കുഞ്ഞുങ്ങളുടെ ചിരി വീണ്ടെടുക്കാന്‍ പൊലീസ്; ഡി -ഡാഡും സജ്ജം
text_fieldsചിരി, ഡി-ഡാഡ് സെന്റര്‍
കാസർകോട്: കുഞ്ഞുങ്ങളുടെ പുഞ്ചിരിക്ക് നിറംപകരുകയാണ് കേരള പൊലീസിന്റെ ‘ചിരി’ പദ്ധതി. മഹാമാരിക്കാലത്തെ അടച്ചിടലുകള്‍ കുട്ടികളുടെ ലോകത്തെ നിശ്ശബ്ദമാക്കിയപ്പോള്‍ അവര്‍ക്ക് കരുതലായി കേരള പൊലീസിന്റെ നേതൃത്വത്തിലാണ് ചിരിപദ്ധതി ആവിഷ്കരിച്ചത്. സ്ക്രീനുകളിൽ നിന്നുള്ള മോചനത്തിന് ശാസ്ത്രീയമായ പരിഹാരം കാണുകയാണ് ലക്ഷ്യം.
ലോക് ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവന്ന ആത്മഹത്യാ പ്രവണതയെന്ന യാഥാർഥ്യത്തെ പ്രതിരോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആവിഷ്കരിച്ചതാണിത്.. കുട്ടികളുടെ വൈകാരികവും വ്യക്തിപരവുമായ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് സുരക്ഷിതമായ ബാല്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള പൊലീസ് തിരുവനന്തപുരത്തെ ‘ക്യാപ്’ ഹൗസ് വഴിയാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
കഴിഞ്ഞവര്‍ഷം ജില്ലയില്‍മാത്രം ഇതുവരെ 238 കോളുകളാണ് പദ്ധതിയുടെ ഭാഗമായി രജിസ്ടര്‍ ചെയ്തത്. ഇതില്‍ 65 ഡിസ്ട്രസ്റ്റ് കോളുകളും 24 ഡിജിറ്റല്‍ അഡിക്ഷന് കോളുകളും 11 മെന്റല്‍ സ്ട്രെസ് കോളുകളും പഠനസംബന്ധമായ ഏഴ് കോളുകളും കുടുംബപ്രശ്നങ്ങള്‍ സൂചിപ്പിക്കുന്ന രണ്ട് കോളുകളും തുടര്‍പഠനവുമായി ബന്ധപ്പെട്ട 19 കോളുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എ.എസ്.പി സി.എം. ദേവദാസ് ജില്ല ഓഫിസറായും എസ്.ഐ പി.കെ. രാമകൃഷ്ണന് അസി. ഓഫിസറായും ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.


