Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതെരുവ് നായ്...

തെരുവ് നായ് നിയന്ത്രണം; ഉത്തരവുണ്ടെങ്കിലും ദയാവധത്തിന് കടമ്പകളേറെ

text_fields
bookmark_border
തെരുവ് നായ് നിയന്ത്രണം; ഉത്തരവുണ്ടെങ്കിലും ദയാവധത്തിന് കടമ്പകളേറെ
cancel

തൃക്കരിപ്പൂർ: അപകടകാരികളായ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിന് ഉത്തരവുകൾ നിലവിലുണ്ടെങ്കിലും പ്രായോഗിക തലത്തിൽ ഇതിന് കടമ്പകളേറെ. കേരളത്തിൽ തുടർച്ചയായി തെരുവുനായ് ആക്രമണങ്ങളും പേവിഷബാധ മരണങ്ങളും വർധിച്ച സാഹചര്യത്തിൽ ഹൈകോടതിയെ സമീപിച്ചിരുന്നു.

അപകടകാരികളായ തെരുവുനായ്ക്കളെ വേണ്ടിവന്നാൽ കൊല്ലാനുള്ള നിർദേശവും ഉണ്ടായി. വിള നശിപ്പിക്കുന്ന കാട്ടുപന്നികളുടെ കാര്യത്തിൽ സംസ്ഥാനത്ത് ചില തദ്ദേശ സ്ഥാപനങ്ങൾ നേരിട്ട് നടപടി സ്വീകരിക്കുകയും ചെയ്തു. നായ്ക്കളുടെ കാര്യത്തിൽ പ്രജനന നിയന്ത്രണ പരിപാടിയാണ് (എ.ബി.സി റൂൾ 2023) നടപ്പിലാക്കുന്നത്. ജില്ലാപഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

ഫണ്ടിന്റെ അപര്യാപ്തത മൂലം എ.ബി.സി കേന്ദ്രങ്ങൾ ഭാഗികമായോ പൂർണമായോ പ്രവർത്തന രഹിതമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ മുൻകൈയിൽ പ്രാദേശികമായി പേവിഷബാധക്കെതിരെ തെരുവ് നായ്ക്കളിൽ ആന്റി റാബീസ് വാക്സിൻ നൽകുന്ന പദ്ധതിയും നടന്നുവരുന്നുണ്ട്. എ.ബി.സി പദ്ധതി നടപ്പാക്കുമ്പോൾ നായ്ക്കളെ പിടികൂടി പാർപ്പിക്കാൻ ഷെൽട്ടറുകൾ ഉണ്ടാക്കണം. ഒരു നായയെ പിടികൂടി വന്ധ്യംകരിച്ച് മുറിവ് ഉണങ്ങുന്നതുവരെ സംരക്ഷിച്ച് തിരികെ വിടുന്നതിന് വലിയ തുക ചെലവഴിക്കേണ്ടിവരുന്നു. പിടികൂടിയ നായ്ക്കളെ കണ്ടെത്തിയ പ്രദേശത്ത് തന്നെ വിടണമെന്നാണ് മാർഗ നിർദേശം. ഇത് ജനരോഷത്തിന് ഇടയാക്കുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇതിനേക്കാൾ പ്രതിസന്ധി പട്ടി പിടിത്തക്കാരുടെ അഭാവമാണ്.

സംസ്ഥാനത്ത് എംപാനൽ ചെയ്ത തൊഴിലാളികൾ വളരെ കുറവാണ്. പരിശീലനം ലഭിച്ച ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ടിയും വരുന്നു. പേവിഷബാധ സ്ഥിരീകരിച്ചവ, സുഖപ്പെടുത്താനാകാത്ത വിധം മാരക രോഗ ബാധിതരായവ, കഠിനമായി പരിക്കേറ്റവ എന്നിവയെ മാത്രമേ ദയാവധത്തിന് വിധേയമാക്കാൻ നിയമപരമായി അനുവാദമുള്ളൂ. അതിന് തന്നെ വെറ്ററിനറി സർജന്റെ സാക്ഷ്യപത്രം ആവശ്യമാണ്. മൃഗക്ഷേമ ബോർഡിന്റെ മാനദണ്ഡങ്ങളും പാലിക്കണം. അക്രമകാരികളായ എല്ലാ നായ്ക്കളെയും കൊന്നൊടുക്കുക നിയമപരമായി തദ്ദേശ സ്ഥാപനങ്ങൾക്ക് എളുപ്പമല്ലാത്തതിന് ഇതാണ് പ്രധാന കാരണം. തെരുവ് നായ് ശല്യം നിയന്ത്രിക്കാൻ അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക ലഭ്യത, ആവശ്യത്തിന് വിദഗ്ദ്ധ ജീവനക്കാർ, മാലിന്യ സംസ്കരണത്തിലെ കൃത്യത എന്നിവ ഒരേസമയം തദ്ദേശ സ്ഥാപനങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്.

Show Full Article
TAGS:stray dog localnews Kasargod 
News Summary - Why Stray Dog Control Remains Difficult
Next Story