്കാറിന്റെ ഇടപെടൽ ഉണ്ടായതായി കേന്ദ്രമന്ത്രി ഗഡ്കരി തന്നെ പറഞ്ഞതാണ്. ദേശീയപാത എവിടെയൊക്കെ പൂർണമാകുന്നു അപ്പോൾ തന്നെ ജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്നതാണ് നിലപാട്.
കോട്ടിക്കുളം മേൽപാലം സംബന്ധിച്ച് നിലവിലെ പ്രശ്നം ഉടൻ പരിഹരിക്കും. എസ്റ്റിമേറ്റ് തുകയിൽ ധനകാര്യ വകുപ്പുമായി ചർച്ച ചെയ്യുമെന്നും മന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എം.എൽ.എമാരായ എം. രാജഗോപാലൻ, സി.എച്ച്. കുഞ്ഞമ്പു, ഊരാളുങ്കൽ സൊസൈറ്റിയുടെ ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി.