ടാങ്കർ അപകടം; ആശങ്കയൊഴിയുന്നു, പാചകവാതകം മാറ്റാൻ തുടങ്ങി
text_fieldsകാഞ്ഞങ്ങാട്: വ്യാഴാഴ്ച കാഞ്ഞങ്ങാട് സൗത്തിൽ മറിഞ്ഞ പാചകവാതക ടാങ്കർ വെള്ളിയാഴ്ച വൈകീട്ടോടെ നിവർത്തി. തുടർന്ന് രാത്രി ഒമ്പതോടെ വാതകം മറ്റ് ടാങ്കറുകളിലേക്ക് മാറ്റാൻ തുടങ്ങി. മറിഞ്ഞ സ്ഥലത്തുതന്നെ ദേശീയപാതയുടെ സർവിസ് റോഡിൽ നിർത്തിയിട്ട ശേഷമാണ് വാതകം മാറ്റുന്നത്. നാല് ടാങ്കറുകൾ ഇതിനായി എത്തിച്ചു. സംസ്ഥാന സ്കൂൾ കലോത്സവം നടന്ന ഐങ്ങോത്തെ മൈതാനത്ത് ടാങ്കറെത്തിച്ച് വാതകം മാറ്റാമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, അപകടത്തിൽപ്പെട്ട ടാങ്കർ കയറ്റം കയറുന്നത് പ്രശ്നമാകുമെന്ന് കണ്ട് അര കി.മീറ്റർ ദൂരത്തുള്ള ഐങ്ങോത്തേക്ക് കൊണ്ടുപോകാനുള്ള നീക്കം ഉപേക്ഷിച്ചു. പിന്നീട് സർവിസ് റോഡിൽതന്നെ റീഫില്ലിങ് ആരംഭിക്കുകയായിരുന്നു. ഇതു പൂർത്തിയാകാൻ ഒമ്പതു മണിക്കൂർ എടുക്കും.
വൈദ്യുതി ബന്ധം ശനിയാഴ്ച രാവിലെ മാത്രമേ പുനഃസ്ഥാപിക്കൂ. മംഗളുരുവിൽനിന്നെത്തിയ വിദഗ്ധ സംഘത്തെ കൂടാതെ, കാഞ്ഞങ്ങാട്ടെ രണ്ട് യൂനിറ്റും കുറ്റിക്കോൽ, കാസർകോട്, തൃക്കരിപ്പൂർ അഗ്നിരക്ഷാസേന യൂനിറ്റും സഹായത്തിനുണ്ടായിരുന്നു. ടാങ്കർ മറിഞ്ഞ സ്ഥലത്തെത്തി കലക്ടര്‍ കെ. ഇമ്പശേഖർ ആവശ്യമായ നിർദേശങ്ങൾ നൽകി.
കാഞ്ഞങ്ങാട് നഗരസഭ ചെയര്പേഴ്സൻ കെ.വി. സുജാത, എ.ഡി.എം പി. അഖില്‍, ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത്, ഫയര്‍ ഓഫിസര്‍ ദിലീഷ്, ഹോസ്ദുര്‍ഗ് താഹസില്‍ദാർ ജി. സുരേഷ്ബാബു, മറ്റ് റവന്യൂ ഉദ്യോഗസ്ഥർ, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, കെ.എസ്.ഇ.ബി, മോട്ടോര്‍ വെഹിക്കിള്‍, ആരോഗ്യം, എച്ച്.പി.സി.എല്‍ ക്യുക് റെസ്പോണ്‍സ് ടീം എന്നിവരും സ്ഥലത്തെത്തി. രാവിലെ ജാഗ്രതസന്ദേശം നൽകി മൈക്ക് അനൗണ്‍സ്മെൻറ് നടത്തിയിരുന്നു. തളിപ്പറമ്പ് കുപ്പത്തുനിന്ന് എത്തിയ ഖലാസികളാണ് ടാങ്കര്‍ ഉയര്‍ത്താന്‍ ശ്രമിക്കവേ, ലോറിയില്‍ നേരിയതോതിൽ ചോർച്ച കണ്ടെത്തിയത്.
