ബദിയടുക്കയിൽ പൊലീസ് മണ്ണുവേട്ട; രാത്രിയും പകലും വ്യാപകമായി കുന്നിടിച്ച് കടത്തുന്നു
text_fieldsപൊലീസ് കസ്റ്റഡിയിലുള്ള മണ്ണുമാന്തി യന്ത്രവും ടിപ്പർ ലോറികളും
ബദിയടുക്ക: ബദിയടുക്ക പൊലീസ് പരിധിയിൽ ചെമ്മണ്ണ് മാഫിയ വർധിച്ചതോടെ പൊലീസ് വേട്ട തുടങ്ങി. ചെമ്മണ്ണ് കടത്തുന്ന ടിപ്പർ ലോറിയും മണ്ണുമാന്തി യന്ത്രവും പിടികൂടി. കഴിഞ്ഞ ദിവസം മാന്യ കൊല്ലങ്കാനയിൽനിന്ന് രണ്ട് ടിപ്പർ ലോറിയും ശനിയാഴ്ച വൈകീട്ട് മാടത്തടുക്കയിൽനിന്ന് ടിപ്പറും മണ്ണുമാന്തി യന്ത്രവുമാണ് പിടികൂടിയത്. ഞായറാഴ്ച രാത്രി ചെർളടുക്ക നെല്ലിക്കട്ട ഭാഗത്തുനിന്നും ടിപ്പർ ലോറി പിടികൂടിയിരുന്നു.
സ്റ്റേഷനിൽനിന്ന് വാഹനം വിട്ടുകിട്ടാൻ പഞ്ചായത്ത് ജനപ്രതിനിധി ഉൾപ്പെടെ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ഇടപെടൽ നടത്തിയെങ്കിലും പൊലീസ് വിട്ടുകൊടുത്തില്ല. ശക്തമായ നടപടിയെടുക്കാനാണ് തീരുമാനം. ജിയോളജി വിഭാഗത്തിന് വിട്ടാൽ ഒറ്റദിവസംകൊണ്ട് പിഴയടച്ച് പിടികൂടിയ വാഹനം വിട്ടുകിട്ടും. എന്നാൽ, കലക്ടർക്ക് വിട്ടാൽ പിഴ ചുമത്തി വിട്ടുകിട്ടാൻ താമസമെടുക്കും. അതിനെ തടയിടാനാണ് മാഫിയ സ്റ്റേഷൻ പരിസരത്ത് ചുറ്റിത്തിരിയുന്നത്. പൊലീസ് കസ്റ്റഡിയിലുള്ള മണ്ണുമാന്തി യന്ത്രവും ടിപ്പറും കൂടുതൽ പിഴ ചുമത്തുന്നതിനെ ഇല്ലാതാക്കാനാണ് ഇവരുടെ ശ്രമം. ടിപ്പറിനകത്തുള്ള മണ്ണ് നീക്കം ചെയ്താൽ പിഴ കുറക്കാനാകും.
മേഖലയിൽ രാത്രിയും പകലും വ്യാപകമായി കുന്നിടിച്ച് കടത്തുകയാണ്. ടിപ്പർ ലോഡിന് 1200 രൂപ വരെ ഈടാക്കിയാണ് വ്യാപാരം. നേരത്തേ വ്യാപകമായി ചെമ്മണ്ണ് കടത്തിയിരുന്നു. എന്നാൽ, നടപടിയുണ്ടാകാതിരുന്നതാണ് മാഫിയ തഴച്ചുവളരാൻ കാരണം. ഇതിനെതിരെ പരാതി ഉയർന്നിരുന്നു. കെട്ടിടനിർമാണത്തിന് ബന്ധപ്പെട്ട വകുപ്പിൽനിന്ന് ആവശ്യത്തിനുള്ള ചെമ്മണ്ണ് എടുക്കുന്നതിന് ഫീസ് അടച്ച് അനുവാദം വാങ്ങാം. അതിനു നിൽക്കാതെ വ്യാപകമായി നിയമലംഘനം നടത്തുകയാണ്.
പൊലീസ് പിടികൂടുന്ന വാഹനം ജിയോളജി അധികൃതർക്കാണ് വിടുന്നത്. റവന്യൂ ഉദ്യേഗസ്ഥർ പിടികൂടിയാൽ വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിൽ താലൂക്ക് വഴി എൽ.എ ഡെപ്യൂട്ടി കലക്ടറാണ് പണമടക്കാൻ ഉത്തരവ് ഇറക്കുന്നത്. ചെമ്മണ്ണ് മാഫിയ സംഘത്തെ പിടികൂടുന്നതിന് ശക്തമായ നടപടി തുടരുമെന്ന് ബദിയടുക്ക എസ്.ഐ ടി. അഗിൽ പറഞ്ഞു.