കാട്ടാനക്കൊന്നും കാട്ടാനാവില്ല..!
text_fieldsകാസർകോട്: ഇനി കാട്ടാനകളെ പേടിക്കാതെ ജീവിക്കാം കാറഡുക്ക പ്രദേശത്തുകാർക്ക്. വന്യജീവി പ്രതിരോധത്തിനായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ നിർമിച്ച സോളാർ വൈദ്യുതിവേലി സംസ്ഥാനത്തുതന്നെ മാതൃകാപദ്ധതിയാകുന്നു.
കാട്ടാനശല്യം രൂക്ഷമായ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വനാതിർത്തിയോട് ചേർന്നുനിൽക്കുന്ന ദേലമ്പാടി, കാറഡുക്ക, മുളിയാർ, കുറ്റിക്കോൽ, ബേഡഡുക്ക ഗ്രാമപഞ്ചായത്തുകളിൽ നടപ്പാക്കിയ സോളാർ തൂക്കുവേലിയിലൂടെ നാടിന്റെ കാട്ടാനശല്യത്തിനാണ് ശാശ്വത പരിഹാരമാവുക.
സോളാർ തൂക്കുവേലി എട്ടു കിലോമീറ്റർ കൂടി വ്യാപിപ്പിക്കുന്നതിനായി ത്രിതല പഞ്ചായത്ത് വിഹിതമായി 50 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്.വനംവകുപ്പുമായി ചേർന്ന് ത്രിതല പഞ്ചായത്തുകൾ നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ വന്യജീവി പ്രതിരോധപദ്ധതികൂടിയാണിത്. മാതൃകാപദ്ധതിയെന്ന നിലയിൽ 60 ലക്ഷം രൂപ പ്രോത്സാഹന ധനസഹായവും അനുവദിച്ചു.കർണാടക അതിർത്തിയായ മണ്ടക്കോൽ തലപ്പച്ചേരി മുതൽ പുലിപ്പറമ്പ് വരെയുള്ള 29 കിലോമീറ്ററിൽ തൂക്കുവേലി നടപ്പാക്കാനാണ് തീരുമാനിച്ചത്.
ചാമക്കൊച്ചി മുതൽ വെള്ളക്കാന വരെയുള്ള എട്ടു കിലോമീറ്ററിൽ ആദ്യഘട്ടത്തിൽ സ്ഥാപിച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിരോധ മതിലുകള്‍ നിര്‍മിച്ച് വൈദഗ്ധ്യമുള്ള കേരള പൊലീസ് ഹൗസിങ് ആൻഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനായിരുന്നു നിര്‍മാണച്ചുമതല.
രണ്ടര മീറ്റർ ഉയരത്തിൽ ഇരുമ്പുതൂണുകൾ നാട്ടി നെടുകെ ലൈൻ വലിക്കും. ഈ ലൈനിൽനിന്ന് താഴോട്ട് കുറുകെ പയർവള്ളികൾ പോലെ താഴ്ന്നുകിടക്കുന്നതാണ് വേലിയുടെ മാതൃക. തൂക്കുവേലിയുടെ പരിപാലനത്തിനും നിരീക്ഷണത്തിനും അടിക്കാടുകൾ വെട്ടുന്നതിനുമായി എട്ടു താൽക്കാലിക വാച്ചർമാരുമുണ്ട്. കഴിഞ്ഞ 15 വർഷമായി മുളിയാർ, കുറ്റിക്കോൽ, ദേലമ്പാടി, കാറഡുക്ക ഗ്രാമപഞ്ചായത്തുകളിൽ വ്യാപകമായി കാട്ടാനപ്രശ്നം നിലനിന്നിരുന്നു.