മഴക്കെടുതി; ജനം ദുരിതത്തിൽ
text_fieldsമൊഗ്രാൽ കടവത്ത് വെള്ളക്കെട്ടിൽ ഭീഷണിയിലായ വീടുകൾ
കാസർകോട്: മഴക്കെടുതിയിൽ ദുരിതത്തിലായി ജനം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ തുടർച്ചയായുള്ള മഴ കാരണം താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. പല സ്ഥലങ്ങളിലും വീടുകളും ഓഫിസുകളും വെള്ളത്തിനടിയിലാണ്. ജില്ലയിൽ ഇതുവരെ 687.8 മില്ലീമീറ്റർ മഴപെയ്തു.
താഴ്ന്ന പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. കുമ്പള റെയിൽവേ അടിപ്പാത, മൊഗ്രാൽപുത്തൂരിലെ താഴ്ന്ന പ്രദേശങ്ങൾ, ദേശീയപാതക്കരികിലെ പ്രദേശങ്ങൾ, പള്ളഞ്ചി, മധൂർ എന്നിവിടങ്ങളിൽ വ്യാപകമായ നാശമാണുണ്ടായത്. പല വീടുകളും വെള്ളത്തിനടിയിലാണ്. ജില്ല ഭരണസംവിധാനം ജനങ്ങൾക്ക് ജാഗ്രതാനിർദേശം മുഴുദിവസങ്ങളിലും നൽകുന്നുണ്ട്. ജനങ്ങൾ ജാഗ്രതപാലിക്കുന്നതോടൊപ്പം വയോധികരെയും കുഞ്ഞുങ്ങളെയും കാര്യമായി ശ്രദ്ധിക്കണം. അല്ലെങ്കിൽ, മഴക്കെടുതിയിൽ അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ചേക്കാം.
മഴക്കാലമായാൽ ഉണ്ടാകുന്ന സാധാരണ പ്രതിഭാസമായി ഇതിനെ കാണാമെങ്കിലും ചിലത് ഒഴിവാക്കാൻ പറ്റുന്നതായിരുന്നു. പലപ്പോഴും കൊട്ടിഘോഷിച്ച് മഴക്കാല മുന്നൊരുക്കങ്ങൾ നടത്താറുണ്ടായിരുന്നു ഇവിടങ്ങളിലൊക്കെ. ഇപ്രാവശ്യമത് പല സ്ഥലങ്ങളിലും നടത്താനായില്ല. ഓവുചാലുകൾ മണ്ണുനിറഞ്ഞ് വെള്ളം ഒഴുകാനിടമില്ലാതെ നിറഞ്ഞിരിക്കുന്നു.
താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
മൊഗ്രാൽ: ദേശീയപാത നിർമാണസ്ഥലങ്ങളിലെ താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളപ്പൊക്കഭീഷണിയിൽ. സർവിസ് റോഡിൽ അശാസ്ത്രീയമായി കെട്ടിപ്പൊക്കിയ ഓവുചാലുകളിലൂടെ മഴവെള്ളം ഒഴുകാത്തത് വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്. മൊഗ്രാൽ പുഴ നിറഞ്ഞുകവിഞ്ഞതിനാൽ പുഴയിലേക്കും വെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സമായി. മഴ കനത്താൽ പ്രദേശം മുഴുവൻ വെള്ളത്തിൽ മുങ്ങുമെന്ന സ്ഥിതിയാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ജി.വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് സിദ്ദീഖ് റഹ്മാൻ ആവശ്യപ്പെട്ടു.
പെരിയ മൂന്നാംകടവ് കൂവാരയിൽ ഉരുൾപ്പൊട്ടി. കുറ്റിക്കോൽ പാണ്ടി റോഡിൽ കൈവരിയില്ലാത്ത പാലത്തിലുടെ സഞ്ചരിച്ച കാർ ഒഴുക്കിൽപ്പെട്ടു. കാറിലെ യാത്രക്കാരായ രണ്ടുപേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മധൂർ, പട്ട്ള, കൊട്ടോടി എന്നിവടങ്ങളിൽ വ്യാപകമായി വെള്ളം കയറി.
