സമയത്തിന് വിലയില്ല; രക്തം നൽകാൻ കാത്തിരിക്കണം
text_fieldsകാസർകോട്: ‘രക്തദാനം മഹാദാനം’ എന്നുകേട്ട് രക്തം നൽകാൻ കാസർകോട് ജനറൽ ആശുപത്രിയിൽ പോയാൽ കാത്തിരിക്കണം കുറച്ചുസമയം. സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാലത്താണ് വളന്റിയർമാർ കാത്തിരുന്ന് മുഷിയുന്നത്. സമയത്തിന് ഒരു വിലയുമില്ലാതെ കാത്തിരിക്കാൻ പറയുന്നത് വളരെ ബുദ്ധിമുട്ടാണെന്നാണ് രക്തദാനത്തിന് എത്തിയവർ പറയുന്നത്. ചൊവ്വാഴ്ച സന്നദ്ധ രക്തദാനത്തിനും രോഗികൾക്കുവേണ്ടിയും എത്തിയ വളന്റിയർമാർ ജനറൽ ആശുപത്രി രക്തബാങ്കിൽ അരമണിക്കൂറോളം രക്തം ദാനം ചെയ്യാൻ കാത്തിരിക്കേണ്ടിവന്നു എന്നാണ് ആരോപണം.
രക്ത ബാങ്കിൽ 10 പേരാണ് ടെക്നീഷ്യന്മാരായി ജോലിചെയ്യുന്നത്. ഷിഫ്റ്റ് പ്രകാരം 24 മണിക്കൂറും ഇവരുടെ സേവനമുണ്ട്. എന്നാൽ, ആകെയുള്ളത് ഒരു നഴ്സാണ്. ഇവർക്ക് സി.ടി സ്കാനിങ്ങിന്റെ ചുമതലകൂടി ഉള്ളതിനാൽ അവിടെയും പോകേണ്ടിവരുന്നു. ഇങ്ങനെ സി.ടി സ്കാനിങ്ങിന് നിയോഗിച്ച നഴ്സ് പോയതിനാലാണ് രക്തദാനത്തിന് സന്നദ്ധനാണെന്ന ഫോറം പൂരിപ്പിച്ചുനൽകിയിട്ടും അരമണിക്കൂറിലധികം വളന്റിയർമാർക്ക് കാത്തിരിക്കേണ്ടിവന്നത്.
സന്നദ്ധ രക്തദാനത്തിന് വന്നവരെ മുഷിപ്പിച്ച് ഇരുത്തിയാൽ പിന്നീട് ഇവിടെ വന്ന് രക്തം ദാനം ചെയ്യാൻ താൽപര്യമില്ലാതാക്കുമെന്നാണ് വളന്റിയർ പറയുന്നത്. കൂടാതെ, രക്തബാങ്കിലെ ഡോക്ടർ ചൊവ്വാഴ്ച അവധിയായതിനാൽ രക്തദാനത്തിനുള്ള സമ്മത ഫോറം പൂരിപ്പിച്ച് 100 മീറ്റർ അകലെയുള്ള ഒ.പി കൗണ്ടറിൽ പോയി ഡോക്ടറുടെ സാക്ഷ്യപ്പെടുത്തലിന് വിധേയമാക്കേണ്ടിവരുന്നതും സന്നദ്ധ രക്തദാനത്തെ നിരുത്സാഹപ്പെടുത്താൻ കാരണമാകുന്നുണ്ട്.
ഡോക്ടറുടെ സാക്ഷ്യപ്പെടുത്തൽ പ്രധാനമാണെങ്കിലും ബ്ലഡ് ബാങ്കിലുള്ള ഡോക്ടർ ലീവായാൽ ഒ.പിയെ ആശ്രയിക്കേണ്ടിവരുന്നത് വളന്റിയർമാരെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഇതിനുള്ള സജ്ജീകരണം ബ്ലഡ് ബാങ്കിൽതന്നെ ഒരുക്കേണ്ടത് സന്നദ്ധ രക്തദാനത്തിന് വരുന്നവർക്ക് സഹായമായിരിക്കുമെന്നാണ് വളന്റിയർമാർ പറയുന്നത്.
അതേസമയം, ചൊവ്വാഴ്ച ഇരുപത്തഞ്ചോളം പേർ വന്നെന്നും ബ്ലഡ് ബാങ്കിലുള്ള നഴ്സിന് സി.ടി സ്കാനിങ്ങിന്റെ ചുമതലകൂടിയുള്ളതിനാൽ അത് കഴിഞ്ഞാൽ മാത്രമേ ബ്ലഡ് ബാങ്കിന്റെ ചുമതല നിർവഹിക്കാനാകൂവെന്നും ഉള്ളിൽ കയറിയാൽ ഉടനെ രക്തം എടുക്കുന്നതാണെന്നും രക്ത ബാങ്ക് അധികൃതർ ‘മാധ്യമ’ത്തോട് പറഞ്ഞു.