ഭിന്നശേഷിക്കാർക്കുള്ള പദ്ധതികൾ: മാനദണ്ഡങ്ങളിൽ ഇളവ്
text_fieldsകാസർകോട്: സാമൂഹികനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന ഭിന്നശേഷിക്കാർക്കുള്ള പദ്ധതികളിൽ ഇളവുവരുത്തി പുതുക്കിയ മനദണ്ഡങ്ങൾ നിലവിൽ. സാമ്പത്തിക പരാധീനതമൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാരായ രക്ഷകർത്താക്കളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതിയായ ‘വിദ്യാകിരണം’ പദ്ധതിയിൽ നിലവിൽ ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പഠനം നടത്തുന്ന രണ്ടു കുട്ടികൾക്കാണ് ധനസഹായം അനുവദിച്ചിരുന്നത്. എന്നാൽ, പുതുക്കിയ മാനദണ്ഡപ്രകാരം ഭിന്നശേഷിക്കാരായ രക്ഷകർത്താക്കളുടെ പഠനം നടത്തുന്ന എല്ലാ കുട്ടികൾക്കും അപേക്ഷിക്കാം.
ഭിന്നശേഷിക്കാരായ അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനുള്ള ധനസഹായ പദ്ധതിയായ ‘മാതൃജ്യോതി’യിൽ ഭിന്നശേഷി ശതമാനം ഏകീകരിച്ച് അറുപത് ശതമാനമോ അതിലധികമോ ഭിന്നശേഷി ഉള്ളവർക്ക് അപേക്ഷിക്കാമെന്നതാണ് മാറ്റിയ മറ്റൊരു നിർദേശം. അടിയന്തരസാഹചര്യം നേരിടേണ്ടിവരുന്ന ഭിന്നശേഷിക്കാർക്ക് ചികിത്സസഹായം നൽകുന്ന പദ്ധതിയായ ‘പരിണയം’ പദ്ധതിയിൽ പുതുക്കിയ മാനദണ്ഡപ്രകാരം ഭിന്നശേഷിയുള്ള പുരുഷൻമാർക്കും വിവാഹസഹായത്തിനായി അപേക്ഷിക്കാവുന്നതാണ്.
ഭർത്താവ് ഉപേക്ഷിച്ചതോ മരിച്ചതോ ആയതും തീവ്ര ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികളെ സംരക്ഷിക്കേണ്ടിവരുന്നതുമായ മാതാവിന്-രക്ഷിതാവിന് സ്വയംതൊഴിൽ ചെയ്യുന്നതിന് ഒറ്റത്തവണ ധനസഹായം നൽകുന്ന പദ്ധതിയാണ് ‘സ്വാശ്രയ’. ഇതിൽ ഭർത്താവിന് ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ കാരണം ജോലിക്ക് പോകാൻ സാധിക്കാത്തതും മറ്റ് വരുമാനമാർഗങ്ങൾ ഇല്ലാത്തതുമായ സാഹചര്യത്തിൽ ഭർത്താവ് നിലവിലുണ്ടെങ്കിലും തീവ്രഭിന്നശേഷിയുള്ളതും വീടിന് വെളിയിൽ പോയി തൊഴിൽ ചെയ്യുന്നതിന് സാധിക്കാത്ത ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാം. പുതുക്കിയ മാനദണ്ഡം നിരവധിപേർക്ക് ആശ്വാസമാകുമെന്നാണ് സാമൂഹികനീതി വകുപ്പ് അധികൃതർ പറയുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04994255074.