പെർവാഡ് കടലേറ്റം രൂക്ഷം; തീരം ആശങ്കയിൽ
മൊഗ്രാൽ: മഴ ശക്തമായതോടെ പെർവാഡ് കടപ്പുറത്തെ തീരദേശവാസികളുടെ നെഞ്ചിടിപ്പ് കൂടി. ഓരോ കാലവർഷവും അടുത്തെത്തുന്നതോടെ കടലിനെ പേടിച്ചുകഴിയേണ്ട അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തീരദേശ മേഖല. മുൻവർഷങ്ങളിലെ രൂക്ഷമായ കടലാക്രമണങ്ങളെ ചെറുക്കാൻ പ്രദേശത്ത് നിർമിച്ച കടൽഭിത്തികൾക്കൊന്നും കഴിഞ്ഞിരുന്നില്ല. കടൽഭിത്തികളൊക്കെ കടൽതന്നെ കൊണ്ടുപോയി. ശേഷിച്ചവയും ഇപ്പോൾ കടലെടുത്തുകൊണ്ടിരിക്കുന്നു. കഴിഞ്ഞവർഷം കടൽ 200 മീറ്ററുകളോളം കരകവർന്നപ്പോൾ നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. നിരവധി കുടുംബാംഗങ്ങളെ മാറ്റിപ്പാർപ്പിച്ചു. തെങ്ങുകൾ കടപുഴകി.
പ്രദേശത്ത് വൻതോതിലുള്ള നാശം നേരിട്ടു. ചെറിയൊരുഭാഗത്ത് പരീക്ഷണാർഥം ജിയോ ബാഗ് ഉപയോഗിച്ച് കടൽഭിത്തി നിർമിച്ചിട്ടുണ്ടെങ്കിലും രൂക്ഷമായ കടലാക്രമണം ഈ ഭിത്തിക്കും ഭീഷണിയായിട്ടുണ്ട്. കാലവർഷം ശക്തിപ്രാപിച്ചതോടെ പ്രദേശത്ത് കടലേറ്റം രൂക്ഷമായിട്ടുണ്ട്. തിരമാലകൾ കടൽഭിത്തിയും കടന്ന് തീരദേശ റോഡിലേക്കുകൂടി അടിച്ചുതുടങ്ങിയതോടെ പ്രദേശവാസികൾ വലിയ ഭയാശങ്കയിലാണ് കഴിയുന്നത്.
പാലംമുങ്ങി ഗതാഗതം നിലച്ചു
നീലേശ്വരം: ശക്തമായമഴയിൽ തേജസ്വനിപുഴ കവിഞ്ഞ് ഒഴുകിയതോടെ കരിന്തളം പാറക്കോൽ പാലം വെളളത്തിനടിയിലായി. ഇതോടെ തിരദേശ മേഖലയിലെ ഗതാഗതം പൂർണമായും നിലച്ചു. ഇപ്പോഴും വെള്ളം കയറിക്കൊണ്ടിരിക്കുകയാണെന്നും തിരദേശവാസികൾ ജാഗ്രത പാലിക്കണെമെന്നും അധികൃതർ പറയുന്നു.
ഗൂഗ്ൾ മാപ് ചതിച്ചു; കാർ ഒലിച്ചുപോയി
ആദൂര്‍: ഇക്കാലത്ത് പലരും യാത്ര ഗൂഗ്ള്‍ മാപ് നോക്കിയാണ്. എന്നാൽ, അങ്ങനെ യാത്രചെയ്യുമ്പോൾ ചില അപകടങ്ങളും വന്നേക്കാം. ഗൂഗ്ൾ മാപ് നോക്കി യാത്ര ചെയ്യുന്നതിനിടെ കാര്‍ പുഴയിലേക്ക് മറിഞ്ഞു. ഒലിച്ചുപോയ കാര്‍ മരത്തില്‍ തട്ടിയതിനാല്‍ കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 5.30ഓടെ പള്ളഞ്ചി വെള്ളരിക്കയത്താണ് സംഭവം. പള്ളഞ്ചിയിലെ കൈവരിയില്ലാത്ത പാലത്തില്‍നിന്ന് കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. അമ്പലത്തറ ഏഴാംമൈലിലെ അഞ്ചില്ലത്ത് തസ്രീഫ് (36), അമ്പലത്തറ പുല്ലൂര്‍ മുനമ്പത്തിലെ അബ്ദുറഷീദ് (38) എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇരുവരും കര്‍ണാടകയിൽ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പോവുകയായിരുന്നു. ഗൂഗ്ള്‍ മാപ് നോക്കി യാത്ര ചെയ്യുന്നതിനിടെ വെള്ളരിക്കയത്ത് എത്തിയപ്പോള്‍ പുഴവെള്ളം നിറഞ്ഞതിനാല്‍ പാലം ഇവരുടെ ശ്രദ്ധയില്‍പെട്ടില്ല. കൈവരിയില്ലാത്ത ഈ പാലത്തിലേക്ക് കടന്ന കാര്‍ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. കാര്‍ പുഴയിലൂടെ ഒഴുകി ഒരു മരത്തില്‍ തട്ടിനിന്നത് ഇവർക്ക് പിടിവള്ളിയായത്. ഇതോടെ ഇരുവരും കാറില്‍നിന്നിറങ്ങി മരത്തില്‍ പിടിച്ചുനിന്നു. അഗ്നിരക്ഷ സേനയും ആദൂര്‍ പൊലീസുമെത്തി മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തസ്രീഫിനെയും അബ്ദുറഷീദിനെയും കരക്കെത്തിച്ചത്. ഇവിടെ കൈവരി നിര്‍മിക്കണമെന്നത് നാട്ടുകാരുടെ ദീർഘനാളത്തെ ആവശ്യമാണ്.
