ജില്ല പൊലീസ് സേനയുടെ വിവിധ പദ്ധതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
text_fieldsകാസർകോട് പൊലീസ് സേനക്കുള്ള കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി
വിജയൻ ഓൺലൈനായി നിർവഹിക്കുന്നു
കാസർകോട്: ജില്ലയിലെ പൊലീസ് സേനയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാനതലത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷതവഹിച്ചു. ജില്ലയില്‍ പുതുതായി നിർമിച്ച മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ട്, അത്യാധുനിക ജിംനേഷ്യം, അപ്പര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സുകള്‍, ലോവര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവയാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്.
ഇതിനുപുറമെ കുമ്പള പൊലീസ് സ്റ്റേഷന്‍, നീലേശ്വരം പൊലീസ് സ്റ്റേഷന്‍ എന്നിവയുടെ പുതിയ മന്ദിരങ്ങള്‍ക്കും ഡോഗ് സ്‌ക്വാഡിനായുള്ള കെ -9 കെനല്‍ കെട്ടിടത്തിനും മുഖ്യമന്ത്രി ശിലാസ്ഥാപനം നിർവഹിച്ചു. തീവണ്ടി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വികസിപ്പിച്ച 'റെയില്‍ മൈത്രി' ആപ്പിന്റെ ലോഞ്ചിങ്ങും നടന്നു.
കേരള പൊലീസ് കൈവരിച്ച നേട്ടങ്ങള്‍ അഭിമാനകരമാണെന്നും ജനങ്ങള്‍ക്ക് സുരക്ഷിതത്വബോധം നല്‍കുന്നതില്‍ സേന വലിയ പങ്കുവഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പൊലീസിന് സാധിച്ചു. ഓരോ പൗരനും നീതി ലഭിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തുന്നുണ്ട്. കേരളത്തിലെ ജനമൈത്രി പൊലീസ് സ്റ്റേഷനുകള്‍ പൊലീസും പൊതുജനങ്ങളും തമ്മിലുള്ള അകലം കുറക്കുകയും സംസ്ഥാനത്തെ നിയമവാഴ്ച സുഗമമാക്കാന്‍ സഹായിക്കുകയും ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷതവഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. എ.കെ.എം. അഷ്‌റഫ് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, കാസര്‍കോട് നഗരസഭ അധ്യക്ഷ ഷാഹിന സലീം, മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ്ഞാനി എസ്. ഷാന്‍ബോഗ്, മധൂര്‍ പഞ്ചായത്ത് അംഗം അനില്‍ കുമാര്‍, സംഘടന പ്രതിനിധികളായ വി. ഉണ്ണികൃഷ്ണന്‍, പി. രവീന്ദ്രന്‍, പി.വി. സുധീഷ് എന്നിവര്‍ സംസാരിച്ചു. ജില്ല പൊലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്ഡി സ്വാഗതവും കാസര്‍കോട് അഡീഷനല്‍ എസ്.പി.സി എം. ദേവദാസന്‍ നന്ദിയും പറഞ്ഞു.


