ഓപറേഷൻ തൂഫാൻ; ബദിയടുക്കയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsമുഹമ്മദ് ഹനീഫ
ബദിയടുക്ക: ഓപറേഷൻ തൂഫാന്റെ ഭാഗമായി 30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് ബദിയടുക്കയിൽ പിടിയിലായി. പ്രതിയെ കൂടുതൽ ചോദ്യംചെയ്താൽ ബദിയടുക്കയിലെ മുഴുവൻ കണ്ണികളെയും പിടികൂടാനാകുമെന്ന നിഗമനത്തിലാണ് പൊലീസ്. സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ഓപറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ മയക്കുമരുന്ന് വിരുദ്ധ പരിശോധനകൾ കൂടുതൽ ഊർജിതമാക്കിയിരിക്കെയാണ് ബദിയടുക്ക പൊലീസിന്റെ പ്രത്യേക ഓപറേഷനിൽ 30 ഗ്രാം എം.ഡി.എം.എയുമായി ഇടപാടുകാരൻ അറസ്റ്റിലായത്. പുത്തിഗെ കട്ടത്തടുക്ക എ.കെ.ജി നഗർ സ്വദേശിയായ മുഹമ്മദ് ഹനീഫ യെയാണ്(36) ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.
ജില്ല പൊലീസ് മേധാവി ബി.വി. വിജയഭരത് റെഡ്ഡിയുടെ നിർദേശപ്രകാരമാണ് മയക്കുമരുന്ന് വേട്ട നടന്നത്. ബദിയടുക്ക ഇൻസ്പെക്ടർ അനൂപ് കൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ രൂപേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഞായറാഴ്ച പുലർച്ച 5.30ഓടെ ബദിയടുക്ക- മുള്ളേരിയ റോഡിലെ ബോൾക്കട്ട പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു. ഈ സമയത്ത് മുഹമ്മദ് ഹനീഫ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ഇയാളിൽനിന്ന് 30 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. തുടർന്ന് മയക്കുമരുന്ന് പിടിച്ചെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. എം.ഡി.എം.എ വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി പ്രതിയെ വിശദമായി ചോദ്യംചെയ്ത് വരുകയാണെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രിയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. എന്നാൽ, ചോദ്യംചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ബദിയടുക്ക സ്റ്റേഷനിലെ ഹൗസ് ഓഫിസർ അറിയിച്ചു. പ്രതിയെ പിടികൂടിയ സംഘത്തിൽ എ.എസ്.ഐ സജീവൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, വിജിൽ, ജില്ല പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളായ നിജിൻ കുമാർ, രജീഷ്, അനീഷ്, ഭക്തശെൽവൻ എന്നിവരാണുണ്ടായിരുന്നത്. ജില്ലയിൽ മയക്കുമരുന്ന് ഇടപാടുകളും വിതരണ ശൃംഖലകളും പൂർണമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓപറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി പരിശോധനകളും റെയ്ഡുകളും വ്യാപകമാക്കിയിരിക്കുന്നതെന്ന് പൊലീസ് അധികൃതർ അറിയിച്ചു.


