കുമ്പളയിൽ ഇഴജന്തുക്കളുടെ വിളയാട്ടം; അഞ്ച് പെരുമ്പാമ്പുകളെ പിടികൂടി; താൽക്കാലിക ആശ്വാസം
text_fieldsകാസർകോട്: തെരുവുനായ്ക്കളുടെയും പന്നികളുടേയും ശല്യം ജില്ലയിലെ കുമ്പള പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തുടർക്കഥയാവുകയും ഇഴജന്തുക്കളെയും ഭയന്ന് കഴിയുന്നതിനുമിടയിൽ മൊഗ്രാൽ-പേരാലിൽ അഞ്ച് പെരുമ്പാമ്പുകളെ പിടികൂടിയത് താൽക്കാലിക ആശ്വാസമായി. ബസ് സ്റ്റോപ്പിനടുത്തും വിദ്യാർഥികൾ കാൽനടയായി പോകുന്ന ഇടങ്ങളിലുമെല്ലാമുള്ള പാമ്പുകൾ നാട്ടുകാർക്ക് ഭീഷണിയായിരുന്നു.
സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലെ കാടുകളാണ് ഇഴജന്തുക്കളുടെ താവളങ്ങൾ. ഇവിടെനിന്നാണ് ഇഴജന്തുക്കൾ ബസ് സ്റ്റോപ്പിലും റോഡിലേക്കും എത്തിയിരുന്നത്. രാവിലെ സ്കൂളിലേക്കും മദ്റസയിലേക്കും പോകുന്ന വിദ്യാർഥികൾക്ക് ഇത് ഭീഷണിയായിരുന്നു.
പേരാൽ ജി.ജെ.ബി.എസ് സ്കൂൾ മുൻ പി.ടി.എ പ്രസിഡന്റ് മുഹമ്മദ് പേരാൽ ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ പരിശീലനം ലഭിച്ച ആമീൻ സർപ്പ അടുക്കത്ത്ബയലിന്റെ നേതൃത്വത്തിലുള്ള പാമ്പുപിടിത്ത സംഘം പേരാലിൽ എത്തുകയും വലിയ അഞ്ച് പെരുമ്പാമ്പുകളെ പിടികൂടുകയും ചെയ്തതാണ് നാട്ടുകാർക്ക് ആശ്വാസമായത്.


