വെള്ളക്കെട്ട് പ്രശ്നത്തിൽ തീരുമാനമായില്ല; സർവിസ് റോഡുപണിയിൽ അനിശ്ചിതത്വം
text_fieldsഹൈപ്പർ മാർക്കറ്റിന് സമീപം സർവിസ് റോഡിലെ വെള്ളക്കെട്ട്
കാസർകോട്: മൊഗ്രാൽ ഹൈപ്പർ മാർക്കറ്റിന് സമീപമുള്ള ദേശീയപാത സർവിസ് റോഡിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ നടപടിയായില്ല. സർവിസ് റോഡിലെ പ്രവൃത്തിയിലും അനിശ്ചിതത്വം തുടരുന്നു. ജോലിക്കാരുടെ കുറവും വിഷു-ഈസ്റ്റർ അവധിയും പ്രവൃത്തിയെ ബാധിച്ചിരുന്നു.
മഴവെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാത്തതാണ് സർവിസ് റോഡിലെ പ്രശ്നം. വെള്ളം പഞ്ചായത്ത് ടി.വി.എസ് റോഡിലേക്ക് ഒഴുക്കിവിടാമെന്നാണ് നിർമാണ കമ്പനിക്കാർ പറയുന്നത്. എന്നാൽ, നാട്ടുകാർ ഇതിനെ എതിർക്കുന്നുണ്ട്. ടി.വി.എസ് റോഡിൽ ഓവുചാലില്ലാത്തതുമൂലം കാൽനടക്കാർക്ക് ദുരിതമാകുമെന്നാണ് പറയുന്നത്.
മഴക്കാലത്ത് വിവിധ പ്രദേശങ്ങളിൽനിന്ന് കുത്തിയൊലിച്ചുവരുന്ന വെള്ളമാണ് ദേശീയപാത സർവിസ് റോഡിലെ കലുങ്കിലൂടെ ഒഴുകിവരുന്നത്. ഇത്രയും വെള്ളം ഉൾക്കൊള്ളാൻ ദേശീയപാതയിൽ നിർമിക്കുന്ന ഓവുചാലിന് ശേഷിയില്ലെന്നാണ് പറയുന്നത്.
പൈപ്പ് സ്ഥാപിച്ച് പ്രശ്നം പരിഹരിക്കാമോയെന്നത് പഠിച്ചുവരുകയാണെന്ന് കമ്പനി അധികൃതർ പറയുന്നു. അതിനിടെ, മഴക്കാലമായാൽ വെള്ളക്കെട്ടിൽ സർവിസ് റോഡിലൂടെ ഓട്ടോ ഓടിച്ചാലുണ്ടാകുന്ന പ്രയാസം തൊഴിലാളികൾ അധികൃതരെ അറിയിച്ചിട്ടുണ്ട്. മഴക്കുമുമ്പേ പ്രശ്നത്തിന് പരിഹാരം വേണമെന്നാണ് ആവശ്യം.