പൊലീസ് നിർദേശം കാറ്റിൽപറത്തി നീലേശ്വരം മേൽപാലത്തിന് താഴെ പാർക്കിങ്
text_fieldsനീലേശ്വരം റെയിൽവേ സ്റ്റേഷൻ റോഡ് കൈയേറി മേൽപാലത്തിനടിയിലെ അനധികൃത ബൈക്ക് പാർക്കിങ്ങും മുന്നറിയിപ്പ് ബോർഡും
നീലേശ്വരം: നഗരസഭ അധികൃതരുടെയും നീലേശ്വരം ജനമൈത്രി പൊലീസിന്റെയും അറിയിപ്പുകളെ കാറ്റിൽപറത്തി നീലേശ്വരം മേൽപാലത്തിന് താഴെ വാഹനങ്ങളുടെ അനധികൃത പാർക്കിങ്. നൂറുകണക്കിന് ബൈക്കുകളാണ് ദിവസവും മേൽപാലത്തിന് താഴെയും റെയിൽവേ സ്റ്റേഷൻ റോഡിന് ചേർന്നും പാർക്ക് ചെയ്യുന്നത്. രാവിലെ ഏഴിന് പാർക്ക് ചെയ്താൽ വൈകീട്ട് ആറുവരെ ഇവിടെ വാഹനങ്ങൾ കാണാം. പാർക്ക് ചെയ്തതിന്റെ ഇരുഭാഗത്തും റോഡുണ്ടെന്ന് മാത്രമല്ല, റെയിൽവേ സ്റ്റേഷൻ റോഡും കൈയേറിയാണ് മിക്കവാഹനങ്ങളും പാർക്ക് ചെയ്യുന്നത്.
നീലേശ്വരം നഗരസഭയും പൊലീസും ചേർന്ന് വാഹന പാർക്കിങ് നിരോധിച്ചിരുക്കുന്നുവെന്ന നാലു ബോർഡുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ഈ നിയമം ബാധകമല്ലെന്നതരത്തിൽ ബോർഡിന് ചുവട്ടിലാണ് ബൈക്കുകൾ പാർക്ക് ചെയ്യുന്നത്. സ്റ്റേഷനിലേക്ക് പോകുകയും വരുകയും ചെയ്യുന്ന വാഹനങ്ങളും പാർക്കിങ് മൂലം ബുദ്ധിമുട്ടുകയാണ്. മാത്രമല്ല, മേൽപാലത്തിന് താഴെയുള്ള ഓട്ടോ പാർക്കിങ്ങിനും ഇതുമൂലം മതിയായ സ്ഥലം ലഭിക്കുന്നില്ല.
നിരവധി വ്യാപാരസ്ഥാപനങ്ങളുള്ള ഇവിടെ വരുന്ന കസ്റ്റമറുടെ വാഹനം പാർക്ക് ചെയ്യാനും കഴിയാത്ത സ്ഥിതിയാണ്. സമീപത്തെ റെയിൽവേ കാന്റീനിൽ ഭക്ഷണം കഴിക്കാനെത്തുന്നവർക്കും പാർക്കിങ്ങിന് സ്ഥലമില്ല. ഇരുവശത്തുമുള്ള റെയിൽവേ സ്റ്റേഷൻ റോഡിന് മുകളിൽ കൂടി കാൽനടക്കാർ അപകടം മുന്നിൽക്കണ്ട് സഞ്ചരിക്കേണ്ട ഗതികേടിലാണ്. ഇവിടെ ഒരു ഓട്ടോ ടെമ്പോ പാർക്ക് ചെയ്ത് ഉടമ പോയിട്ട് മാസങ്ങൾ കഴിഞ്ഞു. ഇങ്ങനെ റോഡ് കൈയേറിയും പൊലീസ് മുന്നറിയിപ്പ് ബോർഡിനും വില കൽപിക്കാത്ത ബൈക്ക് ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഓട്ടോ ഡ്രൈവർമാരും വ്യാപാരികളും ആവശ്യപ്പെടുന്നു.
ഏക്കർ കണക്കിന് സ്ഥലമുള്ള റെയിൽവേ സ്റ്റേഷൻ പരിസരത്ത് വാഹനം പാർക്ക് ചെയ്താൽ നിശ്ചിത തുക അടക്കേണ്ടി വരുമെന്നതുകൊണ്ടാണ് ഭൂരിഭാഗം പേരും മേൽപാലത്തിനടിഭാഗം പാർക്കിങ് കേന്ദ്രമാക്കി മാറ്റിയത്. മുമ്പ് നീലേശ്വരം പൊലീസ് പാർക്ക് ചെയ്ത നിരവധി വാഹനങ്ങൾക്ക് പിഴചുമത്തിയിരുന്നുവെങ്കിലും ഇപ്പോൾ പരിശോധനയൊന്നും നടക്കുന്നില്ല.