ഇനി അവർ ചിരിക്കട്ടെ... ജില്ല ഭരണസംവിധാനം ആവിഷ്‌കരിച്ച ‘ഓപറേഷന്‍ സ്‌മൈല്‍’ പുതിയ ഘട്ടത്തിലേക്ക്
text_fieldsകമ്യൂണിക്കോര്‍ പരിശീലന ക്യാമ്പ് അംഗങ്ങള്‍ സംഘാടകര്‍ക്കൊപ്പം
കാസർകോട്: ജില്ലയിലെ കൊറഗവിഭാഗക്കാരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പാക്കുന്നതിനായി ജില്ല ഭരണസംവിധാനം ആവിഷ്‌കരിച്ച ‘ഓപറേഷന്‍ സ്‌മൈല്‍’ പുതിയ ഘട്ടത്തിലേക്ക് . കൊറഗ കുടുംബങ്ങള്‍ വര്‍ഷങ്ങളായി നേരിടുന്ന ഭൂമിസംബന്ധമായ പ്രതിസന്ധികള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കലക്ടര്‍ കെ. ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി ജില്ലയിലെ എല്ലാ പട്ടികവര്‍ഗ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. ജില്ലയിലെ എല്ലാ താലൂക്കുകളിലും പ്രത്യേക അവലോകന യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
പട്ടികവര്‍ഗ വികസനവകുപ്പും റവന്യൂവകുപ്പും സംയുക്തമായാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. 83,867 ആണ് ജില്ലയിലെ ആകെ പട്ടികവര്‍ഗ ജനസംഖ്യ. 981 പേരാണ് ഓപറേഷന്‍ സ്‌മൈല്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലായി 1706ഓളം കൊറഗ വിഭാഗക്കാരാണ് താമസിക്കുന്നത്. ഇതുവരെ 539 കൊറഗ കുടുംബങ്ങളുടെ ഭൂമി സർവേ ചെയ്തുകഴിഞ്ഞു. ഇതില്‍ 155 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിച്ചുനല്‍കി. 158 കുടുംബങ്ങളുടെ കൈവശരേഖയുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പട്ടയത്തിനായി 147 കുടുംബങ്ങള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 17 ഗുണഭോക്താക്കള്‍ക്ക് സര്‍ട്ടിഫൈഡ് കോപ്പികള്‍ ലഭ്യമാക്കി. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലായി 59 കോളനികളിലായി വ്യാപിച്ചുകിടക്കുന്ന 478 ഏക്കര്‍ ഭൂമിയിലാണ് നിലവില്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പാകുന്നതോടെ ഭവനപദ്ധതികള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഈ വിഭാഗങ്ങള്‍ക്ക് തടസ്സമില്ലാതെ ലഭ്യമാകും.
എംപവേര്‍ഡ് കമ്മിറ്റി യോഗം 28ന്
കാസർകോട്: വിവിധ ട്രൈബ്യൂണലുകളിലും ഹൈകോടതിയിലും സുപ്രീംകോടതിയിലും സര്‍ക്കാര്‍ കക്ഷിയായി ഫയല്‍ ചെയ്യപ്പെട്ട കേസുകളുടെ അവലോകനവുമായി ബന്ധപ്പെട്ട് എംപവേര്‍ഡ് കമ്മിറ്റി യോഗം 28ന് വൈകീട്ട് മൂന്നിന് കാസര്‍കോട് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. എല്ലാ വകുപ്പ് തലവന്മാരും അവരവരുടെ അധികാരപരിധിയിലുള്ള കാര്യാലയങ്ങളിലെ ബന്ധപ്പെട്ട കേസുകളുടെ വിവരമടങ്ങുന്ന റിപ്പോര്‍ട്ട് 23ന് മുമ്പ് ഹാജരാക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കാസർകോട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോടുകൂടി ഒരുവര്‍ഷം, ആറു മാസം, മൂന്നുമാസം ദൈർഘ്യമുള്ള ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഇന്റേണ്‍ഷിപ്പോടുകൂടി റെഗുലര്‍ പാർട് ടൈം ബാച്ചുകളിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994926081.
