ഫലസ്തീൻ പ്രമേയ മൂകാഭിനയം തടഞ്ഞതിൽ പ്രതിഷേധം
text_fieldsസംഭവത്തിൽ, എസ്.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധം, പി.ടി.എ മീറ്റിങ് ഹാളിൽ എം.എസ്.എഫ്
പ്രവർത്തകർ പ്രതിഷേധിക്കുന്നു
കാസർകോട്: കുമ്പള സ്കൂൾ കലോത്സവത്തിനിടെ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ ‘മൈം ഷോ’ തടഞ്ഞ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എ.കെ.എം. അഷ്‌റഫ് എം.എൽ.എ. കേരളവും ഇന്ത്യയുമടക്കം ലോക രാജ്യങ്ങൾ ഫലസ്തീനിൽ നടക്കുന്ന ഇസ്രായേലിന്റെ ക്രൂരതക്കെതിരെ ശബ്ദിക്കുമ്പോൾ കുമ്പള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ നടത്തിയ ‘മൈം ഷോ’ തടഞ്ഞ സംഭവത്തിൽ കുറ്റക്കാരായ അധ്യാപകർക്കെതിരെശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും കത്ത് നൽകി.
വളർന്നുവരുന്ന തലമുറ ക്രൂരതക്കെതിരെ സർഗാത്മകമായി പ്രതികരിക്കുന്നതിനെ പിന്തുണക്കേണ്ടിടത്ത് വിദ്യാർഥികളുടെ മനോവീര്യം തകർക്കുന്നതും ആവിഷ്കാര സ്വാതന്ത്ര്യം തടയുന്നതുമായ നടപടിയാണ് അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായത്. കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഫലസ്തീൻ ജനതയുടെ ദുരിതം വിഷയമാക്കി മൈംഷോ അവതരിപ്പിച്ചതിന്റെ പേരിൽ കലോത്സവം നിർത്തിവച്ച അധ്യാപകരുടെ നിലപാടിനെ എസ്.കെ.എസ്.എസ്.എഫ് അപലപിച്ചു. മാനുഷിക ഐക്യദാർഢ്യം പ്രകടിപ്പിച്ച വിദ്യാർഥികളെ നിരുത്സാഹപ്പെടുത്തുകയും കലാപരിപാടി തടസ്സപ്പെടുത്തുകയും ചെയ്ത അധ്യാപകർക്കതിരെ നടപടിയെടുക്കണമെന്ന് ജില്ല പ്രസിഡൻ്റ് സുബൈർ ദാരിമി പടന്ന, ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര, കുമ്പള മേഖല പ്രസിഡന്റ് റിയാസ് പേരാൽ, ജനറൽ സെക്രട്ടറി ഉനൈസ് അസ്നവി കളത്തൂർ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വിദ്യാർഥികളെ മൂല്യബോധമുള്ളവരായി വളർത്തേണ്ട അധ്യാപകർ തന്നെ, ലോകമെമ്പാടുമുള്ള ജനത പിന്തുണക്കുന്ന ഒരു വിഷയത്തെ വർഗീയ കണ്ണിലൂടെ കണ്ട് പരിപാടി തടസ്സപ്പെടുത്തിയത് ഗുരുതരമായ വീഴ്ചയാണ്. ലോകജനതയുടെ 90 ശതമാനവും ഫലസ്തീന് അനുകൂലമായി നിലപാട് സ്വീകരിക്കുമ്പോൾ സ്കൂളിലെ കുട്ടികളുടെ ഐക്യദാർഢ്യത്തെ തടഞ്ഞ അധ്യാപകരുടെ നടപടി ഒരുനിലക്കും അംഗീകരിക്കാൻ കഴിയില്ല. ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ്. വർഗീയ സ്വഭാവമുള്ളവരും ഇത്തരം ഹീനമായ നിലപാട് സ്വീകരിച്ചവരുമായ അധ്യാപകന്മാരെ വിദ്യാഭ്യാസ വകുപ്പ് ഉടൻ പിരിച്ചുവിടണം.
അല്ലാത്തപക്ഷം പ്രക്ഷോഭത്തെ നേരിടേണ്ടി വരും. ഇത്തരം അധ്യാപകർ ആരോഗ്യകരമായ സാമൂഹികാന്തരീക്ഷത്തിന് ഭീഷണിയാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കുമ്പള: കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കലോത്സവ വേദിയിൽ ഫലസ്തീൻ അനുകൂല മൈം ഷോ നടക്കുമ്പോൾ ചില അധ്യാപകർ തടയുകയും പൊലീസിനെ വിളിച്ച് സ്കൂൾ കോമ്പൗണ്ടിൽ പ്രത്യേക ഭീതി സൃഷ്ടിക്കുകയും ചെയ്ത നടപടി പ്രതിഷേധാർഹമാണെന്നും ഈ അധ്യാപകരെ സസ്പെൻഡ് ചെയ്യണമെന്നും വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇസ്മാഈൽ മൂസ ആവശ്യപ്പെട്ടു.