പെരിയ ഇരട്ടക്കൊല: ജനപ്രതിനിധി രാജിവെച്ചാലും അയോഗ്യനാകാം
text_fieldsകാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ പതിനാലാം പ്രതിയായ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. മണികണ്ഠന്റെ രാജി അയോഗ്യതയെ മറികടക്കാനുള്ള രാഷ്ട്രീയ നീക്കം. അതേസമയം, ജനപ്രാതിനിധ്യ നിയമപ്രകാരം ഇത്തരം കേസിൽ രാജിവെച്ചാലും അയോഗ്യനാകാമെന്നാണ് നിയമ വിദഗ്ധർ പറയുന്നത്.
മണികണ്ഠനെ ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കല്യോട്ടെ അഡ്വ. കെ. ബാബുരാജ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന്റെ അന്തിമ ഹിയറിങ് ഈ മാസം 26ന് നടക്കുകയാണ്. 26ന് ഈ കാര്യത്തിൽ അന്തിമ വിധി ഉണ്ടായേക്കാം.
അത് മണികണ്ഠനെ അയോഗ്യനാക്കുന്നതിൽ എത്തിയേക്കാം. കുറ്റകൃത്യങ്ങളിൽ മൂന്നുമാസം തടവിന് ശിക്ഷിച്ചാൽ ജനപ്രതിനിധി അയോഗ്യനാകും. ആറ് വർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. ഇത് മറികടക്കാനാണ് രാജിവെച്ച് ഒഴിയുന്നത്.
എന്നാൽ, രാജിവെച്ചാലും നിയമനടപടി നേരിട്ടേ തീരൂവെന്നാണ് നിയമമെന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് അഡ്വ. ടി. ആസഫലി പറഞ്ഞു. തെരഞ്ഞെടുപ്പ് വിലക്ക് ഒഴിവാക്കാൻ എല്ലാവരും രാജിവെച്ചാൽ മതിയല്ലോ എന്ന് അദ്ദേഹം പറഞ്ഞു.
ശിക്ഷാവിധി വന്നപ്പോൾ ശിക്ഷ സ്റ്റേ ചെയ്യാൻ ആവശ്യപ്പെടാതെ ജയിലിൽ പോക്ക് സ്റ്റേ ചെയ്യാൻ ആവശ്യപ്പെട്ട പ്രതിഭാഗത്തിന്റെ പിഴവാണ് മണികണ്ഠന് വിനയായതെന്നാണ് പറയുന്നത്. ശിക്ഷകൂടി റദ്ദാക്കിയിരുന്നുവെങ്കിൽ രാജി ഒഴിവാക്കാമായിരുന്നുവെന്ന് നിയമവൃത്തങ്ങൾ പറയുന്നു.
കേസിൽ പ്രതികളായ സി.പി.എം നേതാക്കൾ ജില്ല സെക്രട്ടേറിയറ്റംഗം മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, മണികണ്ഠൻ, വെളുത്തോളി രാഘവൻ, കെ.വി. ഭാസ്കരൻ എന്നിവർക്കെതിരെ പ്രതിയെ രക്ഷപ്പെടുത്തിയെന്ന 225ാം വകുപ്പ് പ്രകാരമുള്ള കേസാണുള്ളത്. 24 പ്രതികളിൽ ഇവർക്ക് കൊലക്കുറ്റമില്ല. ഈ വകുപ്പിൽ കൊടുക്കാവുന്ന അഞ്ചുവർഷം തടവാണ് ലഭിച്ചിരിക്കുന്നത്.
ഇവർ ഹൈകോടതിയിൽ നൽകിയ അപ്പീൽ പ്രകാരം ജയിൽ പ്രവേശനമാണ് താൽക്കാലികമായി സ്റ്റേ ചെയ്തത്. അപ്പീൽ പരിഗണിക്കാതെ ജയിലിലേക്ക് അയച്ചാൽ അപ്പീൽ പരിഗണിക്കുന്നത് വൈകും. ശിക്ഷ കാലാവധിയായ അഞ്ചു വർഷത്തേക്കാൾ വലിയ കാലയളവിൽ ജയിലിൽ കഴിയേണ്ടിവരും.
അതുകൊണ്ടാണ് ശിക്ഷ മരവിപ്പിക്കാതെ ജയിൽ പ്രവേശനം വൈകിപ്പിച്ച് കോടതി അപ്പീൽ അനുവദിച്ചത് എന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്. ശിക്ഷ നിലനിൽക്കുന്നുവെന്നതിനാൽ ജനപ്രാതിനിധ്യ നിയമം ബാധകം. രണ്ടാം പ്രതി സജി സി. ജോർജിനെ പൊലിസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടുത്തിയെന്നതാണ് നാലു പേർക്കെതിരെയുള്ള കുറ്റം.