ദേശീയപാത ടോൾ പ്ലാസ; കുമ്പളയിൽ ബഹുജന മാർച്ചിൽ പ്രതിഷേധമിരമ്പി
text_fieldsകുമ്പള: ദേശീയപാതയിൽ കുമ്പള ആരിക്കാടി കടവത്ത് നിർമാണത്തിലിരിക്കുന്ന ടോൾ പ്ലാസക്കെതിരെ ആക്ഷൻ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന മാർച്ചിൽ പ്രതിഷേധമിരമ്പി. തിങ്കളാഴ്ച രാവിലെ 12ഓടെയാണ് പ്രതിഷേധ പ്രകടനം നടന്നത്. ദേശീയപാതയിൽ ഒരു ടോൾ പ്ലാസ കഴിഞ്ഞ് 60 കിലോമീറ്റർ അകലെ മാത്രമേ മറ്റൊന്ന് പാടുള്ളൂ എന്ന കേന്ദ്രസർക്കാർ ചട്ടം ലംഘിച്ചുകൊണ്ട് തലപ്പാടി ടോൾ ബൂത്തിൽനിന്ന് കേവലം 22 കിലോമീറ്റർ മാത്രം അകലത്തിൽ കുമ്പളയിൽ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന ടോൾ പ്ലാസക്കെതിരെയാണ് ബഹുജന പ്രതിഷേധം.ടോൾ പ്ലാസ നിർമാണത്തിനെതിരെ ആക്ഷൻ കമ്മിറ്റി ആഭിമുഖ്യത്തിൽ കോടതിയിൽ നൽകിയ പരാതി നിലനിൽക്കെയാണ് എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് അധികൃതർ കുമ്പളയിൽ ടോൾ ബൂത്ത് നിർമാണം തുടരുന്നത്.
ആക്ഷൻ കമ്മിറ്റി ചെയർമാൻ എ.കെ.എം. അഷ്റഫ് എം.എൽ.എ, അഷ്റഫ് കർളെ, സി.എ. സുബൈർ, എ.കെ. ആരിഫ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം. കുമ്പള ടൗണിൽ രാവിലെ 11.30ഓടുകൂടി സംഘടിച്ച നൂറുകണക്കിന് പ്രതിഷേധക്കാർ അണിനിരന്ന വലിയ പ്രകടനം ദേശീയപാതയിലൂടെ ആരിക്കാടി ടോൾ ബൂത്ത് നിർമാണ സ്ഥലത്ത് എത്തുകയായിരുന്നു.
ടോൾ ബൂത്തിന് സമീപത്ത് കനത്ത പൊലീസ് സന്നാഹം പ്രതിഷേധക്കാരെ തടഞ്ഞു. ബാരിക്കേടുകൾ മറികടന്ന് കുതിക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പിന്നീട് ജലപീരങ്കി ഉപയോഗിച്ചാണ് പൊലീസ് നേരിട്ടത്. തുടർന്ന് നേതാക്കളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. മാഹിൻ കേളോട്ട്, അൻവർ ഓസോൺ, ബി.എൻ. മുഹമ്മദലി, ഹയറാസ്, അൻവർ ആരിക്കാടി, മജീദ് പച്ചമ്പള, സെഡ്.എ. കയ്യാർ, അൻവർ സിറ്റി, ലത്തീഫ്, മൊയ്തീൻ ശാന്തിപ്പള്ള, മുനീർ തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പ്രതിഷേധത്തെ തുടർന്ന് അരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.