പാളങ്ങൾ കൂടുന്നു; കുടുംബങ്ങൾ കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ
text_fieldsകുമ്പള: മൂന്ന്, നാല് റെയിൽപാത നിർമിക്കാനുള്ള നടപടികൾക്ക് കേന്ദ്ര മന്ത്രാലയം വേഗം കൂട്ടിയതോടെ സംസ്ഥാനത്ത് റെയിൽപാതക്ക് സമീപത്തെ ജനവാസമേഖലകളിൽ വീണ്ടും കുടിയൊഴിപ്പിക്കലിന് സാധ്യത തെളിഞ്ഞു. ജില്ലയിലും വൻ കുടിയൊഴിപ്പിക്കൻ വേണ്ടിവരും. സംസ്ഥാനത്തെ മൂന്ന്, നാല് റെയിൽപാതകൾക്കുള്ള വിശദ പദ്ധതിരേഖ(ഡി.പി.ആർ) വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികളാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം നടത്തുന്നത്.
ആറുമാസത്തിനകം പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ശ്രമം. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്വകാര്യ ഏജൻസിക്കാണ് ഡി.പി.ആർ തയാറാക്കാനുള്ള കരാർ. 800 കിലോമീറ്ററിലധികമുള്ള മൂന്നും നാലും പാതകൾ നിർമിക്കുന്നതിനുള്ള ഡി.പി.ആര്‍ സർവേ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി നേരത്തെ തന്നെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കേരളത്തിലെ എം.പിമാരുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചിരുന്നതുമാണ്.
മംഗളൂരു-ഷൊർണൂർ, ഷൊർണൂർ-എറണാകുളം, എറണാകുളം- കായംകുളം, കായംകുളം-തിരുവനന്തപുരം എന്നീ മേഖലകളിലാണ് ഇതിനകം സർവേ പൂർത്തീകരിച്ചത്. നേരത്തെ രണ്ടും മൂന്നും പാതകളായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലിരുന്നത്. നാലാംപാത കൂടി വേണമെന്ന ആവശ്യം വന്നതോടെ ഇതിന്റെ ആകാശ സർവേ നടത്തി നാലാംപാതക്ക് വഴിയൊരുക്കുകയായിരുന്നു. നിലവിലുള്ള പാതകളിൽ വളവും തിരിവും ഏറെ ഉള്ളതിനാൽ ട്രെയിനുകളുടെ ശരാശരി വേഗം 50 മുതൽ 55 വരെ നിയന്ത്രിച്ചിട്ടുണ്ട്. ഈ പോരായ്മകൾ പരിഹരിച്ച് കിഴക്കും പടിഞ്ഞാറുമായിട്ടായിരിക്കും പുതിയ പാതകളുടെ നിർമാണം.
കണ്ണൂർ-മംഗളൂരു ഭാഗങ്ങളിൽ കൂടുതലും പടിഞ്ഞാറ് ഭാഗത്തായിരിക്കും പുതിയ റെയിൽപാതകൾ വരുക എന്നാണ് സർവേ വ്യക്തമാക്കുന്നത്. സ്ഥലം വിട്ടുകിട്ടിയാൽ അഞ്ചുവർഷംകൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നാണ് ദക്ഷിണ റെയിൽവേയുടെ കണക്കുകൂട്ടൽ. നാല് പാതക്കുള്ള സ്ഥലം ഒരുമിച്ചായിരിക്കും എടുക്കുക. സ്ഥലം ഏറ്റെടുക്കുന്നതിനായി റെയിൽവേ മന്ത്രാലയം 1.976 കോടി രൂപ ഇതിനകം സംസ്ഥാന സർക്കാറിന് കൈമാറിയതായി റെയിൽവേ മന്ത്രാലയം പറയുന്നുമുണ്ട്. പുതിയ പാതകൾ വരുന്നതോടെ 160 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ ഓടിക്കാനാവുമെന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ.