തുടര്‍ന്ന് മംഗളൂരുവിൽനിന്ന് എച്ച്.പി.സി.എല്‍ പ്രത്യേക സംഘം എത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നിലവില്‍ രണ്ട് ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. സംഭവ സ്ഥലത്തിന് ഒരു കി.മീറ്റര്‍ പരിധിയിലുള്ള വീട്ടുകാരെ മുത്തപ്പന്‍കാവ് ഓഡിറ്റോറിയം, ആറങ്ങാടി ജി.എല്‍.പി.എസ് എന്നിവിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്തെ കട കമ്പോളങ്ങള്‍ അടക്കുകയും കെ.എസ്.ഇ.ബി വൈദ്യുതി വിതരണം നിർത്തിവെക്കുകയും ചെയ്തു.
വാൽവ് പൊട്ടി വാതക ചോർച്ച
കാഞ്ഞങ്ങാട്: മറിഞ്ഞ ടാങ്കറിന്റെ വാൽവ് പൊട്ടി വാതക ചോർച്ചയുണ്ടായത് കടുത്ത ആശങ്കയുയർത്തി. ഖലാസികളും അഗ്നിരക്ഷസേനയും ചേർന്ന് ടാങ്കർ ഉയർത്താനുള്ള ശ്രമത്തിനിടെ ക്രെയിനിന്റെ അറ്റം വഴുതി വാൽവിൽ പൊട്ടലുണ്ടായതാണ് ചോർച്ചക്ക് കാരണം. രാവിലെ ഒമ്പതോടെ ടാങ്കറിനെ ഉയർത്താൻ ശ്രമമാരംഭിച്ചിരുന്നു.
ഇതിനിടയിലാണ് വാൽവ് പൊട്ടി ചോർച്ചയുണ്ടായത്. അപ്പോഴേക്കും സമയം ഉച്ചയോടടുത്തിരുന്നു. ഇതോടെ വാഹനം ഉയർത്താനുള്ള ശ്രമം തൽക്കാലത്തേക്ക് ഉപേക്ഷിച്ചു. വിവരം മംഗളൂരുവിലെ ഇന്ധനകമ്പനി അധികൃതരെ അറിയിച്ചപ്പോൾ ഉടൻ വാതകം മറ്റ് ടാങ്കറുകളിലേക്ക് മാറ്റാനായി നിർദേശം ലഭിച്ചു. മംഗളൂരുവിൽനിന്ന് ഇന്ധനം മാറ്റുന്നതിനാവശ്യമായ ഉപകരണങ്ങളും ടാങ്കറുകളും വൈകീട്ട് മൂന്നോടെ സ്ഥലത്തെത്തിച്ചു.
ഇതിനുശേഷം ചോർച്ച അടക്കാൻ ശ്രമം നടത്തിയെങ്കിലും പൂർണമായി അടക്കാനായിരുന്നില്ല. ടാങ്കർ മറിഞ്ഞുകിടക്കുന്നതിനാൽ പാചക വാതകം മാറ്റാനുള്ള ശ്രമം വിഫലമാവുകയായിരുന്നു. വൈകീട്ടോടെയാണ് ടാങ്കർ നിവർത്താനായത്. എതിരെ വന്ന സ്വകാര്യബസിന് വശം നൽകുന്നതിനിടെയാണ് ടാങ്കർ ലോറി റോഡിലെ കുഴിയിൽവീണ് അപകടത്തിൽപെട്ടത്. സംഭവത്തിൽ കെ.എൽ 40 കസിൻസ് ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് പോകുന്ന 18 ടൺ ശേഷിയുള്ള ടാങ്കറാണ് അപകടത്തിൽപെട്ടത്. ചെന്നൈ സ്വദേശിയായ ടാങ്കർ ഡ്രൈവർക്ക് കാലിന് പരിക്കേറ്റു.