എൻഡോസൾഫാൻ: ധനസഹായത്തിന് ഇനി കലക്ടർ കനിയണം
text_fieldsകാസർകോട്: എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട 1031 പേരുടെ ഭാവി ഇനി കലക്ടറുടെ കൈകളിൽ. കലക്ടർ കെ. ഇമ്പശേഖർ കനിഞ്ഞാൽ ദുരിതബാധിതർക്ക് ആശ്വാസമാകും.
എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽനിന്ന് ഒഴിവാക്കിയവർക്ക് ധനസഹായം ലഭ്യമാക്കുമെന്ന മന്ത്രിസഭായോഗ തീരുമാനം വലിയ സഹായമായിരിക്കുമെന്ന് പീഡിത ജനകീയ മുന്നണി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണൻ പറഞ്ഞു. അതേസമയം, ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടലിൽ ആശങ്കയുണ്ടെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
2017ൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ പ്രാഥമിക പട്ടികയിലുണ്ടായിരുന്നതും പിന്നീട് ഒഴിവാക്കപ്പെട്ടതുമായവർക്ക് അർഹരായ ധനസഹായം നൽകാനാണ് ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാനം. ഇതിനുള്ള അനുമതി കലക്ടർക്ക് നൽകിയിട്ടുണ്ടെന്നും അറിയുന്നു.
നിരവധി പ്രക്ഷോഭങ്ങൾക്കും സമരങ്ങൾക്കും ശേഷം വിഷയത്തിൽ തീരുമാനമാകാത്തതിനെ തുടർന്ന് ഒക്ടോബർ 16ന് എൻഡോസൾഫാൻ ദുരിതബാധിതർ കാസർകോട് കലക്ടറേറ്റിന് മുന്നിൽ ഉപരോധം നടത്തിയിരുന്നു. 1031 പേരെ പട്ടികയിൽ ഉൾപ്പെടുത്താമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം ഒരുവർഷമായിട്ടും പാലിക്കാത്തതിനെ തുടർന്നായിരുന്നു സമരം നടത്തിയത്.
2024 ജൂലൈ രണ്ടിനാണ് ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ പരിശോധിക്കുമെന്നും അർഹരായവരെ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചത്. ദുരിതബാധിത പട്ടികയിൽ ഉൾപ്പെടുത്തിയാൽ അർഹമായ ആനുകൂല്യങ്ങളും സൗജന്യ ചികിത്സയും പെൻഷനും അഞ്ചുലക്ഷം രൂപയും ലഭിക്കും.