മലവെള്ളപ്പാച്ചിൽ പലഭാഗങ്ങളും വെള്ളത്തിൽ
കാഞ്ഞങ്ങാട്: തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വ്യാപക നാശം. തീരദേശത്തും മലയോരപ്രദേശത്തും മഴയില്‍ വലിയ നാശമാണുണ്ടായത്. പെരിയ മൂന്നാംകടവ് കൂവരായിൽ സ്ഥലത്ത് മലവെള്ളപ്പാച്ചിലിൽ നാശമുണ്ടായി. രമണി കൂവരായുടെ ഇരുപതോളം കവുങ്ങ്, 10 തെങ്ങ് എന്നിവ നശിച്ചു. ചോയിച്ചിയുടെ കിണർ ഇടിഞ്ഞു. ലീലാമണിയുടെ ഉടമസ്ഥതയിലുള്ള കുളം ഇടിഞ്ഞു. മൂന്നാംകടവ് പുഴയോടുചേർന്ന് 200 മീറ്റർ മുകളിലാണ് അപകടം. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പെരിയ വില്ലേജ് ഓഫിസർ, ഫീൽഡ് അസിസ്റ്റന്റ്, മെഡിക്കൽ ഓഫിസർ, ജൂനിയർ ഹെൽത്ത് നഴ്സ് എന്നിവർ സ്ഥലം സന്ദർശിച്ചു. മരങ്ങള്‍ കടപുഴകിയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചും നഷ്ടങ്ങളുണ്ടായി. പലയിടങ്ങളിലും വൈദ്യുതിത്തൂണുകള്ക്ക് മുകളില്‍ മരംവീണ് വൈദ്യുതിവിതരണം തടസ്സപ്പെട്ടു.
കനത്തമഴയില്‍ പുല്ലൂര്‍ വിഷ്ണുമംഗലം ക്ഷേത്രത്തിലും വെള്ളം കയറിയിട്ടുണ്ട്. മഴയില്‍ ചെര്‍ക്കളക്കും ബേവിഞ്ചക്കുമിടയില് കൊയങ്ങാനത്ത് മണ്ണിടിച്ചിലുണ്ടായി. റോഡിന്റെ ഒരുവശം തകര്‍ന്നനിലയിലാണ്. ഇതോടെ വലിയ വാഹനങ്ങള്‍ക്ക് ദേശീയപാതയിൽ നിയന്ത്രണമേര്‍പ്പെടുത്തി. ദേശീയപാത നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്ന ചെര്‍ക്കളക്കും ചട്ടഞ്ചാലിനുമിടക്ക് മൂന്നിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. മണ്ണിടിച്ചല്‍ തുടരുകയാണെങ്കില്‍ ചെര്‍ക്കള -ചട്ടഞ്ചാല്‍ ദേശീയപാതയിലെ യാത്ര തടസ്സപ്പെട്ടേക്കുമോയെന്ന് ആശങ്കയുണ്ട്. മഴയില്‍ കൊട്ടോടി ടൗണിലും മുസ് ലിം ജമാഅത്ത് പള്ളിയിലും വെള്ളംകയറി.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കൊട്ടോടി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിന് കലക്ടര്‍ വ്യാഴാഴ്ച അവധി നല്കി. റോഡ് വെള്ളത്തിലായതോടെ ഗതാഗതവും തടസ്സപ്പെട്ടു. രാത്രി മുതല്‍ നിര്‍ത്താതെ മലയോരത്ത് ശക്തമായ മഴ തുടരുകയാണ്. കടകളില്‍ വെള്ളം കയറുമെന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. കൊട്ടോടി പുഴയും തോടും കവിഞ്ഞൊഴുകി. വൈദ്യുതി വിതരണം നിലച്ചതോടെ പ്രദേശവാസികള്‍ കടുത്തദുരിതമാണ് നേരിടുന്നത്.
മഴയെ തുടര്‍ന്ന് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. ജലാശയങ്ങളില്‍ നീരൊഴുക്ക് വര്‍ധിച്ചിട്ടുമുണ്ട്. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.
ദേശീയപാത നിര്‍മാണം പുരോഗമിക്കുന്നതുകൊണ്ട് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇത് ഗതാഗത തടസ്സമുണ്ടാക്കുന്നുണ്ട്. മണ്ണിടിച്ചിലുണ്ടാകുന്ന സാഹചര്യത്തില്‍ മലയോര മേഖലയിലുളളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭവും രൂക്ഷമാണ്.
