പ്ലസ് വൺ സീറ്റ് കിട്ടി; ക്ലാസ് എങ്ങനെ എടുക്കും?
text_fieldsകാസർകോട്: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ഏറെ മുറവിളികൾക്കൊടുവിൽ സീറ്റ് അനുവദിച്ചു കിട്ടിയെങ്കിലും ക്ലാസ് എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് അധ്യാപകർ. മലബാറിൽ കാസർകോടും മലപ്പുറത്തുമാണ് ഇങ്ങനെ അധിക സീറ്റുകൾ അനുവദിച്ചിരുന്നത്. ഇതിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയൊഴിഞ്ഞെങ്കിലും ഇപ്പോൾ അധ്യാപകരും പി.ടി.എയുമാണ് കുഴങ്ങിയിരിക്കുന്നത്. അധിക സീറ്റ് അനുവദിച്ച പല സ്കൂളിലും സ്ഥലസൗകര്യമില്ലാത്തതാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.
ബുധനാഴ്ച മിക്ക സ്കൂളിലും പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചെങ്കിലും പുതുതായി അനുവദിച്ച സ്കൂളുകളിൽ ചിലതിൽ ക്ലാസ് തുടങ്ങാനായില്ലെന്ന പരാതി ഉയർന്നിരിക്കുകയാണ്. ചില സ്കൂളിൽനിന്ന് അറിയിപ്പ് വന്നതിനുശേഷം ക്ലാസിനെത്തിയാൽ മതിയെന്നും വിദ്യാർഥികളോട് പറഞ്ഞതായും പറയുന്നു. ഇതിൽ കെട്ടിടം നിർമിക്കാനുള്ള സ്ഥലമില്ലാത്ത സ്കൂളുകളുമുണ്ട്. ഷീറ്റിട്ടും മറ്റും മഴക്കാലത്ത് പഠിപ്പിക്കേണ്ട ദുരിതവും അധ്യാപകർ പങ്കുവെക്കുന്നുണ്ട്. ഓഡിറ്റോറിയത്തിലും ലാബുകളിലേക്കും മാറ്റിയാണ് സ്കൂളധികൃതർ ക്ലാസൊരുക്കുന്നത്. കമ്പ്യൂട്ടർ കോഴ്സുകൾക്കൊക്കെ ഷീറ്റുകെട്ടി എങ്ങനെ സൗകര്യമൊരുക്കുമെന്നാണ് അധ്യാപകർ ചോദിക്കുന്നത്. അധിക ബാച്ചിന് സൗകര്യമൊരുക്കാൻ തയാറായ സ്കൂളുകൾ ഉണ്ടെന്നിരിക്കെ സ്ഥലപരിമിതിയില്ലാത്ത സ്കൂളുകളിൽ ബാച്ച് അനുവദിച്ചതിൽ അധ്യാപകർക്കിടയിൽതന്നെ അതൃപ്തിയുണ്ട്.
ഏകജാലക സംവിധാനത്തെ മുഴുവൻ അട്ടിമറിക്കുന്നരീതിയിലാണ് സ്പെഷൽ ഓർഡർ ഇറക്കുന്നതെന്നും ഇടനിലക്കാർവഴി അട്ടിമറിയുണ്ടോയെന്ന് സംശയിക്കുന്നതായും അധ്യാപകർക്കിടയിൽ ആരോപണമുണ്ട്. മലപ്പുറം ജില്ലയിലെ മിക്ക സ്കൂളുകളിലും കാസർകോട്ടും പി.ടി.എയും പ്ലസ് വൺ ചുമതലയുള്ള അധ്യാപകരും ക്ലാസ് സൗകര്യമൊരുക്കാനുള്ള നെട്ടോട്ടത്തിലാണ്.