ചൂട് കൂടുന്നു; ഇനി ‘തണ്ണീർമത്തൻ’ ദിനങ്ങൾ
text_fieldsതണ്ണീർ മത്തൻ വിപണിയിൽ
കാസർകോട്: തട്ടുകടകളിലെ ബത്തക്ക സർബത്തുകള്ക്ക് പിന്നാലെ ഇനി പഴം വിപണിയിൽ ഏറെ ചെലവാകുക തണ്ണിമത്തനുകളാവും. ധനു അവസാനിച്ച് മകരത്തിലേക്ക് കടക്കുമ്പോൾ പൊതുവേ തണുത്ത കാലാവസ്ഥയാണ് ഉണ്ടാകാറെങ്കിലും കാലാവസ്ഥയിൽ വന്ന വ്യതിയാനവും തുലാം, വൃശ്ചിക മാസത്തിൽ ലഭിക്കാതെപോയ മഴയും കാരണം നേരത്തെയുണ്ടായിരുന്ന കാലാവസ്ഥ വിലയിരുത്തലുകളൊക്കെ മാറിമറിഞ്ഞു.
രാവിലെ 10 വരെ ശൈത്യകാലാവസ്ഥ അനുഭവപ്പെടുന്നുണ്ടെങ്കിലും 11ഓടെ നല്ല ചൂട് അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് ദാഹവും കൂടുകയാണ്.
ഇനി തെരുവോരങ്ങളിലൊക്കെ തണ്ണിമത്തൻ ദിനങ്ങളാണ് വരാൻ പോകുന്നത്. അതിന്റെ ലക്ഷണങ്ങൾ വിപണിയിൽ നിന്ന് ലഭ്യമാണ്. വരാനിരിക്കുന്നത് റമദാൻ വിപണിയും. കഴിഞ്ഞയാഴ്ചവരെ കിലോക്ക് 24 രൂപയിൽ വിറ്റിരുന്ന തണ്ണിമത്തന് ഇന്നത്തെ വില 30 രൂപ മുതൽ 40 രൂപവരെയാണ്. ഇനിയും വില കൂടാനാണ് സാധ്യതയെന്ന് ചില്ലറവിൽപനക്കാർ പറയുന്നു.
അവശ്യസാധനങ്ങൾക്കും പഴം-പച്ചക്കറികൾക്കും എന്നും അന്തർ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന കേരളത്തിന് ഇനി മൊത്തവിൽപനക്കാർ പറയുന്നതാണ് വില. ഇതിനായി മൊത്തവിൽപനക്കാർ വില കൂട്ടാൻ തക്കംപാർത്തുനിൽക്കുന്നുമുണ്ട്.
തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് യഥേഷ്ടം തണ്ണിമത്തനെത്തുന്നത്. അഞ്ചുരൂപ കൂട്ടി ചില്ലറവിൽപനക്കാർ വിൽക്കുന്നെന്ന് മാത്രം. ക്രിസ്മസിലും ന്യൂ ഇയറിലും കോഴിക്കാണ് വില കൂട്ടിയതെങ്കിൽ ശബരിമല സീസണിൽ പച്ചക്കറിവില വാനോളമുയർത്തി.
ഇനി റമദാൻ വിപണി ലക്ഷ്യംവെച്ച് പഴവർഗങ്ങൾക്കായിരിക്കും മൊത്തക്കച്ചവടക്കാർ വില കൂട്ടിനൽകുക.