കള്ളാർ പഞ്ചായത്തിൽ രണ്ടിടത്ത് കിണറിടിഞ്ഞു. മുണ്ടോട്ടെ ജയചന്ദ്രൻ, മാലക്കല്ലിലെ കെ.ടി. ജോയി എന്നിവരുടെ കിണറുകളാണ് ഇടിഞ്ഞത്. മാലോത്ത് വള്ളിക്കൊച്ചിയിൽ പാലത്തിൽ വെള്ളം കയറി. പാണത്തൂർ പരിയാരത്ത് റോഡിലേക്ക് മണ്ണിടിഞ്ഞു.
ബസ് സ്റ്റാൻഡും ഓട്ടോ സ്റ്റാൻഡും വെള്ളത്തിൽ
നീലേശ്വരം: നഗരസഭ ബസ് സ്റ്റാൻഡ് അടച്ചിട്ടതിനാൽ ഒരുക്കിയ താൽക്കാലിക ബസ് സ്റ്റാൻഡ് വെള്ളക്കെട്ടിലായി. ദിവസവും വിദ്യാർഥികളടക്കം നൂറുകണക്കിന് യാത്രക്കാരാണ് ഇതുമൂലം ദുരിതത്തിലായത്. യാത്രക്കാർക്ക് ചളിവെള്ളത്തിൽനിന്ന് ബസ് കയറേണ്ട അവസ്ഥയാണ്. ബസ് സ്റ്റാൻഡിന് സമീപത്തെ ഓട്ടോ സ്റ്റാൻഡും കനത്തമഴയിൽ വെള്ളത്തിനടിയിലായി. ഓട്ടോകൾ സ്റ്റാൻഡിൽ പാർക്ക് ചെയ്യാൻ കഴിയാതെ തിരക്കേറിയ രാജാ റോഡിന് അരികിലാണ് പാർക്ക് ചെയ്യുന്നത്. ഇതുമൂലം രാജാ റോഡ് കൂടുതൽ ഗതാഗതക്കുരുക്കിലായി. കാൽനടയും ഇതോടെ ദുസ്സഹമായി. ബസ് സ്റ്റാൻഡിന് പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായാണ് ഇവിടത്തെ ഓട്ടോ സ്റ്റാൻഡ് താൽക്കാലിക ബസ് സ്റ്റാൻഡിന് സമീപം നഗരസഭ ഒരുക്കിക്കൊടുത്തത്. ഇവിടെ കെട്ടിനിൽക്കുന്ന ചളിവെള്ളം കൂടുതൽ അഴുക്കാകുന്നതോടെ പകർച്ചവ്യാധികൾ പടരുന്നതിനിടയാക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. അരികിൽ ചളിയും കുഴഞ്ഞിരിക്കുന്നു. നഗര സിരാകേന്ദ്രമായ രാജാ റോഡിന്റെ അരികിൽ നേരത്തെ നെൽവയലായിരുന്ന സ്ഥലമാണിത്.
അടിപ്പാത നിറഞ്ഞു; യാത്രക്കാർ ആശങ്കയിൽ
മൊഗ്രാൽ: കുമ്പള റെയില്‍വേ അടിപ്പാത മഴവെള്ളത്തിൽ നിറഞ്ഞു. വെള്ളക്കെട്ടുകാരണം നിരവധി വാഹനങ്ങൾ ഇവിടെ കുടുങ്ങി. കാല്‍നടക്കാരും ദുരിതംപേറി നടക്കുന്ന കാഴ്ചയാണ്. ബുധനാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയിലാണ് അടിപ്പാതയില്‍ വെള്ളം നിറഞ്ഞത്.
കുമ്പള ബത്തേരി, കോയിപ്പാടി കടപ്പുറം നിവാസികള്‍ ഇതോടെ ദുരിതത്തിലായി. അടിപ്പാതവഴി വാഹനങ്ങള്‍ക്ക് പോകാന്‍ പറ്റാത്തതിനാല്‍ മൊഗ്രാല്‍ നാങ്കി കടപ്പുറം വഴിയും മൊഗ്രാല്‍ റെയില്‍വേ അടിപ്പാത വഴിയും നടന്നുപോകുന്നവര്‍ പെര്‍വാഡ് റെയില്‍വേ പാലം കടന്നുവേണം കുമ്പളയിലേക്കും മറ്റു സ്ഥലങ്ങളിലേക്കും പോകാന്‍.
സ്കൂളുകളിലേക്കും മറ്റും പോകാന്‍ വിദ്യാര്‍ഥികള്‍ കഷ്ടപ്പെടുകയാണ്. ആറുവര്‍ഷം മുമ്പാണ് അടിപ്പാത നിര്‍മിച്ചത്.
ഇതുവരെയും പ്രശ്നത്തിൽ നടപടി സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.