ബ്രിഡ്ജ് കോഴ്സ് പഠന കേന്ദ്രങ്ങൾ
കാസർകോട്: പാഠ്യപദ്ധതിയുമായി പൊരുത്തപ്പെട്ട് പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഉന്നതികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററുകളാണ് ബ്രിഡ്ജ് കോഴ്സ് സെന്‍ററുകൾ. ജില്ലയിലെ ഗോത്രവർഗ മേഖലയിലാകെ 27 സെന്‍ററുകൾ പ്രവർത്തിക്കുന്നു. 972ഓളം കുട്ടികളാണ് ഇതിനെ ആശ്രയിക്കുന്നത്.
ഉന്നതികളിൽ അഭ്യസ്ത വിദ്യരായിട്ടുള്ളവരെ പ്രത്യേക അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്താണ് ക്ലാസ് കൈകാര്യം ചെയ്യുന്നത്. സി.ഡി.എസുകളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സെന്‍ററുകളിൽ ദിവസേന റീഫ്രഷ്മെൻറ്, അധ്യാപകർക്ക് 5000 രൂപ പ്രതിമാസ ഓണറേറിയം നൽകുന്നു. പദ്ധതിയെ കൂടുതൽ ഹൈടെക് ആക്കി സാങ്കേതിക വിദ്യയോടെ കുട്ടികളുടെ നൈപുണി വളർത്തുകയാണ് ലക്ഷ്യം. കൊറഗ മേഖലയിൽ മഞ്ചേശ്വരം, കുമ്പള, മീഞ്ച, വോർക്കാടി, മധൂർ, ബദിയടുക്ക എന്നിവിടങ്ങളിലായി ആറു കേന്ദ്രങ്ങളിലായി 138 കുട്ടികൾക്ക് പരിശീലനം നൽകുന്നു.
ജോറ് മലയാളം സെന്‍ററുകൾ
കാസർകോട്: മഞ്ചേശ്വരം, കാസർകോട് കന്നട മേഖലയിൽ അധിവസിക്കുന്ന കൊറഗ വിഭാഗത്തിന്റെ പ്രാഥമിക ഭാഷയാണ് തുളു. കന്നടയും കൈകാര്യം ചെയ്യുമെങ്കിലും തുളുവിനോടുളള അഭേദ്യമായ ബന്ധം അവരുടെ സംസ്കാരത്തിലും ഇഴുകിച്ചേർന്നിട്ടുണ്ട്. മലയാളത്തെ മാറിനിന്ന് സ്നേഹിക്കാൻ പോലുമറിയാത്ത ഒരുപറ്റം ആളുകൾക്ക് ഔദ്യോഗിക സംവിധാനങ്ങളുടെ അപേക്ഷകൾ, ഓർഡറുകൾ എന്നിവ വായിക്കാനും പൂരിപ്പിക്കാനും വിവരവിനിമയംവരെ സാധ്യമാകാത്ത ദുരവസ്ഥയെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2023ൽ ജില്ല മിഷൻ ജോറ് മലയാളം പദ്ധതിക്ക് തുടക്കംകുറിച്ചത്. പ്രാഥമിക അക്ഷരപഠനം, കുഞ്ഞുകവിതകൾ, കഥകൾ, വാക്യങ്ങൾ തുടങ്ങി വിവിധ ഘട്ടങ്ങളിലായി പഠനം ക്രമീകരിച്ചിട്ടുണ്ട്.
മലയാളം അധ്യാപകർ, റീഫ്രഷ്മെന്‍റ് എന്നിവ ക്രമീകരിച്ച് പ്രതിമാസം നാലു ക്ലാസുകൾക്ക് 3000 രൂപ ഓണറേറിയമാണ് നൽകുന്നത്. 98 കുട്ടികൾ ആശ്രയിക്കുന്ന പദ്ധതിക്ക് തനത് പാഠ്യപദ്ധതി ഒരുക്കി അംഗീകാരം നൽകുന്നതിനുള്ള മുന്നൊരുക്കത്തിലാണ് ജില്ല .കുടുംബശ്രീ മിഷൻ.
ഉന്നതികളിൽനിന്ന് കുട്ടികളെ ഉന്നതങ്ങളിലെത്തിക്കാൻ കുടുംബശ്രീ
കാസർകോട്: ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ ഏറെ പ്രയാസപ്പെട്ടിരുന്ന എന്റെ മോൻ കമ്യൂണിക്കോറിന്റെ ഭാഗമായതോടെ ഇപ്പോ അവന്റെ അഭിപ്രായങ്ങൾ എവിടെ വേണമെങ്കിലും ഇംഗ്ലീഷിൽ അവതരിപ്പിക്കും. ഒരു പേടിയുമില്ലാതെ കുമ്പള ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയായ ഷാഹുൽ ആൽവേസിന്റെ അമ്മ ഷെറിൻ ആൽവേസിന്റെ വാക്കുകളാണിത്.
