ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും; പൾസ് പോളിയോ ഇമ്യൂണൈസേഷൻ 12ന്
text_fieldsകാസർകോട്: പൾസ് പോളിയോ ദിനമായ ഒക്ടോബർ 12ന് സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടി സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി അഞ്ചുവയസ്സു വരെയുള്ള കുട്ടികൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി തുള്ളിമരുന്ന് വിതരണം ചെയ്യും.
ജില്ലയിൽ ലക്ഷത്തിലേറെ കുട്ടികൾക്കാണ് പോളിയോ തുള്ളിമരുന്നു നൽകുന്നത്. ഇതിനായി 1200ഓളം ബൂത്തുകൾ സജ്ജീകരിക്കും. 12ന് രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ സംസ്ഥാനത്തെ സ്കൂളുകൾ, അംഗൻവാടികൾ, വായനശാലകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ബൂത്തുകൾ പ്രവർത്തിക്കും. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, അന്തർസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ 13, 14 തീയതികളിലും ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ പ്രവർത്തിക്കും.
12ന് വാക്സിൻ സ്വീകരിക്കാനാകാത്ത കുട്ടികൾക്ക് ഒക്ടോബർ 13, 14 തീയതികളിൽ വളന്റിയർമാർ വീടുകളിൽ സന്ദർശിച്ച് തുള്ളിമരുന്ന് നൽകും. ജില്ല മെഡിക്കൽ ഓഫിസിൽ കൺട്രോൾ റൂം സജ്ജീകരിച്ചു. ജില്ലതല ഇൻറർ സെക്ടറൽ യോഗത്തിൽ എ.ഡി.എം.പി അഖില്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസർ ഡോ. ബി. സന്തോഷ് പരിപാടി വിശദീകരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഷാൻറി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സംബന്ധിച്ചു.