ഫലസ്തീൻ ഐക്യദാർഢ്യ മൂകാഭിനയം; വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു
text_fieldsകുമ്പള: കുമ്പള: ഫലസ്തീൻ ഐക്യദാർഢ്യ മൂകാഭിനയ അവതരണത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു. കലോത്സവം തടസ്സപ്പെടുത്തിയ അധ്യാപകർക്ക് അനുകൂലമായിട്ടാണ് റിപ്പോർട്ട് എന്നാണ് പറയുന്നത്. അധ്യാപകരോട് ഇതുസംബന്ധിച്ച വിശദീകരണം തേടിയിരുന്നെന്നും പറയുന്നുണ്ട്. ഈ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കുക.
വെള്ളിയാഴ്ചയാണ് കുമ്പള ജി.എച്ച്.എസ്.എസിൽ സ്കൂൾ കലോത്സവത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ മൂകാഭിനയം ഹയർസെക്കൻഡറി വിദ്യാർഥികൾ അവതരിപ്പിച്ചത്. അവസാനം പ്ലക്കാഡ് ഉയർത്തവേയാണ് പൊടുന്നനേ അധ്യാപകർ കർട്ടൻ താഴ്ത്തിയത്. പിന്നീട് ശനിയാഴ്ച നടക്കാനിക്കുന്ന ബാക്കി പരിപാടികൾ പ്രിൻസിപ്പലും ഏതാനും അധ്യാപകരും ചേർന്ന് റദ്ദ് ചെയ്തിരുന്നു.
അതേസമയം, ഇത് വിവാദമായതിനെ തുടർന്ന് തിങ്കളാഴ്ച കലോത്സവം വീണ്ടും നടത്താൻ തീരുമാനിച്ചതായും അധ്യാപകരുടെ ഭാഗത്ത് ഗുരുതരവീഴ്ച സംഭവിച്ചുവെന്നും പി.ടി.എ പ്രസിഡൻറ് എ.കെ. ആരിഫ് ആരോപിച്ചു. കാസർകോട്: ഫലസ്തീൻ കൂട്ടക്കുരുതിക്കെതിരെ ഐക്യദാർഢ്യം നടത്തിയ വിദ്യാർഥികൾക്കെതിരെ വിഭാഗീയ ചിന്താഗതിയോടെ ഇടപെട്ട കുമ്പള സ്കൂൾ അധ്യാപകർ പൊതുസമൂഹത്തിന് അപമാനമാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.
ഇരകളാക്കപ്പെടുന്നവർക്ക് ഒപ്പം നിൽക്കണമെന്ന് പറഞ്ഞു കൊടുക്കേണ്ട അധ്യാപകൻ വിഭാഗീയത പ്രവർത്തനത്തിന് കൂട്ടുനിന്നത് നീതീകരിക്കാൻ പറ്റാത്തതാണെന്നും എസ്.ഡി.പി.ഐ പറഞ്ഞു. നീലേശ്വരം: ഇസ്രായേൽ തുടരുന്ന മനുഷ്യവിരുദ്ധ വംശഹത്യക്കെതിരെ ബങ്കളം മഹല്ല് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും
സംഘടിപ്പിച്ചു. ഐക്യദാർഢ്യറാലി ആലിൻകീഴിൽനിന്ന് തുടങ്ങി ബങ്കളത്ത് സമാപിച്ചു. ബങ്കളം ടൗണിൽ നടന്ന പൊതുസമ്മേളനം മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. റാശിദ് ഹിമമി ബങ്കളം മുഖ്യപ്രഭാഷണം നടത്തി. മടിക്കൈ മേഖല സംയുക്ത ജമാഅത്ത് പ്രസിഡന്റ് ശരീഷ് എൻജിനീയർ കന്നടം അധ്യക്ഷത വഹിച്ചു. പ്രഭാകരൻ, അബ്ദുൽ ഖാദർ ഹാജി, മുഹമ്മദ് കുഞ്ഞി കല്ലായി, ഫൈസൽ പേരോൽ, കുഞ്ഞികൃഷ്ണൻ ബങ്കളം എന്നിവർ സംസാരിച്ചു. ബദരിയ പ്രവാസി കൂട്ടായ്മ സെക്രട്ടറി ഹാഷിം റഹ്മാൻ സ്വാഗതവും ബങ്കളം ജമാഅത്ത് സെക്രട്ടറി കെ.പി. ശരീഫ് നന്ദിയും പറഞ്ഞു.
കാസർകോട്: ഫലസ്തീൻ ജനതക്കുനേരെ നടത്തുന്ന അതിക്രമങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ ജില്ലയിൽ ചൊവ്വാഴ്ച 12 കേന്ദ്രങ്ങളിൽ ‘പ്രതിഷേധത്തെരുവുകൾ’ സംഘടിപ്പിക്കും. ചൊവ്വാഴ്ച ഏഴിന് നടക്കുന്ന പ്രതിഷേധപരിപാടികളിൽ സംഘടനയുടെ സംസ്ഥാന-ജില്ല നേതാക്കൾ പങ്കെടുക്കും. ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രതിഷേധങ്ങളിൽ മുഴുവൻ പ്രവർത്തകരും പൊതുജനങ്ങളും അണിചേരണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി അറിയിച്ചു.
വി. ശിവൻകുട്ടിക്കെതിരെ ശോഭ സുരേന്ദ്രൻ
കാസർകോട്: കുമ്പള ജി.എച്ച്.എസ്.എസിൽ ഫലസ്തീൻ ഐക്യദാർഢ്യ മൂകാഭിനയം അവതരിപ്പിച്ചത് സംബന്ധിച്ച വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി ശോഭ സുരേന്ദ്രൻ. ഇതിൽ കുട്ടികൾ തമ്മിലടിക്കണമെന്നാണോ വിദ്യാഭ്യാസമന്ത്രി ആഗ്രഹിക്കുന്നതെന്നും അവർ ചോദിച്ചു. അധ്യാപകനെ ക്രൂശിക്കാമെന്ന് വി. ശിവൻകുട്ടി വിചാരിക്കേണ്ട. ഇന്ത്യയുടെ വിദേശനയം രാജ്യ താൽപര്യമനുസരിച്ചാണ്. അതിനെ ചോദ്യം ചെയ്യാൻ ഒരു വിദ്യാഭ്യാസ മന്ത്രിക്കും അധികാരമില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. പൗരത്വനിയമത്തിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയ ആളാണ് ശിവൻകുട്ടിയെന്നും അവർ ആരോപിച്ചു.