എൻഡോസൾഫാൻ ബാധിതർക്ക് ‘സഹജീവനം സ്നേഹഗ്രാമം’ ഒരുങ്ങി
text_fieldsമുളിയാറിൽ ഒരുങ്ങുന്ന സഹജീവനം സ്നേഹഗ്രാമം പദ്ധതി
കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്ക് എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലാക്കി സ്നേഹഗ്രാമം രണ്ടാംഘട്ടം ഒരുങ്ങുന്നു. താമസം, ചികിത്സ, വിവിധ തെറപ്പികൾ, ഉപജീവനോപാധി കണ്ടെത്താൻ സഹായം, തൊഴിൽ, നൈപുണ്യ പരിശീലനം എന്നിങ്ങനെ എല്ലാ സേവനങ്ങളും ഉൾക്കൊള്ളുന്ന പുനരധിവാസം ലക്ഷ്യമിട്ട് സാമൂഹികനീതി വകുപ്പിന്റെതാണ് സംരംഭം. പ്ലാന്റേഷന് കോർപറേഷൻ അനുവദിച്ച 25 ഏക്കര്‍ സ്ഥലത്താണ് സ്നേഹഗ്രാമം ഒരുങ്ങുന്നത്. ഭിന്നശേഷി മുൻകൂട്ടി കണ്ടെത്തി പ്രാരംഭ നടപടികളെടുക്കുക, വിവിധ തെറപ്പികൾ നൽകുക, സ്പെഷൽ എജുക്കേറ്റർ, സോഷ്യൽ വർക്കർ എന്നിവരുടെ സേവനം ലഭ്യമാക്കുക,
സ്വന്തമായി തൊഴിൽ കണ്ടെത്താനുള്ള സഹായങ്ങളും തൊഴിൽ, നൈപുണ്യ പരിശീലനവും നൽകുക, ദുരിതബാധിതർക്കും കുടുംബാംഗങ്ങള്‍ക്കും താമസിക്കാനുള്ള റെസ്പൈറ്റ് ഹോമുകൾ നൽകുക എന്നിങ്ങനെ ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ, പുനരധിവാസ മേഖലകളെ ഉൾക്കൊള്ളുന്നതാണ് സ്നേഹഗ്രാമത്തിന്റെ സേവനം. നാലുഘട്ടങ്ങളിലായി പൂർത്തീകരിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ഫെബ്രുവരി 29ന് നിര്‍വഹിച്ചു. രണ്ടാംഘട്ടമാണ് ഒരുങ്ങുന്നത്.
കൺസൽട്ടിങ്, ഹൈഡ്രോതെറപ്പി, ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്കുകളുടെ നിർമാണം ആദ്യഘട്ടത്തില്‍ നടന്നു. രണ്ടാം ഘട്ടം കാസർകോട് വികസന പാക്കേജിൽ ഉള്‍പ്പെടുത്തി വിപുലീകരിക്കും. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ദിവസവും 30ൽ കുറയാത്ത ആളുകൾക്കുള്ള സേവനം സജ്ജമാണെങ്കിലും 40 മുതൽ 55 വരെ ഗുണഭോക്താക്കൾ പ്രതിദിനം പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
219 ഭിന്നശേഷിക്കാരെ ചികിത്സിച്ചു. 195 പേരെ തുടർചികിത്സക്കായി നിർദേശിച്ചു. അതിൽ 153 പേരുടെ തുടർചികിത്സ സ്നേഹഗ്രാമത്തിനുള്ളിൽതന്നെ നൽകി. ഭേദമായ 26 പേരെ ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ 86 പേർ പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. നാലു ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ ദേശീയ നിലവാരമുള്ള പുനരധിവാസ കേന്ദ്രമായി സ്നേഹഗ്രാമം മാറുമെന്ന് ജില്ല സാമൂഹിക നീതി ഓഫിസർ ആര്യ പി. രാജ് പറഞ്ഞു.