Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതലപ്പാടി-ചെങ്കള...

തലപ്പാടി-ചെങ്കള റീച്ച്; മേൽപാലത്തിന് ചുവടെ വിശാലമായ സ്ഥലം, ഉപയോഗപ്പെടുത്താൻ തീരുമാനമായില്ല

text_fields
bookmark_border
തലപ്പാടി-ചെങ്കള റീച്ച്; മേൽപാലത്തിന് ചുവടെ വിശാലമായ സ്ഥലം, ഉപയോഗപ്പെടുത്താൻ തീരുമാനമായില്ല
cancel
camera_alt

വാഹന പാർക്കിങ്ങിൽ ഒതുങ്ങിയ കാസർകോട് ഒറ്റത്തൂൺ പാലത്തിനടിയിലെ വിശാലമായ സ്ഥലം

കാസർകോട്: കേരളത്തിലെ ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്ന 23 റീച്ചുകളിൽ നിർമാണം പൂർത്തീകരിച്ച തലപ്പാടി-ചെങ്കള റീച്ചിന്റെ ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും നഗരത്തിലെ ഒറ്റത്തൂൺ മേൽപ്പാലത്തിന് താഴെയുള്ള വിശാലമായ സ്ഥലം എന്തുചെയ്യുമെന്നതുസംബന്ധിച്ച് തീരുമാനമായില്ല. വാണിജ്യാവശ്യങ്ങൾക്കോ പൊതുജനങ്ങൾക്കോ പ്രയോജനപ്പെടുത്താൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഈ സ്ഥലം ഇപ്പോൾ വാഹന പാർക്കിങ്ങുകൾക്ക് മാത്രമായി ഒതുങ്ങുന്ന കാഴ്ചയാണുള്ളത്.

2026 മാർച്ച് 11നാണ് തലപ്പാടി-ചെങ്കള റീച്ച് 36 കിലോമീറ്റർ ദേശീയപാത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത്. മറ്റുള്ള സ്ഥലങ്ങളിൽ നിർമാണം നടന്നുവരുന്നതേയുള്ളൂ. തലപ്പാടി-ചെങ്കള റീച്ചിന്റെ നിർമാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി ക്കായിരുന്നു.

ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും നഗരഹൃദയത്തിലെ ഒറ്റത്തൂൺ പാലത്തിനടിയിലെ സ്ഥലം ഇതുവരെ ദേശീയപാത അതോറിറ്റി നഗരസഭക്ക് കൈമാറിയിട്ടില്ല. എന്നാൽ പാലത്തിനടിയിലെ വിശാലമായ സ്ഥലം പൊതുജനങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ പദ്ധതികളുണ്ടെന്നാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്. ഇതിനായി ജില്ല ഭരണകൂടവും ഡി.ടി.പി.സിയും ചേർന്ന് വിശദമായ പ്രോജക്റ്റ് പ്ലാൻ തയാറാക്കി ബന്ധപ്പെട്ടവർക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് പറയുന്നു.

കൊൽക്കത്ത, ചെന്നൈ മോഡലിൽ ഇവിടെ വാഹന പാർക്കിങ് സൗകര്യം, ഓപ്പൺ ജിം, ബാഡ്മിന്റൽ കോർട്ട്, കുട്ടികളുടെ പാർക്ക്, ഓപ്പൺ സ്റ്റേജ്, ശൗചാലയം തുടങ്ങിയവ സ്ഥാപിക്കാനാണ് ധാരണയായിട്ടുള്ളത്. ഇത് രാത്രികാലങ്ങളിൽ നഗരത്തെ സജീവമാക്കുമെന്ന് അധികൃതർ വിശ്വസിക്കുന്നുമുണ്ട്. എന്നാൽ ഇതിന് ദേശീയപാത അതോറിറ്റിയുടെ ഔദ്യോഗിക അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഇത് ജനകീയ പദ്ധതികൾക്ക് തടസ്സമാവുന്നുമുണ്ട്.

അതേസമയം വിശാലമായ സ്ഥലം കച്ചവട ആവശ്യങ്ങൾക്ക് പകരം നഗരസഭയുടെയും ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും മേൽനോട്ടത്തിൽ പൊതുജനങ്ങൾക്കുള്ള വിശ്രമ, വിനോദ മേഖലയാക്കിയും പാർക്കിങ് കേന്ദ്രമാക്കിയും മാറ്റാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളതെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. ഇത് നഗരവാസികൾ സ്വാഗതം ചെയ്യുന്നുമുണ്ട്. വൈകുന്നേരങ്ങളിൽ ചെലവഴിക്കാനുള്ള കൊല്ലം മോഡൽ ‘വി-പാർക്ക്’ സൗകര്യമൊരുക്കാൻ ജില്ല ഭരണകൂടവും ടൂറിസംവകുപ്പും ഡി.ടി.പി.സിയും മുൻകൈയെടുക്കണമെന്നാണ് ആവശ്യമുയരുന്നത്.

Show Full Article
TAGS:Thalappadi Chengala flyover flyovers decision Location 
News Summary - Thalappadi-Chengala Flyover Space Unused
Next Story