കുരച്ചുചാടും, കടിച്ചുകീറും; ആരുണ്ട് ചോദിക്കാൻ
text_fieldsകാസർകോട് മുനിസിപ്പാലിറ്റിക്കു മുന്നിലെ തെരുവുനായ്ക്കൂട്ടം
കാസർകോട്: മഴക്കാലത്ത് ചുരുങ്ങിയകാലം കുറഞ്ഞിരുന്ന തെരുവുനായ് ശല്യം വീണ്ടും തുടങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ കുറെ വർഷങ്ങളായി തുടരുന്നതാണ് തെരുവുനായ്ക്കളുടെ വിളയാട്ടം. ഇതിനെതിരെ പല സന്നദ്ധ സംഘടനകളും പലപ്പോഴും പ്രതിഷേധവുമായി രംഗത്തുവന്നിട്ടും തെരുവുനായ് ശല്യം പൂർവാധികം ശക്തിയിൽ തുടരുന്നതാണ് നഗര-ഗ്രാമപ്രദേശങ്ങളിലെ സ്ഥിരം കാഴ്ച.
നിരവധി പേരെ തെരുവുനായ്ക്കൾ കടിച്ച് പരിക്കേൽപിച്ചത് ദിനംപ്രതി വാർത്ത വന്നിട്ടും ഇതിനെതിരെ നടപടി സ്വീകരിക്കാൻമാത്രം അധികൃതർ മെനക്കെട്ടില്ല എന്നാണ് ജനങ്ങളുടെ ആക്ഷേപം. തെരുവുനായ് കടിച്ചുപരിക്കേൽപിച്ച് ആരെങ്കിലും മരിച്ചാലാണോ തിരിഞ്ഞുനോക്കുക എന്നതാണ് ജനം ചോദിക്കുന്നത്.
കഴിഞ്ഞദിവസം കാസർകോട് നഗരസഭയുടെ മുന്നിൽതന്നെയാണ് തെരുവുനായ്ക്കൾ കൂട്ടമായി വിഹരിച്ചത്. നമ്മളിതെത്ര കണ്ടതാ... എന്നാൽ, നിങ്ങൾ ഞങ്ങളെ തൊടുന്നതൊന്ന് കാണട്ടെ എന്ന മട്ടായിരുന്നു നായ്ക്കൾക്ക്. നടപടി എടുക്കുമെന്ന പതിവുപല്ലവി അധികൃതരുടെ ഭാഗത്തുനിന്ന് വരുന്നുണ്ടെങ്കിലും നടപടിയാകുന്നില്ല എന്നാണ് ജനങ്ങൾക്കുള്ള പരാതി. ഈ തെരുവുനായ്ക്കൾ മാലിന്യം കടിച്ച് റോഡിൽ കൊണ്ടിടുന്നതും മറ്റും പൊതുജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടാണുണ്ടാക്കുന്നത്.
രാവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന കുട്ടികളാണ് ഏറെ പ്രയാസപ്പെടുന്നത്. കൂടാതെ, മഴ ചെറുതായി മാറിയപ്പോൾ പ്രഭാതസവാരിക്കിറങ്ങുന്നവരും ആരാധനാലയങ്ങളിൽ പോകുന്നവരും ദുരതമനുഭവിക്കുന്നുണ്ട്. ഇരുചക്രവാഹന യാത്രക്കാരെ വളഞ്ഞിട്ട് ആക്രമിക്കുന്നതും പതിവാണ്. സർക്കാർ ഓഫിസുകൾ, സ്കൂൾ, മദ്റസകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെത്തുന്നവരും തെരുവുനായ്ക്കളെ പേടിച്ചാണ് സഞ്ചരിക്കേണ്ടിവരുന്നത്. മേഞ്ഞുനടക്കുന്ന കന്നുകാലികൾക്കുനേരെ നായ്ക്കൾ കുരച്ചുചാടുന്നതും ആക്രമിക്കുന്നതും സ്ഥിരംകാഴ്ചയായി മാറി. ജില്ലയിൽ സർക്കാർ സ്ഥാപനങ്ങളിലടക്കം തെരുവുനായ് ശല്യം രൂക്ഷമാകുന്നതായായും ജനങ്ങൾക്ക് പരാതിയുണ്ട്.
ചില സർക്കാർ ഓഫിസുകൾ നായ് വളർത്തൽ കേന്ദ്രവുമായിട്ടുണ്ട്.ദിവസം കൂടുംതോറും പെറ്റുപെരുകി ഓരോ കവലയിലും പത്തിലേറെ നായ്ക്കൂട്ടങ്ങളാണ് തെരുവുകൾ കീഴടക്കുന്നത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ വാഹനങ്ങൾ അപകടത്തിൽപെട്ട് പരിക്കേൽക്കുന്ന സംഭവങ്ങളും കുറവല്ല. തെരുവുനായ് ആക്രമണം തുടരുമ്പോഴും എ.ബി.സി കേന്ദ്രങ്ങൾ ജില്ലയിൽ ആരംഭിക്കാത്തത് ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. തെരുവുനായ് ശല്യത്തിൽനിന്ന് ശാശ്വതപരിഹാരം വേണമെന്ന ആവശ്യമാണുയരുന്നത്.