സ്റ്റേജിൽ കയറാനും ആളുകളുടെ മുന്നിൽ നിൽക്കാനും മോൾക്ക് വല്യ മടിയായിരുന്നു. ഇപ്പോ പാട്ടായാലും ഡാൻസായാലും സ്റ്റേജിൽ അവതരിപ്പിക്കാൻ വല്ലാത്ത കോൺഫിഡൻസാണ്. കമ്യൂണികോർ പരിശീലന ക്യാമ്പ് നൽകിയ ധൈര്യമാണത്. അവളുടെ ഇംഗ്ലീഷ് വൊകാബുലറി ഒരുപാട് മെച്ചപ്പെടുകയും ചെയ്തു -മഞ്ചേശ്വരം ഗവ. സ്കൂളിൽ അഞ്ചാംതരത്തിൽ പഠിക്കുന്ന അൻഷിക ജ്വവലിന്റെ അമ്മ മിഷേൽ പറയുന്നതിങ്ങനെ.
ഇത് കേവലം ഷാഹുലിന്റെയും അൻഷികയുടെയും മാത്രം കഥയല്ല, കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ കൊറഗ പ്രത്യേക പദ്ധതിയിലെ കുട്ടികൾക്ക് നടപ്പാക്കുന്ന കമ്യൂണിക്കോർ പരിശീലന പരിപാടിയിലൂടെ ജീവിതം മാറിയ അമ്പതോളം വിദ്യാർഥികളുടെ കഥയാണിത്. ഭാഷാപഠനത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് ഗോത്രവിഭാഗത്തിനും ഇംഗ്ലീഷ് ഭാഷ പ്രാപ്യമാക്കാനാണ് കമ്യൂണിക്കോർ ക്യാമ്പുകൾ ലക്ഷ്യമിടുന്നത്. കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ഗോത്രവിഭാഗത്തിലെ കുട്ടികളുടെ ഭാഷാവൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനായി 10 ജില്ലയിലാണ് പ്രത്യേക സിലബസ് അനുസരിച്ച് പദ്ധതി നടപ്പാക്കുന്നത്.
പരിശീലനപരിപാടിക്ക് സംസ്ഥാന മിഷൻ ചുമതലപ്പെടുത്തിയ റിസോർസ് പേഴ്സൻമാർ മേൽനോട്ടംവഹിക്കുന്നു. അഭിമുഖം, അഭിസംബോധന, പ്രസംഗം, കഥപറച്ചിൽ, അനുഭവങ്ങൾ പങ്കുവെക്കൽ, ദൃക്സാക്ഷി വിവരണം തുടങ്ങി ഇംഗ്ലീഷ് ഭാഷയെ അനായാസം കൈകാര്യം ചെയ്യുന്നതിനുവേണ്ട രീതിയിലാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ജില്ലയിൽ പരിപാടിയുടെ ഭാഗമായി പ്രതിമാസ സഹവാസ പരിശീലനത്തിൽ മേഖലയിൽനിന്ന് മുടങ്ങാതെ 50 കുട്ടികൾ പങ്കെടുക്കുന്നുണ്ട്.
വേനലവധിക്ക് നാടകം, പ്രസംഗം, അവതരണം എന്നിവയിൽ ചിട്ടയായ പരിശീലനം നൽകി കുട്ടികളെ അന്താരാഷ്ട്രവേദിയിൽ മികവോടെ എത്തിക്കാനും പരിപാടി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി മേയിൽ ട്രൈബൽ കുട്ടികളുടെ അന്താരാഷ്ട്ര ഭാഷാസംഗമം സംഘടിപ്പിക്കാനൊരുങ്ങുകയാണ് കുടുംബശ്രീ അധികൃതർ. ‘കമ്യൂണികോർ’ പരിശീലന പരിപാടിക്ക് പുറമേ ബ്രിഡ്ജ് കോഴ്സ് പഠന കേന്ദ്രങ്ങളും ‘ജോറ് മലയാളം’ സെന്ററുകളും ഉന്നതിയിലെ കുട്ടികളുടെ ഉന്നമനത്തിനായി കുടുംബശ്രീ ആരംഭിച്ചിച്ചുണ്ട്.


